സെഖര്യാവു 14
14
1അവർ നിന്റെ നടുവിൽവെച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു. 2ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല. 3എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. 4അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്‌വര ഉളവായ്‌വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും. 5എന്നാൽ മലകളുടെ താഴ്‌വര ആസൽവരെ എത്തുന്നതുകൊണ്ടു നിങ്ങൾ എന്റെ മലകളുടെ താഴ്‌വരയിലേക്കു ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും. 6അന്നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിർഗ്ഗോളങ്ങൾ മറഞ്ഞുപോകും. 7യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും. 8#യെഹെസ്കേൽ 47:1; യോഹന്നാൻ 7:38; വെളിപ്പാടു 22:1അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും; 9യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. 10ദേശം മുഴവനും മാറി ഗേബമുതൽ യെരൂശലേമിന്നു തെക്കു രിമ്മോൻവരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻഗോപുരം മുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നേ, ഹനനേൽഗോപുരംമുതൽ രാജാവിന്റെ ചക്കാലകൾവരെയും നിവാസികൾ ഉള്ളതാകും. 11#വെളിപ്പാടു 22:3അവർ അതിൽ പാർക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിർഭയം വസിക്കും. 12യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതു: അവർ നിവിർന്നുനില്ക്കുമ്പോൾ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തിൽ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായിൽ തന്നേ ചീഞ്ഞഴുകിപ്പോകും. 13അന്നാളിൽ യഹോവയാൽ ഒരു മഹാപരാഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും. 14യെഹൂദയും യെരൂശലേമിൽവെച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും. 15അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവർകഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങൾക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും. 16#ലേവ്യപുസ്തകം 23:39-43എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും. 17ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല. 18മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുണ്ടാകും. 19കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകലജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ. 20അന്നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവെക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും. 21യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവെക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.