റോമർ 15
15
1എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം. 2നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.
3 #
സങ്കീർത്തനങ്ങൾ 69:9
“നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു”
എന്നു എഴുതിയിരിക്കുന്നുതുപോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല. 4എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു. 5എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു 6സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ. 7അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. 8പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു 9#2. ശമൂവേൽ 22:50; സങ്കീർത്തനങ്ങൾ 18:49ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
10 #
ആവർത്തനപുസ്തകം 32:43
“അതുകൊണ്ടു ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും”
എന്നു എഴുതിയിരിക്കുന്നവല്ലോ. 11#സങ്കീർത്തനങ്ങൾ 117:1മറ്റൊരേടത്തു:
“ജാതികളേ, അവന്റെ ജനത്തോടു ഒന്നിച്ചു ആനന്ദിപ്പിൻ”
എന്നും പറയുന്നു.
“സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ”
എന്നും പറയുന്നു.
12 #
യെശയ്യാവു 11:10
“യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും”
എന്നു യെശയ്യാവു പറയുന്നു. 13എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ.
14സഹോദരന്മാരേ, നിങ്ങൾ തന്നേ ദയാപൂർണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ചു ഉറെച്ചിരിക്കുന്നു. 15എങ്കിലും ജാതികൾ എന്ന വഴിപാടു പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാൻ ഞാൻ ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു ജാതികളിൽ ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്നു 16ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓർമ്മപ്പെടുത്തുംവണ്ണം ഞാൻ ചിലേടത്തു അതിധൈര്യമായി നിങ്ങൾക്കു എഴുതിയിരിക്കുന്നു. 17ക്രിസ്തുയേശുവിൽ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ടു. 18ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. 19അങ്ങനെ ഞാൻ യെരൂശലേം മുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു. 20ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
21 #
യെശയ്യാവു 52:15
“അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും”
എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാൻ അഭിമാനിക്കുന്നതു.
22 #
റോമർ 1:13
അതുകൊണ്ടു തന്നേ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിന്നു പലപ്പോഴും മുടക്കം വന്നു. 23ഇപ്പോഴോ എനിക്കു ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാൻ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും, 24ഞാൻ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോൾ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു. 25#1. കൊരിന്ത്യർ 16:1-4ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്കു ശുശ്രൂഷ ചെയ്‌വാൻ യെരൂശലേമിലേക്കു യാത്രയാകുന്നു. 26യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ഏതാനും ധർമ്മോപകാരം ചെയ്‌വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്കു ഇഷ്ടം തോന്നി. 27#1. കൊരിന്ത്യർ 9:11അവർക്കു ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവർക്കു കടവും ആകുന്നു; ജാതികൾ അവരുടെ ആത്മികനന്മകളിൽ കൂട്ടാളികൾ ആയെങ്കിൽ ഐഹികനന്മകളിൽ അവർക്കു ശുശ്രൂഷ ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ. 28ഞാൻ അതു നിവർത്തിച്ചു ഈ ഫലം അവർക്കു ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും. 29ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും എന്നു ഞാൻ അറിയുന്നു.
30എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണ്ടതിന്നും യെരൂശലേമിലേക്കു ഞാൻ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാർക്കു 31പ്രസാദമായിത്തീരേണ്ടതിന്നും ഇങ്ങനെ ഞാൻ ദൈവവേഷ്ടത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങൾ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടേണം 32എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 33സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.