മത്തായി 8
8
1അവൻ മലയിൽനിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു. 2അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു, കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു. 3അവൻ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി. 4#ലേവ്യപുസ്തകം 14:1-32യേശു അവനോടു: നോക്കു, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.
5അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു: 6കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു. 7അവൻ അവനോടു: ഞാൻ വന്നു അവനെ സൗഖ്യമാക്കും എന്നു പറഞ്ഞു. 8അതിന്നു ശതാധിപൻ: കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും. 9ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഞാൻ ഒരുവനോടു: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു. 10അതു കേട്ടിട്ടു യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞതു: യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 11#ലൂക്കൊസ് 13:29കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും. 12#മത്തായി 22:13; 25:30; ലൂക്കൊസ് 13:28രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 13പിന്നെ യേശു ശതാധിപനോടു: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൗഖ്യം വന്നു.
14യേശു പത്രോസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. 15അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു.
16വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി. 17#യെശയ്യാവു 53:4അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.
18എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാൻ കല്പിച്ചു. 19അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. 20യേശു അവനോടു: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു. 21ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോടു: കർത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം എന്നുപറഞ്ഞു. 22യേശു അവനോടു: നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു.
23അവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു. 24പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു. 25അവർ അടുത്തുചെന്നു: കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി. 26അവൻ അവരോടു: അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി. 27എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
28അവൻ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടന്നുകൂടാഞ്ഞു. 29അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു. 30അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 31ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു 32പൊയ്ക്കൊൾവിൻ എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു. 33മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു. 34ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടു പോകേണമെന്നു അപേക്ഷിച്ചു.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.