മത്തായി 6
6
1 #
മത്തായി 23:5
മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല.
2 ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 3നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു. 4രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
5 #
ലൂക്കൊസ് 18:10-14
നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 6നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. 7പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു. 8അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
9 നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ:
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
10 നിന്റെ രാജ്യം വരേണമേ;
നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
11 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
12 ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
13 ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
14 #
മർക്കൊസ് 11:25,26 നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. 15നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
16 ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 17നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. 18രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും.
19 #
യാക്കോബ് 5:2,3 പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. 20പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. 21നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും. 22ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും. 23കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ടു എത്ര വലിയതു! 24രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല. 25അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും, എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ? 26ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? 27വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? 28ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. 29#1. രാജാക്കന്മാർ 10:4-7; 2. ദിനവൃത്താന്തം 9:3-6എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 30ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. 31ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. 32ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. 33മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. 34അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.