മത്തായി 19

19
1ഈ വചനങ്ങളെ പറഞ്ഞു തീർന്നിട്ടു യേശു ഗലീല വിട്ടു, 2യോർദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവെച്ചു അവരെ സൗഖ്യമാക്കി.
3പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു. 4#ഉല്പത്തി 1:27; 5:2അതിന്നു അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും 5#ഉല്പത്തി 2:24അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? 6അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു. 7#ആവർത്തനപുസ്തകം 24:1-4; മത്തായി 5:31അവർ അവനോടു: എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു. 8അവൻ അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു. 9#മത്തായി 5:32; 1. കൊരിന്ത്യർ 7:10,11ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. 10ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു. 11അവൻ അവരോടു: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. 12അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.
13അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി. 14യേശുവോ: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ1 തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു. 15അങ്ങനെ അവൻ അവരുടെ മേൽ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി.
16അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു 17അവൻ: എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു. 18#പുറപ്പാടു 20:13; ആവർത്തനപുസ്തകം 5:17; പുറപ്പാടു 20:14; ആവർത്തനപുസ്തകം 5:18; പുറപ്പാടു 20:15; ആവർത്തനപുസ്തകം 5:19; പുറപ്പാടു 20:16; ആവർത്തനപുസ്തകം 5:20ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു; 19#പുറപ്പാടു 20:12; ആവർത്തനപുസ്തകം 5:16; ലേവ്യപുസ്തകം 19:18അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു. 20യൗവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു. 21യേശു അവനോടു: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. 22യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
23യേശു തന്റെ ശിഷ്യന്മാരോടു: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 24ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 25അതുകേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 26യേശു അവരെ നോക്കി: അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു. 27പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു. 28#മത്തായി 25:31; ലൂക്കൊസ് 22:30യേശു അവരോടു പറഞ്ഞതു: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു 29എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. 30#മത്തായി 20:16; ലൂക്കൊസ് 13:30എങ്കിലും മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录