മത്തായി 17
17
1ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി, 2അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീർന്നു. 3മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു. 4അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു. 5#ഉല്പത്തി 22:2; സങ്കീർത്തനങ്ങൾ 2:7; യെശയ്യാവു 42:1; മത്തായി 3:17; 12:18; മർക്കൊസ് 1:11; ലൂക്കൊസ് 3:22; ആവർത്തനപുസ്തകം 18:15; 2. പത്രൊസ് 1:17,18അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി. 6ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു. 7യേശു അടുത്തുചെന്നു അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. 8അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
9അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു എന്നു കല്പിച്ചു. 10#മലാഖി 4:5ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു. 11അതിന്നു അവൻ: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം. 12#മത്തായി 11:14എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു. 13അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.
14അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി: 15കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു. 16ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൗഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു. 17അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു. 18യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൗഖ്യംവന്നു. 19പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു. 20#മത്തായി 21:21; മർക്കൊസ് 11:23; 1. കൊരിന്ത്യർ 13:2അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; 21നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
22അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു. 23അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
24 #
പുറപ്പാടു 30:13; 38:26 അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു. 25അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു. 26യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ. 27എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.