യോഹന്നാൻ 18
18
1ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻതോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു. 2അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു. 3അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു. 4യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. 5നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. 6ഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു. 7നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു. 8ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു. 9നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു. 10ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തുകളഞ്ഞു; ആ ദാസന്നു മല്ക്കൊസ് എന്നു പേർ. 11#മത്തായി 26:39; മർക്കൊസ് 14:36; ലൂക്കൊസ് 22:42യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു.
12പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി 13ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു. 14#യോഹന്നാൻ 11:49,50കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവൻ തന്നേ.
15ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന്നു പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. 16പത്രൊസ് വാതില്ക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന്നു പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തുവന്നു വാതില്കാവല്ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി. 17വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു. 18അന്നു കുളിർ ആകകൊണ്ടു ദാസന്മാരും ചേവകരും കനൽ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടു നിന്നു.
19മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു. 20അതിന്നു യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. 21നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നു എന്നു ഉത്തരം പറഞ്ഞു. 22അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു. 23യേശു അവനോടു: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു. 24ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.
25ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്നു ചിലർ അവനോടു ചോദിച്ചു; അല്ല എന്നു അവൻ മറുത്തുപറഞ്ഞു. 26മഹാപുരോഹിതന്റെ ദാസന്മാരിൽവെച്ചു പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനായ ഒരുത്തൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു. 27പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി.
28പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല. 29പീലാത്തൊസ് അവരുടെ അടുക്കൽ പുറത്തുവന്നു: ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു. 30കുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്നു അവർ അവനോടു ഉത്തരം പറഞ്ഞു. 31പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞതിന്നു യെഹൂദന്മാർ അവനോടു: മരണശിക്ഷെക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ എന്നു പറഞ്ഞു. 32#യോഹന്നാൻ 3:14; 12:32യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
33പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു. 34അതിന്നു ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു. 35പീലാത്തൊസ് അതിന്നു ഉത്തരമായി: ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു: 36എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. 37പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവു തന്നേ; സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു. 38പീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല. 39എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവർ പിന്നെയും: 40ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവർച്ചക്കാരൻ ആയിരുന്നു.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.