ഹബക്കൂൿ 3
3
1വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.
2യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി;
യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ;
ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ;
ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.
3ദൈവം തേമാനിൽനിന്നും
പരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നും വരുന്നു. സേലാ.
അവന്റെ പ്രഭ ആകാശത്തെ മൂടുന്നു;
അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
4സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‌വരുന്നു;
കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു;
അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
5മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു;
ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.
6അവൻ നിന്നു ഭൂമിയെ കുലുക്കുന്നു;
അവൻ നോക്കി ജാതികളെ ചിതറിക്കുന്നു;
ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു;
പുരാതനഗിരികൾ വണങ്ങി വീഴുന്നു;
അവൻ പുരാതനപാതകളിൽ നടക്കുന്നു.
7ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു;
മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറെക്കുന്നു.
8യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ?
നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ?
നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ
നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
9നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു;
വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ.
നീ ഭൂമിയെ നദികളാൽ പിളർക്കുന്നു.
10പർവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു;
വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു;
ആഴി മുഴക്കം പുറപ്പെടുവിക്കുന്നു;
ഉയരത്തിലേക്കു കൈ ഉയർത്തുന്നു.
11നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും
മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും
സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.
12ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു;
കോപത്തോടെ ജാതികളെ മെതിക്കുന്നു.
13നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും
നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു;
നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു,
അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.
14നീ അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു;
എന്നെ ചിതറിക്കേണ്ടതിന്നു അവർ ചുഴലിക്കാറ്റുപോലെ വരുന്നു;
എളിയവനെ മറവിൽവെച്ചു വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.
15നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ,
പെരുവെള്ളക്കൂട്ടത്തിൽ തന്നേ, നടകൊള്ളുന്നു.
16ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി,
മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു;
അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ
കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു
എന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി,
ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി.
17അത്തിവൃക്ഷം തളിർക്കയില്ല;
മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല;
ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും;
നിലങ്ങൾ ആഹാരം വിളയിക്കയില്ല;
ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും;
ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
18എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;
എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
19 #
2. ശമൂവേൽ 22:34; സങ്കീർത്തനങ്ങൾ 18:33 യഹോവയായ കർത്താവു എന്റെ ബലം ആകുന്നു;
അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു;
ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.
സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.