ഉല്പത്തി 50

50
1അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞു അവനെ ചുംബിച്ചു. 2പിന്നെ തന്റെ അപ്പന്നു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു. 3അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്ര ദിവസം വേണ്ടിവരും. മിസ്രയീമ്യർ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു.
4അവന്നായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ ഗൃഹക്കാരോടു സംസാരിച്ചു: നിങ്ങൾക്കു എന്നോടു ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോടു: 5#ഉല്പത്തി 47:29-31എന്റെ അപ്പൻ: ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ അടക്കി മടങ്ങിവരുവാൻ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണർത്തിപ്പിൻ എന്നു പറഞ്ഞു. 6നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോൻ കല്പിച്ചു. 7അങ്ങനെ യോസേഫ് അപ്പനെ അടക്കുവാൻ പൊയി; ഫറവോന്റെ ഭൃത്യന്മാരും കോവിലധികാരികളും 8മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചുപോയി. 9രഥങ്ങളും കുതിരയാളുകളും അവനോടുകൂടെ പോയി; അതു എത്രയും വലിയ കൂട്ടമായിരുന്നു. 10അവർ യോർദ്ദാന്നക്കരെയുള്ള ഗോരെൻ-ആതാദിൽ എത്തിയപ്പോൾ അവിടെവെച്ചു എത്രയും ഗൗരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു. 11ദേശനിവാസികളായ കനാന്യർ ഗോരെൻ-ആതാദിലെ വിലാപം കണ്ടിട്ടു: ഇതു മിസ്രയീമ്യരുടെ മഹാവിലാപം എന്നു പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ആബേൽ-മിസ്രയീം എന്നു പേരായി; അതു യോർദ്ദാന്നക്കരെ ആകുന്നു. 12അവൻ കല്പിച്ചിരുന്നതുപോലെ പുത്രന്മാർ അവന്നു ചെയ്തു. 13#അപ്പൊ. പ്രവൃത്തികൾ 7:16അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കംചെയ്തു.
14യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരനും അവന്റെ അപ്പനെ അടക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്കു മടങ്ങിപ്പോന്നു. 15അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ടു: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു. 16അവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: അപ്പൻ മരിക്കും മുമ്പെ: നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിൻ എന്നു കല്പിച്ചിരിക്കുന്നു. 17ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു. 18അവന്റെ സഹോദരന്മാർ ചെന്നു അവന്റെ മുമ്പാകെ വീണു: ഇതാ, ഞങ്ങൾ നിനക്കു അടിമകൾ എന്നു പറഞ്ഞു. 19യോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ? 20നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു. 21ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
22യോസേഫും അവന്റെ പിതൃഭവനവും മിസ്രയീമിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു. 23എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു. 24അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. 25#പുറപ്പാടു 13:19; യോശുവ 24:32; എബ്രായർ 11:22ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു. 26യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന്നു സുഗന്ധവർഗ്ഗം ഇട്ടു അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录