ഉല്പത്തി 49
49
1അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതു: കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും.
2യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾപ്പിൻ;
നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ!
3രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും
ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും
ബലത്തിന്റെ വൈശിഷ്ട്യവും തന്നേ.
4വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല;
നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി;
എന്റെ ശയ്യമേൽ അവൻ കയറിയല്ലോ.
5ശിമയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ.
6എൻ ഉള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ;
എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ;
തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു;
തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടെച്ചു.
7അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു;
ഞാൻ അവരെ യാക്കോബിൽ പകുക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും.
8യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും;
നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും;
അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും.
9 #
സംഖ്യാപുസ്തകം 24:9; വെളിപ്പാടു 5:5 യഹൂദാ ഒരു ബാലസിംഹം;
മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു;
അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും?
10അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും
രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല;
ജാതികളുടെ അനുസരണം അവനോടു ആകും.
11അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും
വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു;
അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നു.
12അവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ലു പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.
13സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാർക്കും;
അവന്റെ പാർശ്വം സീദോൻ വരെ ആകും.
14യിസ്സാഖാർ അസ്ഥിബലമുള്ള കഴുത; അവൻ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു. 15വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു,
അവൻ ചുമടിന്നു ചുമൽ കൊടുത്തു ഊഴിയത്തിന്നു ദാസനായ്തീർന്നു.
16ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ
സ്വജനത്തിന്നു ന്യായപാലനം ചെയ്യും.
17ദാൻ വഴിയിൽ ഒരു പാമ്പും
പാതയിൽ ഒരു സർപ്പവും ആകുന്നു;
അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും.
18യഹോവേ, ഞാൻ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു.
19ഗാദോ കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും.
20ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു;
അവൻ രാജകീയസ്വാദുഭോജനം നല്കും.
21നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ;
അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു.
22യോസേഫ് ഫലപ്രദമായോരു വൃക്ഷം,
നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ;
അതിന്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു.
23വില്ലാളികൾ അവനെ വിഷമിപ്പിച്ചു;
അവർ എയ്തു,
അവനോടു പൊരുതു.
24അവന്റെ വില്ലു ഉറപ്പോടെ നിന്നു;
അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടു;
യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നേ.
25നിൻ പിതാവിന്റെ ദൈവത്താൽ - അവൻ നിന്നെ സഹായിക്കും
- സർവ്വശക്തനാൽ തന്നേ - അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും
താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും
മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.
26നിൻ പിതാവിന്റെ അനുഗ്രഹങ്ങൾ
എൻ ജനകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ
ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു.
അവ യോസേഫിന്റെ തലയിലും
തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും.
27ബെന്യാമീൻ കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവൻ കവർച്ച പങ്കിടും. 28യിസ്രായെൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവു അവരോടു പറഞ്ഞതു ഇതു തന്നേ; അവൻ അവരിൽ ഓരോരുത്തന്നു അവനവന്റെ അനുഗ്രഹം കൊടുത്തു അവരെ അനുഗ്രഹിച്ചു. 29അവൻ അവരോടു ആജ്ഞാപിച്ചു പറഞ്ഞതു: ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ നിങ്ങൾ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം. 30#ഉല്പത്തി 23:3-20കനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നേ. 31#ഉല്പത്തി 25:9,10; ഉല്പത്തി 35:29അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കയെയും അടക്കി; അവിടെ ഞാൻ ലേയയെയും അടക്കി. 32ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു. 33#അപ്പൊ. പ്രവൃത്തികൾ 7:15യാക്കോബ് തന്റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വെച്ചിട്ടു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേർന്നു.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.