ഉല്പത്തി 16

16
1അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു. 2സാറായി അബ്രാമിനോടു: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു. 3അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു. 4അവൻ ഹാഗാരിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി. 5അപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. 6അബ്രാം സാറായിയോടു: നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഓടിപ്പോയി. 7പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ, അവളെ കണ്ടു. 8സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു. 9യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. 10യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. 11നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം; 12അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു. 13എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു. 14അതുകൊണ്ടു ആ കിണറ്റിന്നു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു. 15#ഗലാത്യർ 4:22പിന്നെ ഹാഗാർ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേൽ എന്നു പേരിട്ടു. 16ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录