ആമോസ് 3

3
1യിസ്രായേൽമക്കളേ, നിങ്ങളെക്കുറിച്ചും ഞാൻ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച സർവ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേൾപ്പിൻ! 2ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളിൽ സന്ദർശിക്കും. 3രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? 4ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്നു ഒച്ച പുറപ്പെടുവിക്കുമോ? 5കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയിൽ അകപ്പെടുമോ? ഒന്നും പിടിപെടാതെ കണി നിലത്തുനിന്നു പൊങ്ങുമോ? 6നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ? 7യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല. 8സിംഹം ഗർജ്ജിച്ചിരിക്കുന്നു; ആർ ഭയപ്പെടാതിരിക്കും? യഹോവയായ കർത്താവു അരുളിച്ചെയ്തിരിക്കുന്നു; ആർ പ്രവചിക്കാതിരിക്കും? 9ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാകലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ എന്നു അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിൻ! 10തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവെക്കുന്നവർ ന്യായം പ്രവർത്തിപ്പാൻ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു. 11അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശത്തിന്നു ചുറ്റും ഒരു വൈരി ഉണ്ടാകും; അവൻ നിന്റെ ഉറപ്പു നിങ്കൽനിന്നു താഴ്ത്തിക്കളയും; നിന്റെ അരമനകൾ കൊള്ളയായിതീരും. 12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു ഇടയൻ രണ്ടു കാലോ ഒരു കാതോ സിംഹത്തിന്റെ വായിൽനിന്നു വലിച്ചെടുക്കുന്നതുപോലെ ശമര്യയിൽ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേൽമക്കൾ വിടുവിക്കപ്പെടും. 13നിങ്ങൾ കേട്ടു യാക്കോബ് ഗൃഹത്തോടു സാക്ഷീകരിപ്പിൻ എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയായ കർത്താവിന്റെ അരുളപ്പാടു. 14#2. രാജാക്കന്മാർ 23:15ഞാൻ യിസ്രായേലിന്റെ അതിക്രമങ്ങൾനിമിത്തം അവനെ സന്ദർശിക്കുന്ന നാളിൽ ബലിപീഠത്തിന്റെ കൊമ്പുകൾ മുറിഞ്ഞു നിലത്തു വീഴുവാന്തക്കവണ്ണം ഞാൻ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും. 15ഞാൻ ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകർത്തുകളയും; ദന്തഭവനങ്ങൾ നശിച്ചുപോകും; പലവീടുകളും മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录