ആമോസ് 2
2
1 #
യെശയ്യാവു 15:1—16:14; 25:10-12; യിരെമ്യാവു 48:1-47; യെഹെസ്കേൽ 25:8-11; സെഫന്യാവു 2:8-11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മോവാബിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ എദോംരാജാവിന്റെ അസ്ഥികളെ ചുട്ടു കുമ്മായമാക്കിക്കളഞ്ഞിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 2ഞാൻ മോവാബിൽ ഒരു തീ അയക്കും; അതു കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആർപ്പോടും കാഹളനാദത്തോടും കൂടെ മരിക്കും. 3ഞാൻ ന്യായാധിപതിയെ അതിന്റെ നടുവിൽനിന്നു ഛേദിച്ചു, അതിന്റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും എന്നു യഹോവ അരുളിച്ചെയ്യുന്നു. 4യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 5ഞാൻ യെഹൂദയിൽ ഒരു തീ അയക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.
6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 7അവർ എളിയവരുടെ തലയിൽ മൺപൊടി കാണ്മാൻ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നു: എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു. 8അവർ ഏതു ബലിപീഠത്തിന്നരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടെച്ചവരുടെ വീഞ്ഞു തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവെച്ചു കുടിക്കയും ചെയ്യുന്നു. 9#ആവർത്തനപുസ്തകം 3:8-11ഞാനോ അമോര്യനെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാൻ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു. 10ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോര്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിന്നു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയിൽകൂടി നടത്തി. 11#സംഖ്യാപുസ്തകം 6:1-8ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നേ അല്ലയോ, യിസ്രായേൽമക്കളേ, എന്നു യഹോവയുടെ അരുളപ്പാടു. 12എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോടു: പ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു. 13കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്തു അമർത്തിക്കളയും. 14അങ്ങനെ വേഗവാന്മാർക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കയില്ല; 15വില്ലാളി ഉറെച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താൻ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കയുമില്ല. 16വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.