ഉൽപത്തി 40

40
1അനന്തരം മിസ്രയീംരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീംരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു. 2ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്റെ രണ്ട് ഉദ്യോഗസ്ഥന്മാരോടു കോപിച്ചു. 3അവരെ അകമ്പടിനായകന്റെ വീട്ടിൽ യോസേഫ് ബദ്ധനായിക്കിടന്ന കാരാഗൃഹത്തിൽ ആക്കി. 4അകമ്പടിനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷ ചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു. 5മിസ്രയീംരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ ബദ്ധന്മാരായിരുന്ന രണ്ടു പേരും ഒരു രാത്രിയിൽതന്നെ വെവ്വേറെ അർഥമുള്ള ഓരോ സ്വപ്നം കണ്ടു. 6രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു. 7അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോട്: നിങ്ങൾ ഇന്നു വിഷാദഭാവത്തോടെ ഇരിക്കുന്നത് എന്ത് എന്നു ചോദിച്ചു. 8അവർ അവനോട്: ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചു തരുവാൻ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോട്: സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? അത് എന്നോടു പറവിൻ എന്നു പറഞ്ഞു. 9അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞത്: എന്റെ സ്വപ്നത്തിൽ ഇതാ, എന്റെ മുമ്പിൽ ഒരു മുന്തിരിവള്ളി. 10മുന്തിരിവള്ളിയിൽ മൂന്നു കൊമ്പ്; അതു തളിർത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങ പഴുത്തു. 11ഫറവോന്റെ പാനപാത്രം എന്റെ കൈയിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു; പാനപാത്രം ഫറവോന്റെ കൈയിൽ കൊടുത്തു. 12യോസേഫ് അവനോടു പറഞ്ഞത്: അതിന്റെ അർഥം ഇതാകുന്നു, മൂന്ന് കൊമ്പ് മൂന്നു ദിവസം. 13മൂന്നു ദിവസത്തിനകം ഫറവോൻ നിന്നെ കടാക്ഷിച്ച്, വീണ്ടും നിന്റെ സ്ഥാനത്ത് ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവുപോലെ ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കും. 14എന്നാൽ നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓർത്ത് എന്നോടു ദയ ചെയ്ത് ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ച് എന്നെ ഈ വീട്ടിൽനിന്നും വിടുവിക്കേണമേ. 15എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല. 16അർഥം നല്ലതെന്ന് അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോട്: ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കുട്ട കണ്ടു. 17മേലത്തെ കുട്ടയിൽ ഫറവോന്റെ വക അപ്പത്തരങ്ങളൊക്കെയും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കുട്ടയിൽനിന്ന് അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു. 18അതിനു യോസേഫ്: അതിന്റെ അർഥം ഇതാകുന്നു, മൂന്നു കുട്ട മൂന്നു ദിവസം. 19മൂന്നു ദിവസത്തിനകം ഫറവോൻ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും എന്ന് ഉത്തരം പറഞ്ഞു. 20മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകല ദാസന്മാർക്കും ഒരു വിരുന്നു കഴിച്ചു. തന്റെ ദാസന്മാരുടെ മധ്യേ പാനപാത്രവാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തു. 21പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കേണ്ടതിനു വീണ്ടും അവന്റെ സ്ഥാനത്ത് ആക്കി. 22അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അർഥം പറഞ്ഞതുപോലെ തന്നെ. 23എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录