ഉൽപത്തി 23

23
1സാറായ്ക്കു നൂറ്റിയിരുപത്തേഴ് വയസ്സ് ആയിരുന്നു; ഇതു സാറായുടെ ആയുഷ്കാലം. 2സാറാ കനാൻദേശത്തു ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയിൽവച്ചു മരിച്ചു; അബ്രാഹാം സാറായെക്കുറിച്ച് വിലപിച്ചു കരവാൻ വന്നു. 3പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽനിന്ന് എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു: 4ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നുപാർക്കുന്നവനും ആകുന്നു; ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന് എനിക്കു നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ എന്നു പറഞ്ഞു. 5ഹിത്യർ അബ്രാഹാമിനോട്: യജമാനനേ, കേട്ടാലും: 6നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽ വച്ചു വിശേഷമായതിൽ മരിച്ചവളെ അടക്കിക്കൊൾക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്ന് ഉത്തരം പറഞ്ഞു. 7അപ്പോൾ അബ്രാഹാം എഴുന്നേറ്റ് ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ച് അവരോടു സംസാരിച്ചു: 8എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാൻ സമ്മതമുണ്ടെങ്കിൽ നിങ്ങൾ എന്റെ അപേക്ഷ കേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്, 9അവൻ തന്റെ നിലത്തിന്റെ അറുതിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന് അപേക്ഷിപ്പിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ട് അവൻ അതിനെ പിടിപ്പതു വിലയ്ക്കു തരേണം എന്നു പറഞ്ഞു. 10എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോൻ തന്റെ നഗരവാസികളായ ഹിത്യർ എല്ലാവരും കേൾക്കെ അബ്രാഹാമിനോട്: 11അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലം ഞാൻ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാൺകെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നുത്തരം പറഞ്ഞു. 12അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു. 13ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോട്: ദയ ചെയ്തു കേൾക്കേണം; നിലത്തിന്റെ വില ഞാൻ നിനക്കു തരുന്നത് എന്നോടു വാങ്ങേണം; എന്നാൽ ഞാൻ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു. 14എഫ്രോൻ അബ്രാഹാമിനോട്: യജമാനനേ, കേട്ടാലും: 15നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അത് എനിക്കും നിനക്കും എന്തുള്ളൂ? മരിച്ചവളെ അടക്കം ചെയ്തുകൊൾക എന്ന് ഉത്തരം പറഞ്ഞു. 16അബ്രാഹാം എഫ്രോന്റെ വാക്ക് സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാർക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറ് അവനു തൂക്കിക്കൊടുത്തു. 17ഇങ്ങനെ മമ്രേക്കരികെ എഫ്രോനുള്ള മക്പേലാ നിലവും അതിലെ ഗുഹയും നിലത്തിന്റെ അതിർക്കകത്തുള്ള സകല വൃക്ഷങ്ങളും, 18അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന് അവകാശമായി ഉറച്ചുകിട്ടി. 19അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറായെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു. 20ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന് ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录