പുറപ്പാട് 11

11
1അനന്തരം യഹോവ മോശെയോട്: ഞാൻ ഒരു ബാധകൂടെ ഫറവോന്മേലും മിസ്രയീമിന്മേലും വരുത്തും; അതിന്റെശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോൾ നിങ്ങളെ ഒട്ടൊഴിയാതെ ഇവിടെനിന്ന് ഓടിച്ചുകളയും. 2ഓരോ പുരുഷൻ താന്താന്റെ അയൽക്കാരനോടും ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാൻ നീ ജനത്തോടു പറക എന്നു കല്പിച്ചു. 3യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ മിസ്രയീംദേശത്തു ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.
4മോശെ പറഞ്ഞതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർധരാത്രിയിൽ ഞാൻ മിസ്രയീമിന്റെ നടുവിൽകൂടി പോകും. 5അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂലൊക്കെയും മൃഗങ്ങളുടെ എല്ലാ കടിഞ്ഞൂലും ചത്തുപോകും. 6മിസ്രയീംദേശത്ത് എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും. 7എന്നാൽ യഹോവ മിസ്രയീമ്യർക്കും യിസ്രായേല്യർക്കും മധ്യേ വ്യത്യാസം വയ്ക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതിന് യിസ്രായേൽമക്കളിൽ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ നേരേ ഒരു നായി പോലും നാവ് അനക്കുകയില്ല. 8അപ്പോൾ നിന്റെ ഈ സകല ഭൃത്യന്മാരും എന്റെ അടുക്കൽ വന്ന്: നീയും നിന്റെ കീഴിൽ ഇരിക്കുന്ന സർവജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞ് എന്നെ നമസ്കരിക്കും; അതിന്റെശേഷം ഞാൻ പുറപ്പെടും. അങ്ങനെ അവൻ ഉഗ്രകോപത്തോടെ ഫറവോന്റെ അടുക്കൽനിന്നു പുറപ്പെട്ടുപോയി. 9യഹോവ മോശെയോട്: മിസ്രയീംദേശത്ത് എന്റെ അദ്ഭുതങ്ങൾ പെരുകേണ്ടതിനു ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല എന്ന് അരുളിച്ചെയ്തു. 10മോശെയും അഹരോനും ഈ അദ്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയച്ചതുമില്ല.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录