പുറപ്പാട് 1

1
1യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിത്: 2രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, 3യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ, 4ദാൻ, നഫ്താലി, ഗാദ്, ആശേർ. 5യാക്കോബിന്റെ കടിപ്രദേശത്തുനിന്ന് ഉദ്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പേ തന്നെ മിസ്രയീമിൽ ആയിരുന്നു. 6യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറയൊക്കെയും മരിച്ചു. 7യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
8അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവ് മിസ്രയീമിൽ ഉണ്ടായി. 9അവൻ തന്റെ ജനത്തോട്: യിസ്രായേൽജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. 10അവർ പെരുകീട്ട് ഒരു യുദ്ധം ഉണ്ടാകുന്നപക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്നു നമ്മോടു പൊരുത് ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിയായി പെരുമാറുക. 11അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോനു പണിതു. 12എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർധിച്ചു; അതുകൊണ്ട് അവർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു. 13മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. 14കളിമണ്ണും ഇഷ്ടകയും വയലിലെ സകലവിധ വേലയും സംബന്ധിച്ചുള്ള കഠിനപ്രവൃത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകല പ്രയത്നത്താലും അവർ അവരുടെ ജീവനെ കയ്പ്പാക്കി.
15എന്നാൽ മിസ്രയീംരാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമിണികളോട്: 16എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമത്തിനു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു. 17സൂതികർമിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീംരാജാവ് തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. 18അപ്പോൾ മിസ്രയീംരാജാവ് സൂതികർമിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു. 19സൂതികർമിണികൾ ഫറവോനോട്: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമിണികൾ അവരുടെ അടുക്കൽ എത്തും മുമ്പേ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു. 20അതുകൊണ്ടു ദൈവം സൂതികർമിണികൾക്കു നന്മ ചെയ്തു; ജനം വർധിച്ച് ഏറ്റവും ബലപ്പെട്ടു. 21സൂതികർമിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ട് അവൻ അവർക്കു കുടുംബ വർധന നല്കി. 22പിന്നെ ഫറവോൻ തന്റെ സകല ജനത്തോടും: ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录