MATHAIA മുഖവുര

മുഖവുര
പഴയനിയമത്തിൽ ദൈവം തന്റെ ജനങ്ങൾക്കു ചില വാഗ്ദാനങ്ങൾ നല്‌കിയിട്ടുണ്ട്. ഒരു രക്ഷകനെ അയച്ച് അവർക്കു രക്ഷയും സ്വാതന്ത്ര്യവും കൈവരുത്തും എന്നത് അവയിൽ പ്രധാനപ്പെട്ടതായിരുന്നു. യേശുവാണ് ആ രക്ഷകനെന്നും യേശുവിൽകൂടി തന്റെ വാഗ്ദാനം ദൈവം നിറവേറ്റിയിരിക്കുന്നു എന്നുമുള്ള ദിവ്യസന്ദേശമാണ് വിശുദ്ധ മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. യെഹൂദന്മാർക്കുവേണ്ടി മാത്രം എഴുതിയിട്ടുള്ളതല്ല ഈ സുവിശേഷം; പ്രത്യുത, മനുഷ്യരാശിക്കു മുഴുവനും വേണ്ടിയത്രേ.
സുസൂക്ഷ്മം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഗ്രന്ഥമാണു മത്തായി. യേശുവിന്റെ വംശാവലിയോടുകൂടി ഈ സുവിശേഷം സമാരംഭിക്കുന്നു. പിന്നീട് യേശുവിന്റെ ജനനം, സ്നാപനം, സാത്താന്റെ പ്രലോഭനങ്ങൾ, ഗിരിപ്രഭാഷണം, പ്രബോധനങ്ങൾ, ഗലീലയിൽ ചുറ്റി സഞ്ചരിച്ച് രോഗികൾക്കു ശാന്തി നല്‌കൽ, യെരൂശലേമിലേക്കുള്ള യാത്ര, പീഡാനുഭവങ്ങൾ, ക്രൂശുമരണം, ഉയിർത്തെഴുന്നേല്പ് എന്നീ സംഭവങ്ങൾ അനുക്രമം വർണിച്ചിരിക്കുന്നു.
ദൈവത്തിന്റെ നീതിശാസ്ത്രം വ്യാഖ്യാനിക്കുവാൻ അധികാരമുള്ള ഒരു ധർമോപദേഷ്ടാവായിട്ടാണ് യേശുവിനെ മത്തായി അവതരിപ്പിക്കുന്നത്. ഈ സുവിശേഷത്തിൽ യേശുവിന്റെ ധർമോപദേശങ്ങൾ അഞ്ചായി വിഭജിച്ചിരിക്കുന്നു: 1) ഗിരിപ്രഭാഷണം (അ. 5-7); 2) പ്രേഷിതരായ പന്ത്രണ്ടു ശിഷ്യന്മാർക്കുള്ള നിർദേശങ്ങൾ (അ. 10); 3) ദൈവരാജ്യത്തിന്റെ ദൃഷ്ടാന്തങ്ങൾ (അ. 13); 4) ശിഷ്യത്വത്തിന്റെ അർഥത്തെപ്പറ്റിയുള്ള ഉപദേശം (അ. 18); 5) ഈ യുഗത്തിന്റെ അന്ത്യവും ദൈവരാജ്യത്തിന്റെ പൂർത്തീകരണവും (അ. 24-25).
പ്രതിപാദ്യക്രമം
വംശാവലിയും യേശുക്രിസ്തുവിന്റെ ജനനവും 1:1—2:23
സ്നാപകയോഹന്നാന്റെ ദൗത്യം 3:1-12
സ്നാപനവും പ്രലോഭനങ്ങളും 3:13—4:11
പരസ്യജീവിതവും സേവനങ്ങളും 4:12—18:35
ഗലീലയിൽനിന്ന് യെരൂശലേമിലേക്കുള്ള യാത്ര 19:1—20:34
പീഡാനുഭവങ്ങൾ 21:1—27:66
ഉയിർത്തെഴുന്നേല്‌ക്കുന്നതും ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നതും 28:1-20

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录