ആമോസ് 9

9
1യഹോവ യാഗപീഠത്തിന്നു മീതെ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഉത്തരങ്ങൾ കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവണ്ണം തകർത്തുകളക; അവരുടെ സന്തതിയെ ഞാൻ വാൾകൊണ്ടു കൊല്ലും; അവരിൽ ആരും ഓടിപ്പോകയില്ല. അവരിൽ ആരും വഴുതിപ്പോകയുമില്ല. 2അവർ പാതാളത്തിൽ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവർ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാൻ അവരെ ഇറക്കും. 3അവർ കർമ്മേലിന്റെ കൊടുമുടിയിൽ ഒളിച്ചിരുന്നാലും ഞാൻ അവരെ തിരഞ്ഞു അവിടെനിന്നു പിടിച്ചുകൊണ്ടുവരും; അവർ എന്റെ ദൃഷ്ടിയിൽനിന്നു സമുദ്രത്തിന്റെ അടിയിൽ മറഞ്ഞിരുന്നാലും ഞാൻ അവിടെ സർപ്പത്തോടു കല്പിച്ചിട്ടു അതു അവരെ കടിക്കും. 4അവർ ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോയാലും ഞാൻ അവിടെ വാളിനോടു കല്പിച്ചിട്ടു അതു അവരെ കൊല്ലും. നന്മെക്കായിട്ടല്ല തിന്മെക്കായിട്ടു തന്നേ ഞാൻ അവരുടെ മേൽ ദൃഷ്ടിവെക്കും. 5സൈന്യങ്ങളുടെ യഹോവയായ കർത്താവു ദേശത്തെ തൊടുന്നു; അതു ഉരുകിപ്പോകുന്നു; അതിൽ പാർക്കുന്നവർ ഒക്കെയും വിലപിക്കും; അതു മുഴുവനും നീലനദിപോലെ പൊങ്ങുകയും മിസ്രയീമിലെ നദിപോലെ താഴുകയും ചെയ്യും. 6അവൻ ആകാശത്തിൽ തന്റെ മാളികമുറികളെ പണിയുകയും ഭൂമിയിൽ തന്റെ കമാനത്തിന്നു അടിസ്ഥാനം ഇടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തിൽ പകരുകയും ചെയ്യുന്നു; യഹോവ എന്നാകുന്നു അവന്റെ നാമം. 7യിസ്രായേൽമക്കളേ നിങ്ങൾ എനിക്കു കൂശ്യരെപ്പോലെ അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ യിസ്രായേലിനെ മിസ്രയീംദേശത്തുനിന്നും ഫെലിസ്ത്യരെ കഫ്തോരിൽനിന്നും അരാമ്യരെ കീറിൽനിന്നും കൊണ്ടുവന്നില്ലയോ? 8യഹോവയായ കർത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാൻ അതിനെ ഭൂതലത്തിൽനിന്നു നശിപ്പിക്കും; എങ്കിലും ഞാൻ യാക്കോബ് ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു. 9അരിപ്പകൊണ്ടു അരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ സകലജാതികളുടെയും ഇടയിൽ അരിപ്പാൻ കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല. 10അനർത്ഥം ഞങ്ങളെ തുടർന്നെത്തുകയില്ല, എത്തിപ്പിടിക്കയുമില്ല എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകലപാപികളും വാൾകൊണ്ടു മരിക്കും. 11#അപ്പൊ. പ്രവൃത്തികൾ 15:16-18അവർ എദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും എന്റെ നാമം വിളക്കപ്പെടുന്ന സകല ജാതികളുടെയും ദേശത്തെ കൈവശമാക്കേണ്ടതിന്നു വീണുപോയ 12ദാവീദിൻ കൂടാരത്തെ ഞാൻ അന്നാളിൽ നിവിർത്തുകയും അതിന്റെ പിളർപ്പുകളെ അടെക്കയും അവന്റെ ഇടിവുകളെ തീർക്കുകയും അതിനെ പുരാതനകാലത്തിൽ എന്നപോലെ പണിയുകയും ചെയ്യും എന്നാകുന്നു ഇതു അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാടു. 13ഉഴുന്നവൻ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവൻ വിതെക്കുന്നവനെയും തുടർന്നെത്തുകയും പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകൾ വരും എന്നു യഹോവയുടെ അരുളപ്പാടു. 14അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും. 15ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

Àwon tá yàn lọ́wọ́lọ́wọ́ báyìí:

ആമോസ് 9: വേദപുസ്തകം

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀