സെഖ. 5

5
പറക്കുന്ന ചുരുൾ
1ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു.
2അവൻ എന്നോട്: “നീ എന്ത് കാണുന്നു?” എന്നു ചോദിച്ചതിന്:
“പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തുമുഴം വീതിയും ഉണ്ട്” എന്നു ഞാൻ ഉത്തരം പറഞ്ഞു.
3അവൻ എന്നോട് പറഞ്ഞത്: “ഇതു സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവൻ എല്ലാം അതുപോലെ ഇവിടെനിന്ന് പാറിപ്പോകും; സത്യം ചെയ്യുന്നവൻ എല്ലാം അതുപോലെ ഇവിടെനിന്ന് പാറിപ്പോകും. 4‘ഞാൻ ആ ശാപത്തെ പുറപ്പെടുവിച്ചിട്ട് അത് കള്ളന്‍റെ വീട്ടിലേക്കും എന്‍റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്‍റെ വീട്ടിലേക്കും ചെല്ലും; അത് അവന്‍റെ വീട്ടിനകത്തു താമസിച്ച്, വീടിനെ തടിയോടും കല്ലോടുംകൂടി നശിപ്പിച്ചുകളയും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.”
അളവുകുട്ടയിലെ സ്‍ത്രീ
5അനന്തരം എന്നോട് സംസാരിക്കുന്ന ദൂതൻ പുറത്തുവന്ന് എന്നോട്: “നീ തലപൊക്കി ഈ പുറപ്പെടുന്നത് എന്താകുന്നു എന്നു നോക്കുക” എന്നു പറഞ്ഞു. 6“അതെന്ത്” എന്നു ഞാൻ ചോദിച്ചതിന്: “അത് ധാന്യം അളക്കുന്ന ഒരു കുട്ട ആകുന്നു.” എന്ന് അവൻ പറഞ്ഞു; “അത് സർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം#5:6 അകൃത്യം കണ്ണുകള്‍” എന്നും അവൻ പറഞ്ഞു. 7പിന്നെ ഞാൻ വട്ടത്തിലുള്ള ഒരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ കുട്ടയുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു. 8“ഇതു ദുഷ്ടതയാകുന്നു” എന്നു പറഞ്ഞ് ദൂതൻ അവളെ അളവുകുട്ടയുടെ അകത്താക്കി ഈയ്യപ്പലകകൊണ്ട് അടച്ചു.
9ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നത് കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്ക് പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിനും മദ്ധ്യത്തിൽ അളവുകുട്ടയെ പൊക്കിക്കൊണ്ടുപോയി.
10എന്നോട് സംസാരിക്കുന്ന ദൂതനോട്: “അവർ അളവുകുട്ടയെ എവിടേക്ക് കൊണ്ടുപോകുന്നു?” എന്നു ഞാൻ ചോദിച്ചു.
11അതിന് അവൻ: “ശിനാർദേശത്ത് അവർ അവൾക്ക് ഒരു വീടു പണിയുവാൻ പോകുന്നു; അത് തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും” എന്ന് എന്നോട് പറഞ്ഞു.

Àwon tá yàn lọ́wọ́lọ́wọ́ báyìí:

സെഖ. 5: IRVMAL

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀