YouVersion လိုဂို
ရွာရန္ အိုင္ကြန္

MATHAIA 6

6
രഹസ്യമായ ദാനം
1“മനുഷ്യർ കാണാൻവേണ്ടി നിങ്ങൾ അവരുടെ മുമ്പിൽ സൽക്കർമങ്ങൾ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ സ്വർഗസ്ഥനായ പിതാവിൽനിന്നു നിങ്ങൾക്കു പ്രതിഫലം ലഭിക്കുകയില്ല.
2“നിങ്ങൾ ദാനധർമം ചെയ്യുമ്പോൾ, മറ്റുള്ളവരുടെ പ്രശംസ ലഭിക്കുന്നതിനുവേണ്ടി സുനഗോഗുകളിലും തെരുവീഥികളിലും കപടഭക്തന്മാർ ചെയ്യുന്നതുപോലെ പെരുമ്പറ അടിച്ചറിയിക്കരുത്. 3അവർക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. നിങ്ങൾ ദാനധർമം ചെയ്യുമ്പോൾ വലങ്കൈ ചെയ്യുന്നത് ഇടങ്കൈ അറിയരുത്. അത് അത്രയ്‍ക്കു രഹസ്യമായിരിക്കണം. 4രഹസ്യമായി നിങ്ങൾ ചെയ്യുന്നതു കാണുന്നവനായ നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം തരും.
പ്രാർഥന രഹസ്യമായി
(ലൂക്കോ. 11:2-4)
5“നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടഭക്തന്മാരെ അനുകരിക്കരുത്; മനുഷ്യർ കാണുന്നതിനുവേണ്ടി സുനഗോഗുകളിലും വഴിക്കവലകളിലും നിന്നുകൊണ്ടു പ്രാർഥിക്കുവാൻ അവർ ഇഷ്ടപ്പെടുന്നുവല്ലോ. അവർക്കു പ്രതിഫലം പൂർണമായി കിട്ടിക്കഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. 6എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ നിങ്ങളുടെ രഹസ്യമുറിയിൽ പ്രവേശിച്ചു വാതിൽ അടച്ച് അദൃശ്യനായ നിങ്ങളുടെ പിതാവിനോടു പ്രാർഥിക്കുക; അപ്പോൾ രഹസ്യമായി ചെയ്യുന്നതെന്തും കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നല്‌കും.
7“അതിഭാഷണംകൊണ്ട് തങ്ങളുടെ പ്രാർഥന ദൈവം കേൾക്കുമെന്നു വിജാതീയർ വിചാരിക്കുന്നു. നിങ്ങളുടെ പ്രാർഥന അങ്ങനെയാകരുത്. അവരുടെ പ്രാർഥന നിരർഥകങ്ങളായ വാക്കുകളുടെ കൂമ്പാരമാണല്ലോ. 8നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങൾ പ്രാർഥിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവ് അറിയുന്നു. 9അതുകൊണ്ടു നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക:
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം സംപൂജിതമാകണമേ;
10അവിടുത്തെ രാജ്യം വരണമേ;
തിരുഹിതം സ്വർഗത്തിലെപോലെ
ഭൂമിയിലും നിറവേറണമേ;
11നിത്യവുമുള്ള ആഹാരം ഇന്നു
ഞങ്ങൾക്കു നല്‌കണമേ;
12ഞങ്ങളുടെ കടക്കാരോടു
ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ കടങ്ങൾ അവിടുന്നു
ഞങ്ങളോടും ക്ഷമിക്കണമേ;
13കഠിനപരീക്ഷണത്തിൽ ഞങ്ങൾ
അകപ്പെടുവാൻ ഇടയാക്കരുതേ,
ദുഷ്ടനിൽനിന്നു ഞങ്ങളെ
കാത്തുരക്ഷിക്കണമേ;
# 6:13 ‘രാജ്യവും ശക്തിയും . . . ആമേൻ’ ഈ വാചകം എല്ലാ കൈയെഴുത്തു പ്രതികളിലും കാണുന്നില്ല. രാജ്യവും ശക്തിയും മഹത്ത്വവും
എന്നേക്കും അങ്ങേക്കുള്ളതാണല്ലോ. ആമേൻ.
14“അന്യരുടെ അപരാധങ്ങൾ അവരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും; 15എന്നാൽ മറ്റുള്ളവരുടെ പിഴകൾ നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിഴകളും നിങ്ങളുടെ പിതാവു ക്ഷമിക്കുകയില്ല.
ഉപവാസത്തെക്കുറിച്ച്
16“നിങ്ങൾ ഉപവസിക്കുമ്പോൾ കപടഭക്തരെപ്പോലെ മ്ലാനമുഖരാകരുത്. തങ്ങൾ ഉപവസിക്കുന്നു എന്നുള്ളതു മനുഷ്യർ കാണുന്നതിനുവേണ്ടി അവർ തങ്ങളുടെ മുഖം വിരൂപമാക്കുന്നു. അവർക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഊന്നിപ്പറയുന്നു. 17നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണതേക്കുകയും മുഖം കഴുകുകയും ചെയ്യുക. 18അങ്ങനെ ചെയ്താൽ അദൃശ്യനായ പിതാവല്ലാതെ, നിങ്ങൾ ഉപവസിക്കുകയാണെന്നുള്ളത് മറ്റാരും അറിയുകയില്ല; രഹസ്യകാര്യങ്ങൾ കാണുന്ന പിതാവു നിങ്ങൾക്കു പ്രതിഫലം നല്‌കും.
യഥാർഥനിക്ഷേപം
(ലൂക്കോ. 12:33-34)
19“നിങ്ങളുടെ നിക്ഷേപങ്ങൾ ഈ ഭൂമിയിൽ സൂക്ഷിച്ചു വയ്‍ക്കരുത്; ഇവിടെ കീടവും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയും കള്ളന്മാർ കുത്തിക്കവരുകയും ചെയ്യും. നിങ്ങളുടെ നിക്ഷേപങ്ങൾ സ്വർഗത്തിൽ സൂക്ഷിച്ചുവയ്‍ക്കുക. 20അവിടെ കീടങ്ങളും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയോ, കള്ളന്മാർ കുത്തിക്കവരുകയോ ചെയ്യുന്നില്ല; 21നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സർവ ശ്രദ്ധയും.
ശരീരത്തിന്റെ വിളക്ക്
(ലൂക്കോ. 11:34-36)
22“കണ്ണാണു ശരീരത്തിന്റെ വിളക്ക്; നിങ്ങളുടെ കണ്ണിനു പൂർണമായ കാഴ്ചയുള്ളപ്പോൾ ശരീരം മുഴുവൻ പ്രകാശിതമായിരിക്കും. 23എന്നാൽ നിങ്ങളുടെ കണ്ണിനു വൈകല്യമുണ്ടെങ്കിൽ ശരീരം ആസകലം ഇരുട്ടായിരിക്കും. നിങ്ങളിലുള്ള വെളിച്ചം ഇരുളാകുന്നുവെങ്കിൽ ആ ഇരുൾ എത്ര വലുത്!
ദൈവവും ധനദേവതയും
(ലൂക്കോ. 16:13)
24“രണ്ടു യജമാനന്മാരെ സേവിക്കുവാൻ ഒരു അടിമയ്‍ക്കും സാധ്യമല്ല. ഒന്നുകിൽ അവൻ ഒരുവനെ അവഗണിച്ച് അപരനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ നിന്ദിക്കും. നിങ്ങൾക്കു ദൈവത്തെയും ധനദേവതയെയും സേവിക്കുക സാധ്യമല്ല.
ആകുലചിത്തരാകരുത്
(ലൂക്കോ. 12:22-31)
25“ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ ആകുലചിത്തരാകരുത്; എന്തു തിന്നും, എന്തു കുടിക്കും എന്നോർത്തു ജീവനെക്കുറിച്ചും എന്തു ധരിക്കുമെന്നോർത്തു ശരീരത്തെക്കുറിച്ചും വിഷമിക്കരുത്. ജീവൻ ഭക്ഷണത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും വിലപ്പെട്ടവയല്ലേ? 26ആകാശത്തു പറന്നുനടക്കുന്ന പക്ഷികളെ നോക്കുക. അവ വിതയ്‍ക്കുന്നില്ല, കൊയ്യുന്നില്ല, അറപ്പുരയിലൊട്ടു കൂട്ടിവയ്‍ക്കുന്നതുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയെ പോറ്റിപ്പുലർത്തുന്നു. അവയെക്കാൾ നിങ്ങൾ വിലയുള്ളവരല്ലേ?
27“ആകുലപ്പെടുന്നതുകൊണ്ട് തങ്ങളുടെ ആയുർദൈർഘ്യം അല്പമെങ്കിലും കൂട്ടുവാൻ നിങ്ങളിലാർക്കെങ്കിലും കഴിയുമോ?
28“വസ്ത്രത്തെ സംബന്ധിച്ചും നിങ്ങൾ ആകുലചിത്തരാകുന്നതെന്തിന്? കാട്ടുപൂക്കളെ നോക്കുക; അവ എങ്ങനെ വളരുന്നു! അവ അധ്വാനിക്കുകയോ നൂല് നൂല്‌ക്കുകയോ ചെയ്യുന്നില്ല. 29എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശലോമോൻ രാജാവ് തന്റെ മഹാപ്രതാപത്തിൽപോലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിട്ടില്ല. 30ഇന്നു കാണുന്നതും നാളെ അടുപ്പിൽ ഇടുന്നതുമായ കാട്ടുപുല്ലുകളെ ദൈവം ഇങ്ങനെ അണിയിക്കുന്നെങ്കിൽ അല്പവിശ്വാസികളേ നിങ്ങളെ എത്രയധികം അണിയിക്കും! 31അതുകൊണ്ട് എന്തു തിന്നും, എന്ത് ഉടുക്കും എന്നു വിചാരിച്ചു ആകുലപ്പെടരുത്. 32വിജാതീയരത്രേ ഇവയെല്ലാം അന്വേഷിക്കുന്നത്. ഇവയെല്ലാം നിങ്ങൾക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗസ്ഥപിതാവിനറിയാം. 33ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങൾക്കു ലഭിക്കും. 34അതുകൊണ്ട് നാളയെക്കുറിച്ച് ആകുലപ്പെടരുത്. നാളത്തെ ദിവസം അതിനുവേണ്ടി കരുതിക്കൊള്ളുമല്ലോ. ഓരോ ദിവസത്തിനും അതതു ദിവസത്തേക്കുള്ള ക്ലേശങ്ങൾ മതി.

လက္ရွိေရြးခ်ယ္ထားမွု

MATHAIA 6: malclBSI

အေရာင္မွတ္ခ်က္

မၽွေဝရန္

ကူးယူ

None

မိမိစက္ကိရိယာအားလုံးတြင္ မိမိအေရာင္ခ်ယ္ေသာအရာမ်ားကို သိမ္းဆည္းထားလိုပါသလား။ စာရင္းသြင္းပါ (သို႔) အေကာင့္ဝင္လိုက္ပါ