റോമർ 15:1-12

റോമർ 15:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽതന്നെ പ്രസാദിക്കാതിരിക്കയും വേണം. നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മയ്ക്കായിട്ട് ആത്മികവർധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കേണം. “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണു” എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തുവും തന്നിൽത്തന്നെ പ്രസാദിച്ചില്ല. എന്നാൽ മുൻ എഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു. എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്ത്വീകരിക്കേണ്ടതിന് സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ. അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്ത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന് ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്ത്വീകരിക്കേണം എന്നും ഞാൻ പറയുന്നു. “അതുകൊണ്ട് ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിനു സ്തുതി പാടും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. മറ്റൊരേടത്തു: “ജാതികളേ, അവന്റെ ജനത്തോട് ഒന്നിച്ച് ആനന്ദിപ്പിൻ” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ“ എന്നും പറയുന്നു. “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവയ്ക്കും” എന്നു യെശയ്യാവ് പറയുന്നു.

പങ്ക് വെക്കു
റോമർ 15 വായിക്കുക

റോമർ 15:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വിശ്വാസത്തിൽ ശക്തരായ നാം അശക്തരെ അവരുടെ ഭാരങ്ങൾ ചുമക്കുവാൻ സഹായിക്കേണ്ടതാണ്. നമുക്കു സന്തോഷം കൈവരുത്തുന്നതിനുവേണ്ടി മാത്രമായി പ്രവർത്തിക്കരുത്. സഹോദരന്റെ നന്മയ്‍ക്കായി പ്രവർത്തിച്ച് അവനെ സന്തോഷിപ്പിക്കുക. അങ്ങനെ അവൻ വിശ്വാസത്തിൽ വളർന്നു ബലപ്പെടും. ക്രിസ്തുവും സ്വന്തം സന്തോഷത്തിനുവേണ്ടി അല്ലല്ലോ പ്രവർത്തിച്ചത്. ‘നിങ്ങളെ അപമാനിക്കുന്നവരുടെ നിന്ദകൾ എന്റെമേൽ നിപതിച്ചിരിക്കുന്നു’ എന്ന് വേദഗ്രന്ഥത്തിൽ പറയുന്നു. വേദഗ്രന്ഥത്തിലുള്ളതെല്ലാം അവ പഠിക്കുന്നതു നിമിത്തം നമുക്കുണ്ടാകുന്ന ക്ഷമയും ഉത്തേജനവും മൂലം പ്രത്യാശ ഉണ്ടാകുന്നതിനുവേണ്ടി, മുൻകൂട്ടി എഴുതപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ നിങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് ഒരേ സ്വരത്തിൽ സ്തുതിക്കത്തക്കവണ്ണം ക്രിസ്തുയേശുവിന്റെ മാതൃക സ്വീകരിച്ച് ഏകാഭിപ്രായമുള്ളവരായിത്തീരുന്നതിനു നിരന്തരക്ഷമയുടെയും ഉത്തേജനത്തിന്റെയും ഉറവിടമായ ദൈവം നിങ്ങളെ പ്രാപ്തരാക്കട്ടെ. മനുഷ്യർ ദൈവത്തെ പ്രകീർത്തിക്കുന്നതിനുവേണ്ടി, ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങളും അന്യോന്യം സ്വീകരിക്കുക. ദൈവത്തിന്റെ വാക്കു മാറ്റമില്ലാത്തതാണെന്നു വ്യക്തമാക്കുന്നതിനും, പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങൾക്ക് ഉറപ്പുവരുത്തുന്നതിനും, ക്രിസ്തു ഇസ്രായേലിന്റെ സഹായകനായിത്തീർന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതുപോലെതന്നെ തന്റെ കാരുണ്യത്തിനുവേണ്ടി വിജാതീയരും ദൈവത്തെ സ്തുതിക്കേണ്ടതാണ്. വേദഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നുണ്ടല്ലോ: വിജാതീയരുടെ മധ്യത്തിൽ ഞാൻ അങ്ങയെ സ്തുതിക്കും; അവിടുത്തെ നാമത്തിനു ഞാൻ സ്തുതിപാടും. വേറൊരിടത്തു പറയുന്നു: വിജാതീയരേ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടൊത്ത് ആനന്ദിക്കുക. പിന്നെയും, സകല വിജാതീയരുമേ, സർവേശ്വരനെ കീർത്തിക്കുക; സമസ്ത ജനങ്ങളേ, അവിടുത്തെ പ്രകീർത്തിക്കുക, എന്നും പറയുന്നു. വീണ്ടും യെശയ്യാ പ്രവാചകൻ: യിശ്ശായിയുടെ വംശത്തിൽനിന്ന് ഒരാൾ വരും; വിജാതീയരെ ഭരിക്കുന്നതിനായി അവിടുന്ന് ഉയർത്തപ്പെടും; അവർ അവിടുന്നിൽ പ്രത്യാശവയ്‍ക്കും എന്നു പറയുന്നു.

പങ്ക് വെക്കു
റോമർ 15 വായിക്കുക

റോമർ 15:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നെ പ്രസാദിക്കാതിരിക്കയും വേണം. നമ്മിൽ ഓരോരുത്തൻ തന്‍റെ അയൽക്കാരൻ്റെ നന്മയ്ക്കായി, ആത്മികമായ വളർച്ചയ്ക്കായി അവനെ പ്രസാദിപ്പിക്കേണം. “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്‍റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തുവും തന്നിൽതന്നേ പ്രസാദിച്ചില്ല. എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിനായിട്ട്, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സഹനത്താലും പ്രോത്സാഹനത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന് തന്നെ എഴുതിയിരിക്കുന്നു. എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൻ്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന് സഹനത്തിൻ്റെയും പ്രോത്സാഹനത്തിൻ്റെയും ദൈവം തന്നെ നിങ്ങൾക്ക് ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഒരേ മനസ്സോടിരിക്കുവാൻ കൃപ നല്കുമാറാകട്ടെ. അതുകൊണ്ട് ക്രിസ്തു ദൈവത്തിന്‍റെ മഹത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. പിതാക്കന്മാർക്കു നൽകിയ വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന് ക്രിസ്തു ദൈവത്തിന്‍റെ സത്യംനിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജനതകൾ ദൈവത്തെ അവന്‍റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു. “അതുകൊണ്ട് ഞാൻ ജനതകളുടെ ഇടയിൽ നിന്നെ വാഴ്ത്തി, നിന്‍റെ നാമത്തിന് സ്തുതിപാടും” എന്നു എഴുതിയിരിക്കുന്നുവല്ലോ. വീണ്ടും: “ജനതകളേ, അവന്‍റെ ജനത്തോടു ഒന്നിച്ച് ആനന്ദിപ്പിൻ” എന്നു പറയുന്നു. “സകല ജനതകളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകലജനങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു. “യിശ്ശായിയുടെ വേരും ജനതകളെ ഭരിക്കുവാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജനതകൾ പ്രത്യാശവെയ്ക്കും” എന്നു യെശയ്യാവു പറയുന്നു.

പങ്ക് വെക്കു
റോമർ 15 വായിക്കുക

റോമർ 15:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം. നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം. “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നുതുപോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല. എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു. എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ. അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു. “അതുകൊണ്ടു ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും” എന്നു എഴുതിയിരിക്കുന്നവല്ലോ. മറ്റൊരേടത്തു: “ജാതികളേ, അവന്റെ ജനത്തോടു ഒന്നിച്ചു ആനന്ദിപ്പിൻ” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു. “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും” എന്നു യെശയ്യാവു പറയുന്നു.

പങ്ക് വെക്കു
റോമർ 15 വായിക്കുക

റോമർ 15:1-12 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ, വിശ്വാസത്തിൽ ശക്തരായ നാം വിശ്വാസത്തിൽ ബലഹീനരുടെ പരാജയങ്ങളെ സഹിക്കുകയും നമ്മുടെ ആനന്ദംമാത്രം ലക്ഷ്യമാക്കാതിരിക്കുകയും വേണം. നാം ഓരോരുത്തരും മറ്റുള്ളവരുടെ നന്മ ലക്ഷ്യമാക്കി, അവരുടെ ആത്മികോന്നതിക്കായി അവരെ പ്രോത്സാഹിപ്പിക്കണം. കാരണം, ക്രിസ്തുവും സ്വന്തം ആനന്ദമല്ല ലക്ഷ്യമാക്കിയത്: “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണു” എന്നാണല്ലോ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം, മുമ്പേ രേഖപ്പെടുത്തപ്പെട്ട തിരുവെഴുത്തുകൾ എല്ലാം നമുക്ക് അഭ്യസനം ലഭിച്ചിട്ട് തിരുവെഴുത്ത് ഉപദേശിക്കുന്ന സഹനത്തിലൂടെയും ആശ്വാസത്തിലൂടെയും നമുക്ക് പ്രത്യാശ ലഭിക്കേണ്ടതിനാണ്. സഹനവും ആശ്വാസവും നൽകുന്ന ദൈവം ക്രിസ്തുയേശുവിന്റെ അനുയായികൾക്ക് ഉചിതമാകുംവിധം പരസ്പരം സ്വരച്ചേർച്ചയിൽ ജീവിക്കാൻ നിങ്ങളെ സഹായിക്കട്ടെ. ഇങ്ങനെ നിങ്ങൾ എല്ലാവരും ഒരുമിച്ച് ഏകസ്വരത്തോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ പുകഴ്ത്തുന്നവരാകട്ടെ. അതുകൊണ്ട്, ദൈവത്തിന്റെ പുകഴ്ചയ്കായി ക്രിസ്തു നിങ്ങളെ അംഗീകരിച്ചതുപോലെ നിങ്ങളും പരസ്പരം അംഗീകരിക്കണം. ഞാൻ പറയട്ടെ, പിതാക്കന്മാരോട് ചെയ്ത വാഗ്ദാനം നിവർത്തിക്കുന്ന കാര്യത്തിൽ ദൈവം സത്യസന്ധൻ എന്നു തെളിയിക്കാനാണ് യെഹൂദന്മാരുടെ മധ്യേതന്നെ ശുശ്രൂഷചെയ്യാൻ ക്രിസ്തു വന്നത്. മാത്രമല്ല, ക്രിസ്തു വന്നതിലൂടെ ദൈവം യെഹൂദേതരരോട് കരുണ കാണിച്ചതു നിമിത്തം, “അവരും ദൈവത്തെ പുകഴ്ത്തും. അതുകൊണ്ട് യെഹൂദേതരരുടെ മധ്യേ ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തിനു സ്തുതിപാടും” എന്നു രേഖപ്പെടുത്തിയിരിക്കുന്നു. “യെഹൂദേതരരേ, അവന്റെ ജനത്തോടുചേർന്ന് ആനന്ദിക്കുക,” എന്നും എഴുതിയിരിക്കുന്നു. “യെഹൂദേതരർ എല്ലാവരുമേ കർത്താവിനെ വാഴ്ത്തുക, ഭൂമിയിലെ സകലജനതകളുമേ അവിടത്തെ പുകഴ്ത്തുക,” എന്നും പറയുന്നു. യെശയ്യാവ് പിന്നെയും പറയുന്നത്: “യിശ്ശായിയുടെ വേര് രാജാധികാരത്തിൽ വരും. അദ്ദേഹം എല്ലാ രാഷ്ട്രങ്ങളെയും ഭരിക്കും, യെഹൂദേതരർ എല്ലാവരും അദ്ദേഹത്തിൽ പ്രത്യാശവെക്കും.”

പങ്ക് വെക്കു
റോമർ 15 വായിക്കുക