എന്നാൽ, വിശ്വാസത്തിൽ ശക്തരായ നാം വിശ്വാസത്തിൽ ബലഹീനരുടെ പരാജയങ്ങളെ സഹിക്കുകയും നമ്മുടെ ആനന്ദംമാത്രം ലക്ഷ്യമാക്കാതിരിക്കുകയും വേണം. നാം ഓരോരുത്തരും മറ്റുള്ളവരുടെ നന്മ ലക്ഷ്യമാക്കി, അവരുടെ ആത്മികോന്നതിക്കായി അവരെ പ്രോത്സാഹിപ്പിക്കണം. കാരണം, ക്രിസ്തുവും സ്വന്തം ആനന്ദമല്ല ലക്ഷ്യമാക്കിയത്: “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണു” എന്നാണല്ലോ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം, മുമ്പേ രേഖപ്പെടുത്തപ്പെട്ട തിരുവെഴുത്തുകൾ എല്ലാം നമുക്ക് അഭ്യസനം ലഭിച്ചിട്ട് തിരുവെഴുത്ത് ഉപദേശിക്കുന്ന സഹനത്തിലൂടെയും ആശ്വാസത്തിലൂടെയും നമുക്ക് പ്രത്യാശ ലഭിക്കേണ്ടതിനാണ്. സഹനവും ആശ്വാസവും നൽകുന്ന ദൈവം ക്രിസ്തുയേശുവിന്റെ അനുയായികൾക്ക് ഉചിതമാകുംവിധം പരസ്പരം സ്വരച്ചേർച്ചയിൽ ജീവിക്കാൻ നിങ്ങളെ സഹായിക്കട്ടെ. ഇങ്ങനെ നിങ്ങൾ എല്ലാവരും ഒരുമിച്ച് ഏകസ്വരത്തോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ പുകഴ്ത്തുന്നവരാകട്ടെ. അതുകൊണ്ട്, ദൈവത്തിന്റെ പുകഴ്ചയ്കായി ക്രിസ്തു നിങ്ങളെ അംഗീകരിച്ചതുപോലെ നിങ്ങളും പരസ്പരം അംഗീകരിക്കണം. ഞാൻ പറയട്ടെ, പിതാക്കന്മാരോട് ചെയ്ത വാഗ്ദാനം നിവർത്തിക്കുന്ന കാര്യത്തിൽ ദൈവം സത്യസന്ധൻ എന്നു തെളിയിക്കാനാണ് യെഹൂദന്മാരുടെ മധ്യേതന്നെ ശുശ്രൂഷചെയ്യാൻ ക്രിസ്തു വന്നത്. മാത്രമല്ല, ക്രിസ്തു വന്നതിലൂടെ ദൈവം യെഹൂദേതരരോട് കരുണ കാണിച്ചതു നിമിത്തം, “അവരും ദൈവത്തെ പുകഴ്ത്തും. അതുകൊണ്ട് യെഹൂദേതരരുടെ മധ്യേ ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തിനു സ്തുതിപാടും” എന്നു രേഖപ്പെടുത്തിയിരിക്കുന്നു. “യെഹൂദേതരരേ, അവന്റെ ജനത്തോടുചേർന്ന് ആനന്ദിക്കുക,” എന്നും എഴുതിയിരിക്കുന്നു. “യെഹൂദേതരർ എല്ലാവരുമേ കർത്താവിനെ വാഴ്ത്തുക, ഭൂമിയിലെ സകലജനതകളുമേ അവിടത്തെ പുകഴ്ത്തുക,” എന്നും പറയുന്നു. യെശയ്യാവ് പിന്നെയും പറയുന്നത്: “യിശ്ശായിയുടെ വേര് രാജാധികാരത്തിൽ വരും. അദ്ദേഹം എല്ലാ രാഷ്ട്രങ്ങളെയും ഭരിക്കും, യെഹൂദേതരർ എല്ലാവരും അദ്ദേഹത്തിൽ പ്രത്യാശവെക്കും.”
റോമർ 15 വായിക്കുക
കേൾക്കുക റോമർ 15
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: റോമർ 15:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ