സങ്കീർത്തനങ്ങൾ 96:2-7

സങ്കീർത്തനങ്ങൾ 96:2-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ. ജാതികളുടെ ഇടയിൽ അവന്റെ മഹത്ത്വവും സകല വംശങ്ങളുടെയും ഇടയിൽ അവന്റെ അദ്ഭുതങ്ങളും വിവരിപ്പിൻ. യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകല ദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. ജാതികളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്. ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിൻ; മഹത്ത്വവും ബലവും യഹോവയ്ക്കു കൊടുപ്പിൻ.

സങ്കീർത്തനങ്ങൾ 96:2-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനെ പ്രകീർത്തിച്ചു പാടുവിൻ, അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ. അവിടുത്തെ രക്ഷയെ പ്രതിദിനം പ്രഘോഷിക്കുവിൻ! അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുവിൻ! അന്യജനതകളുടെ ഇടയിൽ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുവിൻ. സർവേശ്വരൻ വലിയവൻ, അവിടുന്ന് ഏറ്റവും സ്തുത്യനും സകല ദേവന്മാരെയുംകാൾ ഭയഭക്തിക്കർഹനുമാണ്. ജനതകളുടെ ദേവന്മാർ മിഥ്യാവിഗ്രഹങ്ങൾ; ആകാശത്തെ സൃഷ്‍ടിച്ചത് സർവേശ്വരനത്രേ. തേജസ്സും മഹത്ത്വവും തിരുമുമ്പിലുണ്ട്! അവിടുത്തെ വിശുദ്ധമന്ദിരത്തിൽ ശക്തിയും സൗന്ദര്യവും നിറഞ്ഞു നില്‌ക്കുന്നു. ജനപദങ്ങളേ, സർവേശ്വരനെ മഹത്ത്വപ്പെടുത്തുവിൻ! അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിൻ!

സങ്കീർത്തനങ്ങൾ 96:2-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയ്ക്കു പാടി അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവിടുത്തെ രക്ഷ പ്രസിദ്ധമാക്കുവിൻ. ജനതകളുടെ നടുവിൽ അവിടുത്തെ മഹത്വവും സര്‍വ്വവംശങ്ങളുടെയും മദ്ധ്യേ അവിടുത്തെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ. യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു; അവിടുന്ന് സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. ബഹുമാനവും തേജസ്സും അവിടുത്തെ മുമ്പിലും ബലവും ശോഭയും അവിടുത്തെ വിശുദ്ധമന്ദിരത്തിലും ഉണ്ട്. ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ; മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ.

സങ്കീർത്തനങ്ങൾ 96:2-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ. ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ. യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു. ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ; മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ.

സങ്കീർത്തനങ്ങൾ 96:2-7 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയ്ക്കു പാടുക, തിരുനാമത്തെ വാഴ്ത്തുക; അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക. രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക, സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും. കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു. ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ, എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു! പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്; ബലവും മഹത്ത്വവും അവിടത്തെ വിശുദ്ധമന്ദിരത്തിലുമുണ്ട്. രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക, മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുക.