സങ്കീർത്തനങ്ങൾ 91:9-16
സങ്കീർത്തനങ്ങൾ 91:9-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയിരിക്കുന്നു. ഒരു അനർഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കയില്ല. നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും. അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്ത്വപ്പെടുത്തും. ദീർഘായുസ്സുകൊണ്ട് ഞാൻ അവനു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവനു കാണിച്ചുകൊടുക്കും.
സങ്കീർത്തനങ്ങൾ 91:9-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ സർവേശ്വരനെ നിന്റെ സങ്കേതവും അത്യുന്നതനെ അഭയസ്ഥാനവും ആക്കിയിരിക്കുന്നുവല്ലോ. ഒരു അനർഥവും നിനക്കു ഭവിക്കയില്ല. ഒരു ബാധയും നിന്റെ കൂടാരത്തെ സമീപിക്കയില്ല. നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ തന്റെ ദൂതന്മാരോട് അവിടുന്നു കല്പിക്കും. നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കാൻ, അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. സിംഹത്തിന്റെയും അണലിയുടെയുംമേൽ നീ ചവിട്ടും. സിംഹക്കുട്ടിയെയും സർപ്പത്തെയും നീ ചവിട്ടിമെതിക്കും. ദൈവം അരുളിച്ചെയ്യുന്നു: “അവൻ സ്നേഹപൂർവം എന്നോടു പറ്റിച്ചേർന്നിരിക്കയാൽ, ഞാൻ അവനെ രക്ഷിക്കും. അവൻ എന്നെ അറിയുന്നതുകൊണ്ടു ഞാൻ അവനെ സംരക്ഷിക്കും. എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ അവന് ഉത്തരമരുളും, കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും. ഞാൻ അവനെ വിടുവിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യും. ദീർഘായുസ്സു നല്‌കി ഞാൻ അവനെ സംതൃപ്തനാക്കും. അവന്റെ രക്ഷകൻ ഞാനാണെന്ന് അവനെ ബോധ്യപ്പെടുത്തും.”
സങ്കീർത്തനങ്ങൾ 91:9-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്‍റെ സങ്കേതമായ യഹോവയെ, അത്യുന്നതനായവനെത്തന്നെ, നീ നിന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ, ഒരു അനർത്ഥവും നിനക്കു ഭവിക്കുകയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തുവരുകയില്ല. നിന്‍റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് കർത്താവ് നിന്നെക്കുറിച്ച് തന്‍റെ ദൂതന്മാരോട് കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. സിംഹത്തെയും അണലിയെയും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. “അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും. അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും. ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; എന്‍റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.
സങ്കീർത്തനങ്ങൾ 91:9-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും. അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും. ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.
സങ്കീർത്തനങ്ങൾ 91:9-16 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയെ നിന്റെ സങ്കേതവും അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ, ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല, ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല. കാരണം അവിടന്ന് തന്റെ ദൂതന്മാരോട് നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും; അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ നിന്നെ അവരുടെ കരങ്ങളിലേന്തും. സിംഹത്തെയും അണലിയെയും നീ ചതയ്ക്കും; സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും. അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും; എന്റെ നാമത്തിൽ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും. അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും; കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും, ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും. ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും എന്റെ രക്ഷ ഞാൻ അവർക്കു കാണിച്ചുകൊടുക്കും.”