സങ്കീർത്തനങ്ങൾ 56:5-11
സങ്കീർത്തനങ്ങൾ 56:5-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരേ തിന്മയ്ക്കായിട്ടാകുന്നു. അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണനായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു. നീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ. നീ എന്റെ ഉഴൽച്ചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവയ്ക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്ക് അനുകൂലമെന്നു ഞാൻ അറിയുന്നു. ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും. ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്വാൻ കഴിയും?
സങ്കീർത്തനങ്ങൾ 56:5-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശത്രുക്കൾ എപ്പോഴും എന്നെ ദ്രോഹിക്കുന്നു. എന്നെ എങ്ങനെ ഉപദ്രവിക്കാമെന്നാണ് എപ്പോഴും അവരുടെ ചിന്ത. അവർ കൂട്ടം കൂടി പതിയിരിക്കുന്നു. എന്റെ എല്ലാ നീക്കങ്ങളും അവർ നിരീക്ഷിക്കുന്നു. എന്നെ അപായപ്പെടുത്താൻ അവർ തക്കംനോക്കുന്നു. ഇത്ര വളരെ അനീതി ചെയ്തിട്ടും അവർ രക്ഷപെടുമോ? ദൈവമേ, രോഷത്തോടെ അവരെ തകർക്കണമേ. എന്റെ ദുരിതങ്ങൾ അവിടുന്ന് എണ്ണിയിട്ടുണ്ട്. എന്റെ കണ്ണുനീർ അവിടുത്തെ തുരുത്തിയിൽ സംഭരിച്ചിട്ടുണ്ട്. അവയുടെ കണക്ക് അങ്ങയുടെ പുസ്തകത്തിൽ ഉണ്ടല്ലോ? ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ, എന്റെ ശത്രുക്കൾ പിന്തിരിയും, ദൈവം എന്റെ പക്ഷത്താണെന്ന് എനിക്കറിയാം. ഞാൻ ദൈവത്തിന്റെ വചനം പ്രകീർത്തിക്കുന്നു, അതേ, ഞാൻ സർവേശ്വരന്റെ വചസ്സുകളെ പ്രകീർത്തിക്കുന്നു. ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മർത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?
സങ്കീർത്തനങ്ങൾ 56:5-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇടവിടാതെ അവർ എന്‍റെ വാക്കുകൾ വളച്ചൊടിക്കുന്നു; അവരുടെ വിചാരങ്ങളെല്ലാം എന്‍റെ നേരെ തിന്മയ്ക്കായിട്ടാകുന്നു. അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണനായി പതിയിരിക്കുന്നതുപോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു. നീതികേടിനാൽ അവർ രക്ഷപെടുമോ? ദൈവമേ, അങ്ങേയുടെ കോപത്തിൽ ജനതകളെ തള്ളിയിടേണമേ. എന്‍റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ അവിടുന്ന് എണ്ണുന്നു; എന്റെ കണ്ണുനീർ അങ്ങേയുടെ തുരുത്തിയിൽ സൂക്ഷിക്കേണമേ; അത് അങ്ങേയുടെ പുസ്തകത്തിൽ ഇല്ലയോ? ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്ക് അനുകൂലമെന്നു ഞാൻ അറിയുന്നു. ഞാൻ ദൈവത്തിൽ, അവിടുത്തെ വചനത്തിൽ തന്നെ പുകഴും; ഞാൻ യഹോവയിൽ അവിടുത്തെ വചനത്തിൽ പ്രശംസിക്കും. ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും?
സങ്കീർത്തനങ്ങൾ 56:5-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു. അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു. നീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ. നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാൻ അറിയുന്നു. ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും. ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്വാൻ കഴിയും?
സങ്കീർത്തനങ്ങൾ 56:5-11 സമകാലിക മലയാളവിവർത്തനം (MCV)
അവരെപ്പോഴും എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു; അവരുടെ പദ്ധതികളെല്ലാം എന്നെ ദ്രോഹിക്കുന്നതിനുവേണ്ടിയുള്ളവയാണ്. അവർ ഉപജാപംനടത്തുന്നു, അവർ പതിയിരിക്കുന്നു, എന്റെ നീക്കങ്ങളവർ നിരീക്ഷിക്കുന്നു, എന്നെ വധിക്കുന്നതിന് വ്യഗ്രതയുള്ളവരായിരിക്കുന്നു. ദൈവമേ, അവിടത്തെ ക്രോധത്താൽ, രാഷ്ട്രങ്ങളെ തകർത്തുകളയണമേ; അവരുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം അവരെ രക്ഷപ്പെടാൻ അനുവദിക്കരുതേ. എന്റെ ദുരിതങ്ങളുടെ കണക്കു സൂക്ഷിക്കണമേ; എന്റെ കണ്ണീർക്കണങ്ങൾ അങ്ങയുടെ തുരുത്തിയിൽ സൂക്ഷിക്കണമേ— അവ അങ്ങയുടെ ചുരുളിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ? ഞാൻ സഹായത്തിനായി അപേക്ഷിക്കുമ്പോൾ എന്റെ ശത്രുക്കൾ പിന്തിരിയും. ദൈവം എന്റെ പക്ഷത്താണ് എന്ന് ഇങ്ങനെ ഞാൻ അറിയും. ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു അതേ, യഹോവയിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു— ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും. മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?