സങ്കീർത്തനങ്ങൾ 56
56
സങ്കീർത്തനം 56
ദാവീദിന്റെ ഒരു സ്വർണഗീതം. ഫെലിസ്ത്യർ അദ്ദേഹത്തെ ഗത്തിൽവെച്ചു പിടിച്ചപ്പോൾ രചിച്ചത്.
1ദൈവമേ, എന്നോടു കരുണയുണ്ടാകണമേ,
എന്റെ ശത്രുക്കൾ ക്രോധത്തോടെ എന്നെ വേട്ടയാടുന്നു;
ദിവസംമുഴുവനും അവരെന്നെ ആക്രമിക്കുന്നു.
2എന്റെ എതിരാളികൾ ഒരു ഒഴിയാബാധയായി എന്നെ പിൻതുടരുന്നു;
അവരുടെ അഹന്തയിൽ പലരും എന്നെ ആക്രമിക്കുന്നു.
3എനിക്കു ഭയം നേരിടുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
4ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ#56:4 മൂ.ഭാ. വചനത്തിൽ ഞാൻ പുകഴുന്നു—
ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും.
വെറും മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
5അവരെപ്പോഴും എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു;
അവരുടെ പദ്ധതികളെല്ലാം എന്നെ ദ്രോഹിക്കുന്നതിനുവേണ്ടിയുള്ളവയാണ്.
6അവർ ഉപജാപംനടത്തുന്നു, അവർ പതിയിരിക്കുന്നു,
എന്റെ നീക്കങ്ങളവർ നിരീക്ഷിക്കുന്നു,
എന്നെ വധിക്കുന്നതിന് വ്യഗ്രതയുള്ളവരായിരിക്കുന്നു.
7ദൈവമേ, അവിടത്തെ ക്രോധത്താൽ, രാഷ്ട്രങ്ങളെ തകർത്തുകളയണമേ;
അവരുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം അവരെ രക്ഷപ്പെടാൻ അനുവദിക്കരുതേ.
8എന്റെ ദുരിതങ്ങളുടെ കണക്കു സൂക്ഷിക്കണമേ;
എന്റെ കണ്ണീർക്കണങ്ങൾ അങ്ങയുടെ തുരുത്തിയിൽ സൂക്ഷിക്കണമേ—
അവ അങ്ങയുടെ ചുരുളിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?
9ഞാൻ സഹായത്തിനായി അപേക്ഷിക്കുമ്പോൾ
എന്റെ ശത്രുക്കൾ പിന്തിരിയും.
ദൈവം എന്റെ പക്ഷത്താണ് എന്ന് ഇങ്ങനെ ഞാൻ അറിയും.
10ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു
അതേ, യഹോവയിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു—
11ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും.
മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
12എന്റെ ദൈവമേ, അങ്ങയോടുള്ള ശപഥം നിറവേറ്റാൻ ഞാൻ കടപ്പെട്ടിരിക്കുന്നു;
എന്റെ സ്തോത്രയാഗങ്ങൾ ഞാൻ അങ്ങേക്ക് അർപ്പിക്കും.
13കാരണം ഞാൻ ദൈവമുമ്പാകെ
ജീവന്റെ വെളിച്ചത്തിൽ നടക്കേണ്ടതിന്,
അവിടന്ന് എന്നെ മരണത്തിൽനിന്നും
എന്റെ കാലുകളെ വീഴ്ചയിൽനിന്നും രക്ഷിച്ചല്ലോ.
സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.#56:13 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 56: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.