സങ്കീർത്തനങ്ങൾ 55:1-8

സങ്കീർത്തനങ്ങൾ 55:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കേണമേ; എന്റെ യാചനയ്ക്കു മറഞ്ഞിരിക്കരുതേ. എനിക്ക് ചെവി തന്ന് ഉത്തരമരുളേണമേ; ശത്രുവിന്റെ ആരവം നിമിത്തവും ദുഷ്ടന്റെ പീഡ നിമിത്തവും ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു. അവർ എന്റെമേൽ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു. എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു. ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു. പ്രാവിനുള്ളതുപോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്ന് ഞാൻ പറഞ്ഞു. അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ. കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു!

സങ്കീർത്തനങ്ങൾ 55:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ; ഞാൻ അപേക്ഷിക്കുമ്പോൾ മുഖം മറയ്‍ക്കരുതേ. എന്റെ പ്രാർഥന കേട്ട് ഉത്തരമരുളിയാലും, കഷ്ടതകൾ മൂലം ഞാൻ അസ്വസ്ഥനായിരിക്കുന്നു. ശത്രുവിന്റെ അട്ടഹാസവും ദുഷ്ടരുടെ പീഡനവും എന്നെ പരിഭ്രാന്തനാക്കുന്നു. അവർ എന്നെ ദ്രോഹിക്കുന്നു, കോപത്തോടെ എന്നെ ആക്രമിക്കുന്നു. എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു; മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു. ഭീതിയും വിറയലും എന്നെ പിടിച്ചിരിക്കുന്നു പരിഭ്രാന്തി എന്നെ മൂടുന്നു. പ്രാവിനെപ്പോലെ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ, എന്നു ഞാനാശിച്ചു. എങ്കിൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു. ഞാൻ വിദൂരത്തേക്കു പറന്നുപോയി മരുഭൂമിയിൽ പാർക്കുമായിരുന്നു. കൊടുങ്കാറ്റിൽനിന്നും ചുഴലിക്കാറ്റിൽനിന്നും അകന്ന്; ഒരു അഭയസ്ഥാനം കണ്ടെത്തുമായിരുന്നു.

സങ്കീർത്തനങ്ങൾ 55:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവമേ, എന്‍റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്‍റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ. എനിക്ക് ചെവിതന്ന് ഉത്തരമരുളേണമേ; ശത്രുവിന്‍റെ കൂക്കുവിളി നിമിത്തവും ദുഷ്ടന്‍റെ പീഢ നിമിത്തവും ഞാൻ എന്‍റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു. അവർ എന്‍റെ മേൽ നീതികേട് ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു. എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്‍റെ മേൽ വീണിരിക്കുന്നു. ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു. “പ്രാവിനെപ്പോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്നു ഞാൻ പറഞ്ഞു. അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്, മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ. ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട് ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു!

സങ്കീർത്തനങ്ങൾ 55:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ. എനിക്കു ചെവിതന്നു ഉത്തരമരുളേണമേ; ശത്രുവിന്റെ ആരവംനിമിത്തവും ദുഷ്ടന്റെ പീഡനിമിത്തവും ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു. അവർ എന്റെ മേൽ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു. എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു. ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു. പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു. അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ. കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!

സങ്കീർത്തനങ്ങൾ 55:1-8 സമകാലിക മലയാളവിവർത്തനം (MCV)

ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കണമേ, എന്റെ യാചന അവഗണിക്കരുതേ; എന്നെ ശ്രദ്ധിച്ച് എനിക്കുത്തരമരുളണമേ. എന്റെ ശത്രുവിന്റെ അട്ടഹാസം നിമിത്തവും ദുഷ്ടരുടെ ഭീഷണിപ്പെടുത്തൽ നിമിത്തവും; എന്റെ വിചാരങ്ങളിൽ ഞാൻ വിഷണ്ണനാകുന്നു അവർ എന്റെമേൽ കഷ്ടത വരുത്തിയിരിക്കുന്നു അവരുടെ കോപത്താൽ എന്നെ വേട്ടയാടുകയും ചെയ്തിരിക്കുന്നു. എന്റെ ഹൃദയം എന്റെയുള്ളിൽ തീവ്രവേദനയിലായിരിക്കുന്നു; മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു. ഭീതിയും വിറയലും എന്നെ വളഞ്ഞിരിക്കുന്നു; ബീഭത്സത എന്നെ മൂടിയിരിക്കുന്നു. ഞാൻ പറഞ്ഞു: “ഹാ, പ്രാവിനെപ്പോലെ എനിക്കു ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ! ഞാൻ ദൂരെ പറന്നുപോയി വിശ്രമിക്കുമായിരുന്നു. ഞാൻ വിദൂരസ്ഥലത്തേക്ക് ഓടിപ്പോയി മരുഭൂമിയിൽ പാർക്കുമായിരുന്നു; സേലാ. കൊടുങ്കാറ്റിൽനിന്നും ചുഴലിക്കാറ്റിൽനിന്നും അകന്ന് ഞാൻ എന്റെ സങ്കേതത്തിലേക്ക് അതിവേഗം പാഞ്ഞടുക്കുമായിരുന്നു.”