സങ്കീ. 55
55
ഒരു സുഹൃത്തിൻ്റെ വഞ്ചനയെക്കുറിച്ചുള്ള പരാതി
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം.
1ദൈവമേ, എന്‍റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ;
എന്‍റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ.
2എനിക്ക് ചെവിതന്ന് ഉത്തരമരുളേണമേ;
ശത്രുവിന്‍റെ കൂക്കുവിളി നിമിത്തവും ദുഷ്ടന്‍റെ പീഢ നിമിത്തവും
ഞാൻ എന്‍റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.
3അവർ എന്‍റെ മേൽ നീതികേട് ചുമത്തുന്നു;
കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.
4എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു;
മരണഭീതിയും എന്‍റെ മേൽ വീണിരിക്കുന്നു.
5ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു;
പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
6“പ്രാവിനെപ്പോലെ
എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ!
എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്നു ഞാൻ പറഞ്ഞു.
7അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്,
മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ.
8ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട്
ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു!
9കർത്താവേ, അവരുടെ നാവുകളെ നശിപ്പിച്ച് വികലമാക്കേണമേ.
ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
10രാവും പകലും അവർ അതിന്‍റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു;
നീതികേടും കഷ്ടവും അതിന്‍റെ അകത്തുണ്ട്.
11ദുഷ്ടത അതിന്‍റെ നടുവിൽ ഉണ്ട്;
ചതിവും വഞ്ചനയും അതിന്‍റെ വീഥികളെ വിട്ടുമാറുന്നതുമില്ല.
12എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു;
എന്‍റെ നേരെ വമ്പ് പറഞ്ഞത് എന്നെ വെറുക്കുന്നവനല്ല;
അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.
13നീയോ എന്നോട് സമനായ മനുഷ്യനും എന്‍റെ സഖിയും
എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു.
14നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു
പുരുഷാരവുമായി ദൈവാലയത്തിലേക്ക് പോയിരുന്നല്ലോ.
15മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ;
അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ;
ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്.
16ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും;
യഹോവ എന്നെ രക്ഷിക്കും.
17ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ച് കരയും;
കർത്താവ് എന്‍റെ പ്രാർത്ഥന കേൾക്കും.
18എന്നോട് എതിർത്തു നിന്നവർ അനേകം പേരായിരുന്നു.
അവർ ആരും എന്നോട് അടുക്കാത്തവിധം കർത്താവ്
എന്‍റെ പ്രാണനെ വീണ്ടെടുത്ത് സമാധാനത്തിലാക്കി;
19കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്‍റെ നിലവിളികേട്ട് അവരെ തോല്പിക്കും. സേലാ.
അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
20തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു
തന്‍റെ സഖ്യത അവൻ ലംഘിച്ചിരിക്കുന്നു.
21അവന്‍റെ വായ് വെണ്ണപോലെ മൃദുവായത്;
ഹൃദയത്തിലോ യുദ്ധമത്രേ.
അവന്‍റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ;
എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.
22നിന്‍റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക;
അവിടുന്ന് നിന്നെ പുലർത്തും;
നീതിമാൻ കുലുങ്ങിപ്പോകുവാൻ അവിടുന്ന് ഒരുനാളും സമ്മതിക്കുകയില്ല.
23ദൈവമേ, അങ്ങ് അവരെ നാശത്തിന്‍റെ കുഴിയിലേക്ക് ഇറക്കും;
കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്‍റെ പകുതിയോളം ജീവിക്കുകയില്ല;
എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 55: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.