സങ്കീർത്തനങ്ങൾ 51:12-17
സങ്കീർത്തനങ്ങൾ 51:12-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ. അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനം തിരിയും. എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവ് നിന്റെ നീതിയെ ഘോഷിക്കും. കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണിക്കും. ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സ്; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
സങ്കീർത്തനങ്ങൾ 51:12-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും നല്‌കണമേ. അങ്ങയെ അനുസരിക്കുന്ന ആത്മാവിനെ എനിക്കു നല്‌കണമേ. അവിടുത്തെ വഴികൾ ഞാൻ അധർമികളെ പഠിപ്പിക്കും, അവർ അങ്ങയിലേക്കു മടങ്ങിവരും. എന്റെ രക്ഷകനായ ദൈവമേ, രക്തപാതകത്തിൽനിന്ന് എന്റെ ജീവനെ രക്ഷിക്കണമേ. അവിടുത്തെ രക്ഷയെ ഞാൻ ഘോഷിക്കും. സർവേശ്വരാ, എന്റെ അധരങ്ങളെ തുറക്കണമേ. ഞാൻ അങ്ങയെ സ്തുതിക്കും. യാഗങ്ങളിൽ അങ്ങു സംപ്രീതനല്ല; അല്ലെങ്കിൽ അവ ഞാൻ അർപ്പിക്കുമായിരുന്നു. ഹോമയാഗത്തിലും അങ്ങു പ്രസാദിക്കുന്നില്ല. അനുതാപംകൊണ്ട് ഉരുകുന്ന ഹൃദയമാണ് ദൈവത്തിനു സ്വീകാര്യമായ യാഗം. ദൈവമേ, തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ അങ്ങു നിരസിക്കുകയില്ലല്ലോ.
സങ്കീർത്തനങ്ങൾ 51:12-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ. അപ്പോൾ ഞാൻ അതിക്രമക്കാരോട് അവിടുത്തെ വഴികൾ ഉപദേശിക്കും; പാപികൾ നിങ്കലേക്ക് മനം തിരിഞ്ഞുവരും. ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ! രക്തം ചിന്തിയ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കേണമേ; എന്നാൽ എന്റെ നാവ് അങ്ങേയുടെ നീതിയെ ഘോഷിക്കും. കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് അങ്ങേക്ക് സ്തുതിപാടും. ഹനനയാഗം അവിടുന്ന് ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ അങ്ങേക്ക് പ്രസാദവുമില്ല. ദൈവത്തിന് പ്രസാദകരമയിരിക്കുന്ന ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ? തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, അവിടുന്ന് നിരസിക്കുകയില്ല.
സങ്കീർത്തനങ്ങൾ 51:12-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ. അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനംതിരിയും. എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും. കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും. ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
സങ്കീർത്തനങ്ങൾ 51:12-17 സമകാലിക മലയാളവിവർത്തനം (MCV)
അവിടത്തെ രക്ഷയുടെ സന്തോഷത്തിലേക്ക് എന്നെ മടക്കിവരുത്തണമേ, അനുസരിക്കാൻ ഒരുക്കമുള്ള ഒരു ആത്മാവിനെ അനുവദിച്ചുനൽകി എന്നെ താങ്ങിനിർത്തണമേ. അപ്പോൾ ഞാൻ അതിക്രമികൾക്ക് അവിടത്തെ വഴികൾ അഭ്യസിപ്പിച്ചുകൊടുക്കും, അങ്ങനെ പാപികൾ തിരുസന്നിധിയിലേക്ക് മടങ്ങിവരികയും ചെയ്യും. ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ, രക്തംചൊരിഞ്ഞ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കണമേ, അപ്പോൾ എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി പാടും. കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ; എന്റെ നാവ് അവിടത്തെ സ്തുതിഗാനമാലപിക്കട്ടെ. അവിടന്ന് യാഗം അഭിലഷിക്കുന്നില്ലല്ലോ, അങ്ങനെയായിരുന്നെങ്കിൽ ഞാനത് അർപ്പിക്കുമായിരുന്നു. ദഹനയാഗങ്ങളിൽ അവിടന്ന് പ്രസാദിക്കുന്നതുമില്ല. ദൈവത്തിന് ഹിതകരമായ യാഗം തകർന്ന മനസ്സല്ലോ; പശ്ചാത്താപത്താൽ തകർന്ന ഹൃദയത്തെ ദൈവമേ, അവിടന്നൊരിക്കലും നിരസിക്കുകയില്ലല്ലോ.