സങ്കീർത്തനങ്ങൾ 37:30-40

സങ്കീർത്തനങ്ങൾ 37:30-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവ് ന്യായം സംസാരിക്കുന്നു. തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്; അവന്റെ കാലടികൾ വഴുതുകയില്ല. ദുഷ്ടൻ നീതിമാനായി പതിയിരുന്ന്, അവനെ കൊല്ലുവാൻ നോക്കുന്നു. യഹോവ അവനെ അവന്റെ കൈയിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല. യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും. ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴയ്ക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷനു സന്തതി ഉണ്ടാകും. എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും. നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്ത് അവൻ അവരുടെ ദുർഗമാകുന്നു. യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ട് അവൻ അവരെ ദുഷ്ടന്മാരുടെ കൈയിൽ നിന്നു വിടുവിച്ചു രക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 37:30-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നീതിമാൻ ജ്ഞാനം സംസാരിക്കുന്നു; അവന്റെ നാവിൽനിന്ന് നീതി പുറപ്പെടുന്നു. ദൈവത്തിന്റെ ധർമശാസ്ത്രം അവന്റെ ഹൃദയത്തിലുണ്ട്; അവന്റെ കാലടികൾ വഴുതുകയില്ല. ദുഷ്ടൻ നീതിമാനുവേണ്ടി പതിയിരിക്കുന്നു; അവനെ കൊല്ലാൻ തക്കംനോക്കുന്നു. സർവേശ്വരൻ അവനെ ദുഷ്ടനു വിട്ടുകൊടുക്കുകയുമില്ല. ന്യായവിസ്താരത്തിൽ കുറ്റവാളിയെന്നു വിധിക്കപ്പെടാൻ സമ്മതിക്കുകയില്ല. സർവേശ്വരനായി കാത്തിരിക്ക; അവിടുത്തെ വഴികളിൽ നടക്ക. നിന്റെ ദേശം നിനക്കു നല്‌കി അവിടുന്നു നിന്നെ ആദരിക്കും. ദുഷ്ടർ നിഗ്രഹിക്കപ്പെടുന്നതു നീ കാണും. ദുഷ്ടൻ പ്രബലനാകുന്നതും ലെബാനോനിലെ ദേവദാരുപോലെ തഴച്ചുനില്‌ക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. പിന്നീടു ഞാൻ അതുവഴി പോയപ്പോൾ അവൻ അവിടെ ഇല്ല. അവനെ അന്വേഷിച്ചെങ്കിലും കണ്ടില്ല. നിഷ്കളങ്കനെ ശ്രദ്ധിക്കുക നീതിനിഷ്ഠനെ നിരീക്ഷിക്കുക. സമാധാനമുള്ള മനുഷ്യനു സന്തതികൾ ഉണ്ടാകും. എന്നാൽ അതിക്രമികൾ നിർമ്മാർജനം ചെയ്യപ്പെടും; ദുഷ്ടരുടെ സന്തതി അറ്റുപോകും. നീതിമാന്മാരെ സർവേശ്വരൻ വിടുവിക്കുന്നു; അനർഥകാലത്ത് അവിടുന്ന് അവരുടെ രക്ഷാസങ്കേതം. സർവേശ്വരൻ അവരെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. അവിടുന്ന് അവരെ ദുഷ്ടരുടെ പിടിയിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു. സർവേശ്വരനെ ആണല്ലോ അവർ ശരണമാക്കിയിരിക്കുന്നത്.

സങ്കീർത്തനങ്ങൾ 37:30-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നീതിമാന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്‍റെ നാവ് ന്യായം സംസാരിക്കുന്നു. തന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ഹൃദയത്തിൽ ഉണ്ട്; അവന്‍റെ കാലടികൾ വഴുതുകയില്ല. ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു, യഹോവ അവനെ അവന്‍റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല. യഹോവയ്ക്കായി പ്രത്യാശിച്ച് അവിടുത്തെ വഴി പ്രമാണിച്ച് നടക്കുക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ കർത്താവ് നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും. ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; സമാധാനപുരുഷന് സന്തതി ഉണ്ടാകും. എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും; അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും. നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്ന് വരുന്നു; കഷ്ടകാലത്ത് കർത്താവ് അവരുടെ ദുർഗ്ഗം ആകുന്നു. യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു; അവർ കർത്താവിൽ ആശ്രയിക്കയാൽ അവിടുന്ന് അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 37:30-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു. തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല. ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാൻ നോക്കുന്നു. യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല. യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും. ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു. ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും. എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും. നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്തു അവൻ അവരുടെ ദുർഗ്ഗം ആകുന്നു. യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 37:30-40 സമകാലിക മലയാളവിവർത്തനം (MCV)

നീതിനിഷ്ഠരുടെ അധരങ്ങളിൽനിന്നു ജ്ഞാനം പൊഴിയുന്നു, അവരുടെ നാവിൽനിന്നു നീതി പുറപ്പെടുന്നു. അവരുടെ ദൈവത്തിന്റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളിലുണ്ട്; അവരുടെ കാലടികൾ വഴുതിപ്പോകുകയില്ല. നീതിനിഷ്ഠരുടെ ജീവൻ അപഹരിക്കാൻ ആഗ്രഹിച്ചുകൊണ്ട്, ദുഷ്ടർ അവർക്കായി പതിയിരിക്കുന്നു. എന്നാൽ യഹോവ അവരെ അവരുടെ ഇഷ്ടത്തിന് ഏൽപ്പിച്ചുകൊടുക്കുകയോ ന്യായവിസ്താരത്തിൽ ശിക്ഷിക്കപ്പെടാൻ അനുവദിക്കുകയോ ചെയ്യുകയില്ല. യഹോവയിൽ പ്രത്യാശയർപ്പിക്കുക അവിടത്തെ മാർഗം പിൻതുടരുക. അവിടന്നു നിങ്ങളെ ഭൂമിയുടെ അവകാശിയായി ഉയർത്തും; ദുഷ്ടർ ഛേദിക്കപ്പെടുന്നത് നിങ്ങൾ കാണുകയും ചെയ്യും. സ്വദേശത്തെ വൃക്ഷംപോലെ ദുഷ്ടരും അനുകമ്പയില്ലാത്തവരും തഴച്ചുവളരുന്നതു ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ അവർ വളരെപ്പെട്ടെന്ന് മാറ്റപ്പെടുന്നു, അതിന്റെ സ്ഥാനത്ത് ഒന്നും ശേഷിക്കുകയില്ല; ഞാൻ അവരെ അന്വേഷിച്ചു, കണ്ടെത്താൻ കഴിഞ്ഞതുമില്ല. സത്യസന്ധരെ നിരീക്ഷിക്കുക, പരമാർഥതയുള്ളവരെ ശ്രദ്ധിക്കുക; സമാധാനം അന്വേഷിക്കുന്നവർക്ക് സന്തതിപരമ്പരകൾ ഉണ്ടാകും. എന്നാൽ പാപികൾ എല്ലാവരും നശിപ്പിക്കപ്പെടും; ദുഷ്ടർ സന്തതിയില്ലാതെ സമൂലം ഛേദിക്കപ്പെടും. നീതിനിഷ്ഠരുടെ രക്ഷ യഹോവയിൽനിന്നു വരുന്നു; ദുർഘടസമയത്ത് അവിടന്ന് അവർക്ക് ഉറപ്പുള്ളകോട്ട. യഹോവ അവരെ സഹായിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; അവർ യഹോവയിൽ അഭയംതേടുന്നതിനാൽ അവിടന്ന് അവരെ ദുഷ്ടരിൽനിന്നു വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.