സങ്കീർത്തനങ്ങൾ 22:9-15
സങ്കീർത്തനങ്ങൾ 22:9-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുലകുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി. ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ. അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരേ വായ്പിളർക്കുന്നു. ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവേ ഉരുകിയിരിക്കുന്നു. എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവ് അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 22:9-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ പുറത്തുകൊണ്ടുവന്നത് അവിടുന്നാണ്. മുലകുടിപ്രായത്തിലും എന്നെ സംരക്ഷിച്ചത് അവിടുന്നുതന്നെ. പിറന്ന നാൾമുതൽ അവിടുന്നെന്നെ പരിപാലിക്കുന്നു; എന്റെ അമ്മ എന്നെ പ്രസവിച്ച നാൾമുതൽ അവിടുന്നാണ് എന്റെ ദൈവം. ശത്രുക്കൾ എന്നെ സമീപിച്ചിരിക്കുകയാൽ, അവിടുന്ന് എന്നെ വിട്ട് അകന്നു പോകരുതേ, സഹായിക്കാൻ മറ്റാരുമില്ലല്ലോ. കാളക്കൂറ്റന്മാരെപ്പോലെ ശത്രുക്കൾ എന്നെ വളഞ്ഞു, ബാശാൻകൂറ്റന്മാരെപ്പോലെ അവർ എന്നെ വലയംചെയ്തു. ആർത്തിപിടിച്ചു ഗർജിക്കുന്ന സിംഹംപോലെ, അവർ എന്റെനേരേ വായ് പിളർന്നു. എന്റെ ശക്തി വെള്ളംപോലെ തൂവിപ്പോയിരിക്കുന്നു, എന്റെ അസ്ഥികൾ ഉലഞ്ഞിരിക്കുന്നു. എന്റെ ഹൃദയം മെഴുകുപോലെ ഉരുകിയിരിക്കുന്നു. എന്റെ തൊണ്ട പൊട്ടി വറകലംപോലെ വരണ്ടിരിക്കുന്നു; എന്റെ നാവ് അണ്ണാക്കിനോടു പറ്റിയിരിക്കുന്നു. മരണത്തിന്റെ പൂഴിയിൽ അവിടുന്ന് എന്നെ തള്ളിയിട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 22:9-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുന്നല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ അവിടുന്ന് എന്നെ അങ്ങയിൽ ആശ്രയിക്കുമാറാക്കി. ജനിച്ച ഉടൻ തന്നെ ഞാൻ അങ്ങയിൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ അവിടുന്ന് എന്‍റെ ദൈവം. കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിക്കുവാൻ മറ്റാരുമില്ലല്ലോ. അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു. ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി; എന്‍റെ ഉള്ളിൽ ഉരുകിയിരിക്കുന്നു. എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു. അങ്ങ് എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 22:9-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി. ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ. അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു. ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു. എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 22:9-15 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്നാണല്ലോ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുകൊണ്ടുവന്നത്; എന്റെ അമ്മയുടെ മുലകുടിക്കുംകാലംമുതലേ എന്നെ സുരക്ഷിതനായി കാത്തതും അങ്ങാണല്ലോ. എന്റെ അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾത്തന്നെ ഞാൻ തിരുക്കരങ്ങളിൽ സമർപ്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഗർഭപാത്രംമുതൽ അവിടന്നാണ് എന്റെ ദൈവം. കഷ്ടം അടുത്തിരിക്കുകയാലും സഹായിക്കാൻ ആരും ഇല്ലാതിരിക്കയാലും എന്നിൽനിന്ന് അകന്നിരിക്കരുതേ. അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാനിലെ ശക്തിയുള്ള കാളക്കൂറ്റന്മാർ എന്നെ വലയംചെയ്തിരിക്കുന്നു. ഗർജിക്കുന്ന സിംഹം ഇരയെ കടിച്ചുകീറുന്നതുപോലെ അവരുടെ വായ് എനിക്കെതിരേ പിളർക്കുന്നു. ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു, എന്റെ അസ്ഥികളെല്ലാം ബന്ധംവിട്ടിരിക്കുന്നു. എന്റെ ഹൃദയം മെഴുകുപോലെയായി, എന്റെയുള്ളിൽ ഉരുകിയിരിക്കുന്നു. എന്റെ ശക്തി മൺപാത്രക്കഷണംപോലെ ഉണങ്ങിയിരിക്കുന്നു എന്റെ നാവ് അണ്ണാക്കിനോട് ഒട്ടിയിരിക്കുന്നു അവിടന്ന് എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.