സങ്കീർത്തനങ്ങൾ 18:7-15

സങ്കീർത്തനങ്ങൾ 18:7-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി. അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു; തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു. അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു. അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു. അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി. അവന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളിൽക്കൂടി പൊഴിഞ്ഞു. യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു. അവൻ അസ്ത്രം എയ്ത് അവരെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു. യഹോവേ, നിന്റെ ഭർത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീർത്തോടുകൾ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.

സങ്കീർത്തനങ്ങൾ 18:7-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ അവിടുത്തെ കോപത്താൽ ഭൂമി ഞെട്ടിവിറച്ചു. പർവതങ്ങളുടെ അടിസ്ഥാനങ്ങൾ ഇളകി. അവിടുത്തെ മൂക്കിൽനിന്നു പുക ഉയർന്നു, വായിൽനിന്നു സംഹാരാഗ്നി വമിച്ചു. ജ്വലിക്കുന്ന തീക്കനൽ ചിതറി. അവിടുന്ന് ആകാശം വളച്ച് ഇറങ്ങിവന്നു. കരിമേഘങ്ങൾ അവിടുത്തെ കാൽക്കീഴിലുണ്ടായിരുന്നു. അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു. കാറ്റിന്റെ ചിറകുകളിൽ അവിടുന്ന് അതിശീഘ്രം പറന്നെത്തി. കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി. ജലംപൂണ്ട കറുത്ത മേഘങ്ങൾ മേൽവിരിപ്പുമാക്കി. തിരുമുമ്പിലെ മിന്നൽപ്പിണരുകളിൽനിന്നു മേഘപാളികൾ ഭേദിച്ച് കന്മഴയും തീക്കനലും വർഷിച്ചു. സർവേശ്വരൻ ആകാശത്ത് ഇടിനാദം മുഴക്കി. അത്യുന്നതൻ തന്റെ ശബ്ദം കേൾപ്പിച്ചു; കന്മഴയും തീക്കനലും തന്നെ. അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തി. സർവേശ്വരാ, അവിടുത്തെ ഭർത്സനത്താൽ, അവിടുത്തെ ക്രോധനിശ്വാസത്താൽ, ആഴിയുടെ അടിത്തട്ടു ദൃശ്യമായി, ഭൂമിയുടെ അടിസ്ഥാനങ്ങൾ അനാവൃതമായി.

സങ്കീർത്തനങ്ങൾ 18:7-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; ദൈവം കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി. അവിടുത്തെ മൂക്കിൽനിന്ന് പുകപൊങ്ങി; അവിടുത്തെ വായിൽനിന്ന് തീ പുറപ്പെട്ടു ദഹിപ്പിച്ചു; തീക്കനൽ ദൈവത്തിൽനിന്ന് ജ്വലിച്ചു. അവിടുന്ന് ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവിടുത്തെ കാല്ക്കീഴിലുണ്ടായിരുന്നു. ദൈവം കെരൂബിനെ വാഹനമാക്കി പറന്നു; കർത്താവ് കാറ്റിന്‍റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു. ദൈവം അന്ധകാരത്തെ തന്‍റെ മറവും ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി. ദൈവം തന്‍റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിയിച്ചു. യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതനായ ദൈവം തന്‍റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു. ദൈവം അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു. യഹോവേ, അവിടുത്തെ ശാസനയാലും അങ്ങേയുടെ മൂക്കിലെ ശ്വാസത്തിന്‍റെ പ്രവാഹത്തിന്‍റെ ശക്തിയാലും സമുദ്രപാതകൾ തെളിഞ്ഞുവന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.

സങ്കീർത്തനങ്ങൾ 18:7-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി. അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു. അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു. അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു. അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി. അവന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളിൽകൂടി പൊഴിഞ്ഞു. യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു. അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നൽ അയച്ചു അവരെ തോല്പിച്ചു. യഹോവേ, നിന്റെ ഭർത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീർത്തോടുകൾ കാണായ്‌വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.

സങ്കീർത്തനങ്ങൾ 18:7-15 സമകാലിക മലയാളവിവർത്തനം (MCV)

ഭൂമി പ്രകമ്പനത്താൽ കുലുങ്ങി, പർവതങ്ങളുടെ അടിസ്ഥാനങ്ങൾ വിറകൊണ്ടു; അവിടത്തെ കോപത്താൽ അവ ഇളകിയാടി. അവിടത്തെ നാസാരന്ധ്രങ്ങളിൽനിന്നു ധൂമപടലമുയർന്നു; സംഹാരാഗ്നി അവിടത്തെ വായിൽനിന്നും പുറപ്പെട്ടു, തീക്കനലുകൾ അവിടെ കത്തിജ്വലിച്ചു. അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങിവന്നു; കാർമുകിലുകൾ അവിടത്തെ തൃപ്പാദങ്ങൾ താങ്ങിനിന്നു. അവിടന്നു കെരൂബിൻമുകളിലേറി പറന്നു; കാറ്റിൻചിറകേറി അങ്ങ് കുതിച്ചുയർന്നു. അവിടന്ന് അന്ധകാരത്തെ തനിക്കു ആവരണവും, തനിക്കുചുറ്റും വിതാനമാക്കി നിർത്തി— ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ. ആലിപ്പഴത്തോടും മിന്നൽപ്പിണരുകളോടുംകൂടെ അവിടത്തെ സാന്നിധ്യത്തിൻ പ്രഭയിൽനിന്ന് മേഘങ്ങൾ ഉയർന്നു. യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി; പരമോന്നതൻ തന്റെ ശബ്ദംകേൾപ്പിച്ചു, ആലിപ്പഴപ്പെയ്ത്തോടും മിന്നൽപ്പിണരുകളോടുംകൂടെ. അവിടന്നു തന്റെ അസ്ത്രമയച്ച് ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തിയോടിച്ചു. യഹോവേ, അവിടത്തെ ശാസനയാൽ, അവിടത്തെ നാസികയിൽനിന്നുള്ള നിശ്വാസത്താൽത്തന്നെ, സമുദ്രത്തിന്റെ അടിത്തട്ടുകൾ ദൃശ്യമാക്കപ്പെട്ടു ഭൂമിയുടെ അസ്തിവാരം അനാവൃതമാക്കപ്പെട്ടു.