സങ്കീർത്തനങ്ങൾ 118:15-29
സങ്കീർത്തനങ്ങൾ 118:15-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലംകൈ വീര്യം പ്രവർത്തിക്കുന്നു. യഹോവയുടെ വലംകൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലംകൈ വീര്യം പ്രവർത്തിക്കുന്നു. ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണിക്കും. യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവൻ എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല. നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ; ഞാൻ അവയിൽക്കൂടി കടന്നു യഹോവയ്ക്കു സ്തോത്രം ചെയ്യും. യഹോവയുടെ വാതിൽ ഇതു തന്നെ; നീതിമാന്മാർ അതിൽക്കൂടി കടക്കും. നീ എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു. ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ച് ആനന്ദിക്ക. യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ. യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽ നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു. യഹോവ തന്നെ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും. യഹോവയ്ക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.
സങ്കീർത്തനങ്ങൾ 118:15-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ, നീതിമാന്മാരുടെ കൂടാരങ്ങളിൽ ജയഘോഷം ഉയരുന്നു; സർവേശ്വരന്റെ വലങ്കൈ അവർക്കു വിജയം നേടിക്കൊടുത്തിരിക്കുന്നു. സർവേശ്വരന്റെ വലങ്കൈ ഉയർന്നിരിക്കുന്നു; അവിടുത്തെ വലങ്കൈ അവർക്കു വിജയം നേടിക്കൊടുത്തിരിക്കുന്നു. ഞാൻ മരിക്കുകയില്ല; ഞാൻ ജീവിച്ചിരുന്ന് സർവേശ്വരന്റെ പ്രവൃത്തികൾ വർണിക്കും. അവിടുന്ന് എന്നെ കഠിനമായി ശിക്ഷിച്ചു, എങ്കിലും അവിടുന്ന് എന്നെ മരിക്കാൻ ഇടയാക്കിയില്ല. നീതിയുടെ വാതിലുകൾ തുറന്നുതരിക, ഞാനവയിലൂടെ പ്രവേശിച്ചു സർവേശ്വരനു സ്തോത്രം അർപ്പിക്കട്ടെ. സർവേശ്വരന്റെ കവാടം ഇതുതന്നെ, നീതിമാന്മാർ ഇതിലൂടെ പ്രവേശിക്കും. ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. അവിടുന്ന് എന്റെ അപേക്ഷ കേട്ട് എന്നെ വിടുവിച്ചുവല്ലോ. പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു സർവേശ്വരന്റെ പ്രവൃത്തിയാകുന്നു. ഇത് എത്ര വിസ്മയകരം! ഇതു സർവേശ്വരൻ പ്രവർത്തിച്ച ദിവസമാണ്. നമുക്ക് ആനന്ദിച്ചുല്ലസിക്കാം. സർവേശ്വരാ, ഞങ്ങളെ രക്ഷിച്ചാലും, അവിടുന്നു ഞങ്ങൾക്കു വിജയം നല്‌കണമേ. സർവേശ്വരന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ; ഞങ്ങൾ അവിടുത്തെ ആലയത്തിൽനിന്നു നിങ്ങളെ ആശീർവദിക്കുന്നു. സർവേശ്വരനാണ് ദൈവം; അവിടുന്നു നമ്മുടെമേൽ പ്രകാശം ചൊരിഞ്ഞിരിക്കുന്നു. പ്രദക്ഷിണത്തിനായി ഇളംചില്ലകളേന്തി നില്‌ക്കുന്ന തീർഥാടകരെ യാഗപീഠത്തിന്റെ കൊമ്പുകളോളം അണിയണിയായി നിർത്തുവിൻ. അവിടുന്നാണ് എന്റെ ദൈവം. ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. അവിടുന്നാണ് എന്റെ ദൈവം, ഞാൻ അങ്ങയെ വാഴ്ത്തും. സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ. അവിടുന്നു നല്ലവനല്ലോ. അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു.
സങ്കീർത്തനങ്ങൾ 118:15-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഉല്ലാസത്തിന്‍റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും. യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എങ്കിലും കർത്താവ് എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല. നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും. യഹോവയുടെ വാതിൽ ഇതുതന്നെ; നീതിമാന്മാർ അതിൽകൂടി കടക്കും. അങ്ങ് എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇത് യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു. ഇത് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക. യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്ക് ജയം നല്കേണമേ. യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു. യഹോവ തന്നെ ദൈവം; അവിടുന്ന് നമുക്ക് പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്‍റെ കൊമ്പുകളിൽ യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ. അങ്ങ് എന്‍റെ ദൈവമാകുന്നു; ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങ് എന്‍റെ ദൈവമാകുന്നു; ഞാൻ അങ്ങയെ പുകഴ്ത്തും. യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ; അവിടുത്തെ ദയ എന്നേക്കും ഉള്ളതാകുന്നു.
സങ്കീർത്തനങ്ങൾ 118:15-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും. യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവൻ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല. നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്നു യഹോവെക്കു സ്തോത്രം ചെയ്യും. യഹോവയുടെ വാതിൽ ഇതു തന്നേ; നീതിമാന്മാർ അതിൽകൂടി കടക്കും. നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു. ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക. യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ. യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു. യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ. നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും. യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.
സങ്കീർത്തനങ്ങൾ 118:15-29 സമകാലിക മലയാളവിവർത്തനം (MCV)
നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു: “യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു! യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!” ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്, യഹോവയുടെ പ്രവൃത്തികൾ വർണിക്കും. യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു, എങ്കിലും അവിടന്ന് എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തില്ല. നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക; ഞാൻ അവയിലൂടെ പ്രവേശിച്ച് യഹോവയ്ക്കു സ്തോത്രമർപ്പിക്കും. യഹോവയുടെ കവാടം ഇതാകുന്നു നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും. അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും; അങ്ങ് എന്റെ രക്ഷയായിത്തീർന്നിരിക്കുന്നുവല്ലോ. ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു; ഇത് യഹോവ ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു. ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം. യഹോവേ, ഞങ്ങളെ രക്ഷിക്കണമേ! യഹോവേ, ഞങ്ങൾക്കു വിജയം നൽകണമേ! യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; യഹോവയുടെ മന്ദിരത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു. യഹോവ ആകുന്നു ദൈവം, അവിടന്ന് ഞങ്ങൾക്കു പ്രകാശം നൽകിയിരിക്കുന്നു. യാഗപീഠത്തിന്റെ കൊമ്പുകളിൽ യാഗമൃഗത്തെ ബന്ധിക്കുക. അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു; അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ പുകഴ്ത്തുന്നു. യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.