ഇതാ, നീതിമാന്മാരുടെ കൂടാരങ്ങളിൽ ജയഘോഷം ഉയരുന്നു; സർവേശ്വരന്റെ വലങ്കൈ അവർക്കു വിജയം നേടിക്കൊടുത്തിരിക്കുന്നു. സർവേശ്വരന്റെ വലങ്കൈ ഉയർന്നിരിക്കുന്നു; അവിടുത്തെ വലങ്കൈ അവർക്കു വിജയം നേടിക്കൊടുത്തിരിക്കുന്നു. ഞാൻ മരിക്കുകയില്ല; ഞാൻ ജീവിച്ചിരുന്ന് സർവേശ്വരന്റെ പ്രവൃത്തികൾ വർണിക്കും. അവിടുന്ന് എന്നെ കഠിനമായി ശിക്ഷിച്ചു, എങ്കിലും അവിടുന്ന് എന്നെ മരിക്കാൻ ഇടയാക്കിയില്ല. നീതിയുടെ വാതിലുകൾ തുറന്നുതരിക, ഞാനവയിലൂടെ പ്രവേശിച്ചു സർവേശ്വരനു സ്തോത്രം അർപ്പിക്കട്ടെ. സർവേശ്വരന്റെ കവാടം ഇതുതന്നെ, നീതിമാന്മാർ ഇതിലൂടെ പ്രവേശിക്കും. ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. അവിടുന്ന് എന്റെ അപേക്ഷ കേട്ട് എന്നെ വിടുവിച്ചുവല്ലോ. പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു സർവേശ്വരന്റെ പ്രവൃത്തിയാകുന്നു. ഇത് എത്ര വിസ്മയകരം! ഇതു സർവേശ്വരൻ പ്രവർത്തിച്ച ദിവസമാണ്. നമുക്ക് ആനന്ദിച്ചുല്ലസിക്കാം. സർവേശ്വരാ, ഞങ്ങളെ രക്ഷിച്ചാലും, അവിടുന്നു ഞങ്ങൾക്കു വിജയം നല്‌കണമേ. സർവേശ്വരന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ; ഞങ്ങൾ അവിടുത്തെ ആലയത്തിൽനിന്നു നിങ്ങളെ ആശീർവദിക്കുന്നു. സർവേശ്വരനാണ് ദൈവം; അവിടുന്നു നമ്മുടെമേൽ പ്രകാശം ചൊരിഞ്ഞിരിക്കുന്നു. പ്രദക്ഷിണത്തിനായി ഇളംചില്ലകളേന്തി നില്‌ക്കുന്ന തീർഥാടകരെ യാഗപീഠത്തിന്റെ കൊമ്പുകളോളം അണിയണിയായി നിർത്തുവിൻ. അവിടുന്നാണ് എന്റെ ദൈവം. ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. അവിടുന്നാണ് എന്റെ ദൈവം, ഞാൻ അങ്ങയെ വാഴ്ത്തും. സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ. അവിടുന്നു നല്ലവനല്ലോ. അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു.
SAM 118 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 118:15-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ