സദൃശവാക്യങ്ങൾ 8:1-11
സദൃശവാക്യങ്ങൾ 8:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ? അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു. അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതിൽക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്: പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു. അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊൾവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. കേൾപ്പിൻ, ഞാൻ ഉൽക്കൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന് ആയിരിക്കും. എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങൾക്കു അറപ്പാകുന്നു. എന്റെ വായിലെ മൊഴിയൊക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല. അവയെല്ലാം ബുദ്ധിമാനു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു. വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ. ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിനു തുല്യമാകയില്ല.
സദൃശവാക്യങ്ങൾ 8:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനം ഉച്ചത്തിൽ വിളിച്ചു പറയുന്നതു കേൾക്കുന്നില്ലേ? വിവേകം ശബ്ദം ഉയർത്തുന്നതു നിങ്ങൾ ശ്രദ്ധിക്കുന്നില്ലേ? വഴിയരികിലുള്ള കുന്നുകളുടെ മുകളിലും വീഥികളിലും അവൾ നില ഉറപ്പിക്കുന്നു. നഗരകവാടത്തിൽ വാതിലിനരികെ നിന്നുകൊണ്ട് അവൾ വിളിച്ചുപറയുന്നു: അല്ലയോ മനുഷ്യരേ, ഞാൻ നിങ്ങളോടു ഉദ്ഘോഷിക്കുന്നു; ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. അപക്വമതികളേ, വിവേകം തേടുവിൻ, ഭോഷന്മാരേ, ജ്ഞാനം ഉൾക്കൊള്ളുവിൻ. ശ്രേഷ്ഠമായ കാര്യങ്ങൾ ഞാൻ പറയാൻ പോകുന്നു; നേരായുള്ളതേ എന്റെ അധരങ്ങളിൽനിന്നു പുറപ്പെടൂ. ഞാൻ സത്യം സംസാരിക്കും; ദുർഭാഷണം ഞാൻ വെറുക്കുന്നു. എന്റെ എല്ലാ വചനങ്ങളും നീതിയുക്തമാണ്. അവയിൽ വളവും വക്രതയും ഇല്ല, ഗ്രഹിക്കാൻ കെല്പുള്ളവന് അതു ഋജുവുമാണ്. അറിവു നേടുന്നവർക്ക് അതു നേരായത്. വെള്ളിക്കു പകരം പ്രബോധനവും വിശിഷ്ടമായ സ്വർണത്തിനു പകരം ജ്ഞാനവും സ്വീകരിക്കൂ. ജ്ഞാനം രത്നത്തെക്കാൾ മികച്ചത് നീ ആഗ്രഹിക്കുന്ന മറ്റെല്ലാത്തിനെക്കാളും അത് ശ്രേഷ്ഠവുമാണ്.
സദൃശവാക്യങ്ങൾ 8:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം ഉയർത്തുന്നില്ലയോ? അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ, പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു. അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്: “പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്ക് വരുന്നു. അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും; എന്‍റെ അധരങ്ങൾ തുറക്കുന്നത് നേരിന് ആയിരിക്കും. എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്‍റെ അധരങ്ങൾക്ക് അറപ്പാകുന്നു. എന്റെ വായിലെ മൊഴി സകലവും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല. അവയെല്ലാം ബുദ്ധിമാന് തെളിവും പരിജ്ഞാനം ലഭിച്ചവർക്ക് നേരും ആകുന്നു. വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേൽത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്ളുവിൻ. ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.
സദൃശവാക്യങ്ങൾ 8:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ? അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു. അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു: പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു. അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചു കൊൾവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും. എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങൾക്കു അറെപ്പാകുന്നു. എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായതു ഒന്നുമില്ല. അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു. വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ. ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.
സദൃശവാക്യങ്ങൾ 8:1-11 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനമായവൾ വിളംബരം നടത്തുന്നില്ലേ? വിവേകമുള്ളവൾ ഉച്ചൈസ്തരം ഘോഷിക്കുന്നില്ലേ? വീഥികളുടെ സംഗമസ്ഥാനത്ത്, പാതയോരത്തെ ഉയർന്നസ്ഥാനത്ത് അവൾ നിലയുറപ്പിക്കുന്നു; നഗരകവാടത്തിനരികിൽ, അതിന്റെ പ്രവേശനത്തിനരികെ നിന്നുകൊണ്ട്, അവൾ ഉറക്കെ വിളിച്ചുപറയുന്നു: “അല്ലയോ മനുഷ്യരേ, ഞാൻ നിങ്ങളോട് വിളംബരംചെയ്യുന്നു; മനുഷ്യവർഗത്തോടെല്ലാം ഞാൻ എന്റെ സ്വരം ഉയർത്തുന്നു. ലളിതമാനസരേ, കാര്യപ്രാപ്തിയുള്ളവരാകുക; ബുദ്ധിഹീനരായവരേ, വിവേകമുള്ളവരാകുക. ശ്രദ്ധിക്കുക, എനിക്കു ശ്രേഷ്ഠകരമായ വസ്തുതകൾ പ്രസ്താവിക്കാനുണ്ട്; നീതിയുക്തമായതു സംസാരിക്കാൻ ഞാൻ എന്റെ അധരങ്ങൾ തുറക്കുന്നു. എന്റെ വായ് സത്യം സംസാരിക്കുന്നു, തിന്മ എന്റെ അധരങ്ങൾക്ക് അറപ്പാണ്. എന്റെ വായിലെ വാക്കുകളെല്ലാം നീതിയുള്ളവയാണ്; വക്രതയോ വൈകൃതമോ നിറഞ്ഞ ഒന്നുംതന്നെ അവയിലില്ല. വിവേകികൾക്ക് എന്റെ വാക്കുകൾ സുവ്യക്തമാണ്; പരിജ്ഞാനമുള്ളവർക്ക് അവയെല്ലാം വക്രതയില്ലാത്തതായിരിക്കും. എന്റെ ശിക്ഷണം വെള്ളിക്കുപകരമായും പരിജ്ഞാനം മേൽത്തരം തങ്കത്തിലും ശ്രേഷ്ഠമായും സ്വീകരിക്കുക, ജ്ഞാനം മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.