സദൃശവാക്യങ്ങൾ 8:1-11

സദൃശവാക്യങ്ങൾ 8:1-11 MCV

ജ്ഞാനമായവൾ വിളംബരം നടത്തുന്നില്ലേ? വിവേകമുള്ളവൾ ഉച്ചൈസ്തരം ഘോഷിക്കുന്നില്ലേ? വീഥികളുടെ സംഗമസ്ഥാനത്ത്, പാതയോരത്തെ ഉയർന്നസ്ഥാനത്ത് അവൾ നിലയുറപ്പിക്കുന്നു; നഗരകവാടത്തിനരികിൽ, അതിന്റെ പ്രവേശനത്തിനരികെ നിന്നുകൊണ്ട്, അവൾ ഉറക്കെ വിളിച്ചുപറയുന്നു: “അല്ലയോ മനുഷ്യരേ, ഞാൻ നിങ്ങളോട് വിളംബരംചെയ്യുന്നു; മനുഷ്യവർഗത്തോടെല്ലാം ഞാൻ എന്റെ സ്വരം ഉയർത്തുന്നു. ലളിതമാനസരേ, കാര്യപ്രാപ്തിയുള്ളവരാകുക; ബുദ്ധിഹീനരായവരേ, വിവേകമുള്ളവരാകുക. ശ്രദ്ധിക്കുക, എനിക്കു ശ്രേഷ്ഠകരമായ വസ്തുതകൾ പ്രസ്താവിക്കാനുണ്ട്; നീതിയുക്തമായതു സംസാരിക്കാൻ ഞാൻ എന്റെ അധരങ്ങൾ തുറക്കുന്നു. എന്റെ വായ് സത്യം സംസാരിക്കുന്നു, തിന്മ എന്റെ അധരങ്ങൾക്ക് അറപ്പാണ്. എന്റെ വായിലെ വാക്കുകളെല്ലാം നീതിയുള്ളവയാണ്; വക്രതയോ വൈകൃതമോ നിറഞ്ഞ ഒന്നുംതന്നെ അവയിലില്ല. വിവേകികൾക്ക് എന്റെ വാക്കുകൾ സുവ്യക്തമാണ്; പരിജ്ഞാനമുള്ളവർക്ക് അവയെല്ലാം വക്രതയില്ലാത്തതായിരിക്കും. എന്റെ ശിക്ഷണം വെള്ളിക്കുപകരമായും പരിജ്ഞാനം മേൽത്തരം തങ്കത്തിലും ശ്രേഷ്ഠമായും സ്വീകരിക്കുക, ജ്ഞാനം മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.