സദൃശവാക്യങ്ങൾ 30:1-10
സദൃശവാക്യങ്ങൾ 30:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാട്; ആ പുരുഷന്റെ വാക്യമാവിത്: ദൈവമേ, ഞാൻ അധ്വാനിച്ചു, ദൈവമേ, ഞാൻ അധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു. ഞാൻ സകല മനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല; ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല. സ്വർഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ? കാറ്റിനെ തന്റെ മുഷ്‍ടിയിൽ പിടിച്ചടക്കിയവനാർ? വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവൻ ആർ? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആർ? അവന്റെ പേരെന്ത്? അവന്റെ മകന്റെ പേരെന്ത്? നിനക്കറിയാമോ? ദൈവത്തിന്റെ സകല വചനവും ശുദ്ധി ചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്ക് അവൻ പരിച തന്നെ. അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇടവരരുത്. രണ്ടു കാര്യം ഞാൻ നിന്നോട് അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ; വ്യാജവും ഭോഷ്കും എന്നോട് അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ട്: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്‍ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ. ദാസനെക്കുറിച്ചു യജമാനനോട് ഏഷണി പറയരുത്; അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്.
സദൃശവാക്യങ്ങൾ 30:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മസ്സായിലെ യാക്കേയുടെ പുത്രനായ ആഗൂറിന്റെ വചനങ്ങൾ: അദ്ദേഹം ഇഥിയേലിനോടും യുകാളിനോടും പറയുന്നു: മനുഷ്യനായിരിക്കാൻ യോഗ്യത എനിക്കില്ല; ഞാൻ അത്രയ്‍ക്കു മൂഢനാണ്. ഞാൻ ജ്ഞാനം നേടിയിട്ടില്ല; പരിശുദ്ധനായ ദൈവത്തെക്കുറിച്ചുള്ള അറിവും എനിക്കില്ല. സ്വർഗത്തിലേക്കു കയറുകയും ഇറങ്ങി വരികയും ചെയ്തിട്ടുള്ളതാരാണ്? കാറ്റിനെ തന്റെ മുഷ്‍ടിയിൽ ഒതുക്കിയതാരാണ്? സമുദ്രത്തെ വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞതാരാണ്? ഭൂമിയുടെ അതിരുകൾ ഉറപ്പിച്ചതാരാണ്? അയാളുടെ പേരെന്ത്? അയാളുടെ പുത്രന്റെ പേരെന്ത്? നിശ്ചയമായും അത് അങ്ങേക്കറിയാം. ദൈവത്തിന്റെ ഓരോ വചനവും സത്യമെന്നു തെളിഞ്ഞിരിക്കുന്നു. തന്നെ അഭയം പ്രാപിക്കുന്നവർക്ക് അവിടുന്നു പരിചയാണ്. അവിടുന്നു നിന്നെ ശാസിക്കാതെയും നീ അസത്യവാദിയെന്ന് അറിയപ്പെടാതെയും ഇരിക്കണമെങ്കിൽ, അവിടുത്തെ വചനത്തോട് ഒന്നും കൂട്ടിച്ചേർക്കരുത്. രണ്ടു കാര്യങ്ങൾ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു; മരണംവരെ അവ എനിക്കു നിഷേധിക്കരുതേ. അസത്യവും കാപട്യവും എന്നിൽനിന്ന് അകറ്റണമേ; ദാരിദ്ര്യമോ സമ്പത്തോ എനിക്കു തരരുതേ; എനിക്ക് ആവശ്യമുള്ള ആഹാരം നല്‌കി എന്നെ പോറ്റണമേ. അല്ലെങ്കിൽ സമൃദ്ധിയിൽ ഞാൻ ദൈവത്തെ അവഗണിക്കാനും സർവേശ്വരൻ ആര് എന്നു ചോദിക്കാനും ഇടയാകാം. എന്റെ ദാരിദ്ര്യം നിമിത്തം മോഷണം നടത്തി ദൈവനാമത്തെ അശുദ്ധമാക്കുകയും ചെയ്തെന്നു വരാം. ദാസനെപ്പറ്റി യജമാനനോട് ഏഷണി പറയരുത്; അവൻ നിന്നെ ശപിക്കാനും നീ അപരാധിയായിത്തീരാനും ഇടവരരുത്.
സദൃശവാക്യങ്ങൾ 30:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാടു; ആ പുരുഷൻ പ്രസ്താവിച്ചത്: “ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു. ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു; മാനുഷീകബുദ്ധി എനിക്കില്ല; ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല. സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരുകയും ചെയ്തവൻ ആര്‍? കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആര്‍? വെള്ളത്തെ വസ്ത്രത്തിൽ കെട്ടിയവൻ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആര്‍? അവന്‍റെ പേരെന്ത്? അവന്റെ മകന്റെ പേരെന്ത്? നിനക്കറിയാമോ? ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്ക് അവിടുന്ന് പരിച തന്നെ. അവിടുത്തെ വചനങ്ങളോട് നീ ഒന്നും കൂട്ടരുത്; അവിടുന്ന് നിന്നെ വിസ്തരിച്ചിട്ട് നീ കള്ളനാകുവാൻ ഇടവരരുത്. രണ്ടു കാര്യം ഞാൻ അങ്ങേയോട് അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്ക് നിഷേധിക്കരുതേ; വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ട്: യഹോവ ആര്‍? എന്നു അങ്ങയെ നിഷേധിക്കുവാനും ദരിദ്രനായിത്തീർന്നിട്ട് മോഷ്ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ ദുഷിക്കുവാനും സംഗതി വരരുതേ. ദാസനെക്കുറിച്ച് യജമാനനോട് ഏഷണി പറയരുത്; അവൻ നിന്നെ ശപിക്കുവാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്.
സദൃശവാക്യങ്ങൾ 30:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതു: ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു. ഞാൻ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല; ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല. സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ? കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആർ? വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവൻ ആർ? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആർ? അവന്റെ പേരെന്തു? അവന്റെ മകന്റെ പേർ എന്തു? നിനക്കറിയാമോ? ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്കു അവൻ പരിച തന്നേ. അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു. രണ്ടു കാര്യം ഞാൻ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ; വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ. ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.
സദൃശവാക്യങ്ങൾ 30:1-10 സമകാലിക മലയാളവിവർത്തനം (MCV)
യാക്കേയുടെ പുത്രനായ ആഗൂരിന്റെ സൂക്തങ്ങൾ—ഒരു അരുളപ്പാട്. ഈ മനുഷ്യൻ ഇഥീയേലിനോടു പ്രസ്താവിച്ചു: “ഈഥിയേലിനോടും ഉകാലിനോടുംതന്നെ. ഞാൻ ഒരു മനുഷ്യനല്ല; നിശ്ചയമായും ഒരു അപരിഷ്കൃതൻതന്നെ സാമാന്യബോധം എനിക്കില്ല. ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല, പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം നേടിയിട്ടുമില്ല. സ്വർഗത്തിലേക്കു കയറിപ്പോകുകയും ഇറങ്ങിവരികയും ചെയ്തിട്ടുള്ളത് ആരാണ്? കാറ്റിനെ തന്റെ മുഷ്ടിക്കുള്ളിൽ പിടിച്ചുനിർത്തുന്നത് ആരാണ്? ആഴിയെ തന്റെ പുറങ്കുപ്പായത്തിൽ പൊതിഞ്ഞെടുത്തിട്ടുള്ളത് ആരാണ്? അഖിലാണ്ഡത്തിന്റെ അതിർത്തികളെല്ലാം ഉറപ്പിച്ചത് ആരാണ്? അവിടത്തെ നാമമെന്ത്? അവിടത്തെ പുത്രന്റെ നാമമെന്ത്? പറയൂ, നിനക്കറിയുമെങ്കിൽ! “ദൈവത്തിന്റെ സകലവചനവും കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവർക്ക് അവിടന്ന് ഒരു പരിച. അവിടത്തെ വചനത്തോടു യാതൊന്നും കൂട്ടിച്ചേർക്കരുത്, അങ്ങനെയായാൽ അവിടന്ന് നിന്നെ ശാസിക്കുകയും നീ ഒരു നുണയനാണെന്നു തെളിയുകയും ചെയ്യും. “യഹോവേ, രണ്ടു കാര്യം ഞാൻ അങ്ങയോടപേക്ഷിക്കുന്നു; എന്റെ മരണത്തിനുമുമ്പേ അവ എനിക്കു ലഭ്യമാക്കണമേ. കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ; എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ! എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ. അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്, ‘യഹോവ ആരാണ്?’ എന്നു ചോദിക്കുകയോ അല്ല, ദാരിദ്ര്യംമൂലം മോഷണംനടത്തി, ദൈവനാമത്തിന് അപമാനം വരുത്തിവെക്കുകയോചെയ്യും. “തൊഴിലാളിയെക്കുറിച്ച് അവരുടെ തൊഴിലുടമയോട് പരദൂഷണം പറയരുത്, അങ്ങനെചെയ്താൽ അയാൾ നിങ്ങളെ ശപിക്കുകയും നിങ്ങൾ കുറ്റക്കാരായി പരിഗണിക്കപ്പെടുകയും ചെയ്യും.