സദൃശവാക്യങ്ങൾ 30:1-10

സദൃശവാക്യങ്ങൾ 30:1-10 MCV

യാക്കേയുടെ പുത്രനായ ആഗൂരിന്റെ സൂക്തങ്ങൾ—ഒരു അരുളപ്പാട്. ഈ മനുഷ്യൻ ഇഥീയേലിനോടു പ്രസ്താവിച്ചു: “ഈഥിയേലിനോടും ഉകാലിനോടുംതന്നെ. ഞാൻ ഒരു മനുഷ്യനല്ല; നിശ്ചയമായും ഒരു അപരിഷ്കൃതൻതന്നെ സാമാന്യബോധം എനിക്കില്ല. ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല, പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം നേടിയിട്ടുമില്ല. സ്വർഗത്തിലേക്കു കയറിപ്പോകുകയും ഇറങ്ങിവരികയും ചെയ്തിട്ടുള്ളത് ആരാണ്? കാറ്റിനെ തന്റെ മുഷ്ടിക്കുള്ളിൽ പിടിച്ചുനിർത്തുന്നത് ആരാണ്? ആഴിയെ തന്റെ പുറങ്കുപ്പായത്തിൽ പൊതിഞ്ഞെടുത്തിട്ടുള്ളത് ആരാണ്? അഖിലാണ്ഡത്തിന്റെ അതിർത്തികളെല്ലാം ഉറപ്പിച്ചത് ആരാണ്? അവിടത്തെ നാമമെന്ത്? അവിടത്തെ പുത്രന്റെ നാമമെന്ത്? പറയൂ, നിനക്കറിയുമെങ്കിൽ! “ദൈവത്തിന്റെ സകലവചനവും കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവർക്ക് അവിടന്ന് ഒരു പരിച. അവിടത്തെ വചനത്തോടു യാതൊന്നും കൂട്ടിച്ചേർക്കരുത്, അങ്ങനെയായാൽ അവിടന്ന് നിന്നെ ശാസിക്കുകയും നീ ഒരു നുണയനാണെന്നു തെളിയുകയും ചെയ്യും. “യഹോവേ, രണ്ടു കാര്യം ഞാൻ അങ്ങയോടപേക്ഷിക്കുന്നു; എന്റെ മരണത്തിനുമുമ്പേ അവ എനിക്കു ലഭ്യമാക്കണമേ. കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ; എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ! എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ. അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്, ‘യഹോവ ആരാണ്?’ എന്നു ചോദിക്കുകയോ അല്ല, ദാരിദ്ര്യംമൂലം മോഷണംനടത്തി, ദൈവനാമത്തിന് അപമാനം വരുത്തിവെക്കുകയോചെയ്യും. “തൊഴിലാളിയെക്കുറിച്ച് അവരുടെ തൊഴിലുടമയോട് പരദൂഷണം പറയരുത്, അങ്ങനെചെയ്താൽ അയാൾ നിങ്ങളെ ശപിക്കുകയും നിങ്ങൾ കുറ്റക്കാരായി പരിഗണിക്കപ്പെടുകയും ചെയ്യും.