സദൃശവാക്യങ്ങൾ 29:1-9

സദൃശവാക്യങ്ങൾ 29:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും. നീതിമാന്മാർ വർധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു. ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു. രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു. കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന് ഒരു വല വിരിക്കുന്നു. ദുഷ്കർമി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു. നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല. പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു. ജ്ഞാനിക്കും ഭോഷനും തമ്മിൽ വാഗ്വാദം ഉണ്ടായിട്ട് അവൻ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.

സദൃശവാക്യങ്ങൾ 29:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിരന്തരം ശാസന ലഭിച്ചിട്ടും ദുശ്ശാഠ്യം കാട്ടുന്നവൻ രക്ഷപെടാതെ പെട്ടെന്നു തകർന്നുപോകും. നീതിമാൻ അധികാരത്തിലിരിക്കുമ്പോൾ ജനം ആനന്ദിക്കുന്നു; ദുഷ്ടന്മാർ ഭരിക്കുമ്പോഴാകട്ടെ ജനം നെടുവീർപ്പിടുന്നു. ജ്ഞാനത്തെ സ്നേഹിക്കുന്നവൻ തന്റെ പിതാവിനെ സന്തോഷിപ്പിക്കുന്നു; അഭിസാരികകളോടു ഒത്തു വസിക്കുന്നവൻ തന്റെ സമ്പത്ത് ധൂർത്തടിക്കുന്നു. നീതിപാലനത്താൽ രാജാവ് രാജ്യത്തിനു സുസ്ഥിരത വരുത്തുന്നു, എന്നാൽ ജനങ്ങളെ ഞെക്കി പിഴിയുന്നവൻ അതു നശിപ്പിക്കുന്നു. കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവനു കെണി ഒരുക്കുന്നു. ദുഷ്ടമനുഷ്യൻ തന്റെ അതിക്രമങ്ങളിൽ കുടുങ്ങുന്നു; നീതിമാനാകട്ടെ പാടി ആനന്ദിക്കുന്നു. നീതിമാൻ അഗതികളുടെ അവകാശങ്ങൾ അറിയുന്നു; ദുഷ്ടനോ അതു തിരിച്ചറിയുന്നില്ല. പരിഹാസി നഗരത്തിൽ അഗ്നി വർഷിക്കുന്നു; ജ്ഞാനിയാകട്ടെ ക്രോധം അകറ്റുന്നു. ജ്ഞാനി ഭോഷനുമായി വാഗ്വാദം നടത്തിയാൽ ഭോഷൻ കുപിതനാകുകയും അട്ടഹസിക്കുകയും ചെയ്യും, പക്ഷേ സമാധാനം ഉണ്ടാവുകയില്ല.

സദൃശവാക്യങ്ങൾ 29:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്ന് നശിച്ചുപോകും. നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോൾ ജനം ഞരങ്ങുന്നു. ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്‍റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്‍റെ സമ്പത്ത് നശിപ്പിക്കുന്നു. രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു. കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻ അവന്‍റെ കാലിന് ഒരു വല വിരിക്കുന്നു. ദുഷ്ക്കർമ്മി തന്‍റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു. നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല. പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു; ജ്ഞാനികൾ ക്രോധത്തെ ശമിപ്പിക്കുന്നു. ജ്ഞാനിക്കും ഭോഷനും തമ്മിൽ തർക്കം ഉണ്ടായിട്ട് ഭോഷൻ കോപിക്കുകയോ ചിരിക്കുകയോ ചെയ്തേക്കാം; എന്നാൽ അവിടെ ശാന്തത ഉണ്ടാകുകയില്ല.

സദൃശവാക്യങ്ങൾ 29:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും. നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു. ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു. രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു. കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു. ദുഷ്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു. നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല. പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു; ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു. ജ്ഞാനിക്കും ഭോഷന്നും തമ്മിൽ വാഗ്വാദം ഉണ്ടായിട്ടു അവൻ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.

സദൃശവാക്യങ്ങൾ 29:1-9 സമകാലിക മലയാളവിവർത്തനം (MCV)

ധാരാളം ശാസനകൾ കേട്ടിട്ടും ശാഠ്യം കാണിക്കുന്നവർ പരിഹാരമില്ലാതെ പെട്ടെന്നു നാശത്തിലേക്കു കൂപ്പുകുത്തും. നീതിനിഷ്ഠർക്ക് ഐശ്വര്യമുണ്ടാകുമ്പോൾ ജനം ആനന്ദിക്കുന്നു; ദുഷ്ടർ ഭരണംകയ്യാളുമ്പോൾ ജനം ഞരങ്ങുന്നു. ജ്ഞാനത്തെ പ്രണയിക്കുന്നവർ തങ്ങളുടെ പിതാവിന് ആനന്ദംനൽകുന്നു, എന്നാൽ വേശ്യകളുടെ സഹയാത്രികൻ സമ്പത്തു ധൂർത്തടിക്കുന്നു. ഒരു രാജാവ് നീതിയാൽ തന്റെ രാജ്യത്തിനു സുസ്ഥിരത കൈവരുത്തുന്നു, എന്നാൽ കോഴ കൊതിക്കുന്നവർ അതിനെ ശിഥിലമാക്കുന്നു. തന്റെ അയൽവാസിയോടു മുഖസ്തുതി പറയുന്നവർ സ്വന്തം കാലിനൊരു വല വിരിക്കുന്നു. ദുഷ്ടരുടെ അതിക്രമം അവർക്കൊരു കെണിയായിത്തീരുന്നു, എന്നാൽ നീതിനിഷ്ഠർ പാട്ടുപാടി ആനന്ദിക്കുന്നു. നീതിനിഷ്ഠർ ദരിദ്രർക്ക് നീതി ലഭ്യമാക്കുന്നതിൽ ബദ്ധശ്രദ്ധരാണ്, എന്നാൽ ദുഷ്ടർക്ക് അത്തരം ചിന്തയൊന്നുമില്ല. പരിഹാസികൾ ഒരു നഗരത്തെ ഇളക്കിമറിക്കുന്നു, എന്നാൽ ജ്ഞാനികൾ കോപത്തെ ഇല്ലാതാക്കുന്നു. ജ്ഞാനി ഭോഷരുമായി കോടതിവ്യവഹാരത്തിൽ ഏർപ്പെട്ടാൽ, ഭോഷർ കോപവും അപഹാസവും ചൊരിയുന്നതിനാൽ യാതൊരു സമാധാനവും ലഭിക്കുകയില്ല.