സദൃശവാക്യങ്ങൾ 29:1-9

സദൃശവാക്യങ്ങൾ 29:1-9 MCV

ധാരാളം ശാസനകൾ കേട്ടിട്ടും ശാഠ്യം കാണിക്കുന്നവർ പരിഹാരമില്ലാതെ പെട്ടെന്നു നാശത്തിലേക്കു കൂപ്പുകുത്തും. നീതിനിഷ്ഠർക്ക് ഐശ്വര്യമുണ്ടാകുമ്പോൾ ജനം ആനന്ദിക്കുന്നു; ദുഷ്ടർ ഭരണംകയ്യാളുമ്പോൾ ജനം ഞരങ്ങുന്നു. ജ്ഞാനത്തെ പ്രണയിക്കുന്നവർ തങ്ങളുടെ പിതാവിന് ആനന്ദംനൽകുന്നു, എന്നാൽ വേശ്യകളുടെ സഹയാത്രികൻ സമ്പത്തു ധൂർത്തടിക്കുന്നു. ഒരു രാജാവ് നീതിയാൽ തന്റെ രാജ്യത്തിനു സുസ്ഥിരത കൈവരുത്തുന്നു, എന്നാൽ കോഴ കൊതിക്കുന്നവർ അതിനെ ശിഥിലമാക്കുന്നു. തന്റെ അയൽവാസിയോടു മുഖസ്തുതി പറയുന്നവർ സ്വന്തം കാലിനൊരു വല വിരിക്കുന്നു. ദുഷ്ടരുടെ അതിക്രമം അവർക്കൊരു കെണിയായിത്തീരുന്നു, എന്നാൽ നീതിനിഷ്ഠർ പാട്ടുപാടി ആനന്ദിക്കുന്നു. നീതിനിഷ്ഠർ ദരിദ്രർക്ക് നീതി ലഭ്യമാക്കുന്നതിൽ ബദ്ധശ്രദ്ധരാണ്, എന്നാൽ ദുഷ്ടർക്ക് അത്തരം ചിന്തയൊന്നുമില്ല. പരിഹാസികൾ ഒരു നഗരത്തെ ഇളക്കിമറിക്കുന്നു, എന്നാൽ ജ്ഞാനികൾ കോപത്തെ ഇല്ലാതാക്കുന്നു. ജ്ഞാനി ഭോഷരുമായി കോടതിവ്യവഹാരത്തിൽ ഏർപ്പെട്ടാൽ, ഭോഷർ കോപവും അപഹാസവും ചൊരിയുന്നതിനാൽ യാതൊരു സമാധാനവും ലഭിക്കുകയില്ല.