ഫിലിപ്പിയർ 4:10-19
ഫിലിപ്പിയർ 4:10-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ പിന്നെയും എനിക്കുവേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പേതന്നെ നിങ്ങൾക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല. ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നത്; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ട്. താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്ക് അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ട് അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു. എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചത് നന്നായി. ഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദോന്യയിൽനിന്നു പുറപ്പെട്ടാറെ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചിലവു കാര്യത്തിൽ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്ന് നിങ്ങളും അറിയുന്നു. തെസ്സലൊനീക്യയിലും എന്റെ ബുദ്ധിമുട്ടു തീർപ്പാൻ നിങ്ങൾ ഒന്നുരണ്ടു വട്ടം അയച്ചുതന്നുവല്ലോ. ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നത്. ഇപ്പോൾ എനിക്കു വേണ്ടുന്നത് എല്ലാം ഉണ്ട്; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നതു സൗരഭ്യവാസനയായി ദൈവത്തിനു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തൊസിന്റെ കൈയാൽ ഞാൻ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു. എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും.
ഫിലിപ്പിയർ 4:10-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നെക്കുറിച്ചുള്ള നിങ്ങളുടെ താത്പര്യം ഇപ്പോഴും സജീവമായിരിക്കുന്നതിനാൽ കർത്താവിനോട് ഐക്യപ്പെട്ടുള്ള എന്റെ ജീവിതത്തിൽ ഞാൻ അത്യധികം ആനന്ദിക്കുന്നു. യഥാർഥത്തിൽ നിങ്ങൾ എന്നും എന്റെ കാര്യത്തിൽ തത്പരരായിരുന്നു. പക്ഷേ, നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുവാനുള്ള അവസരം മുമ്പുണ്ടായിട്ടില്ല. എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടല്ല ഞാനിതു പറയുന്നത്. ഏതവസ്ഥയിലും സംതൃപ്തനായിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. സുഭിക്ഷതയിലും ദുർഭിക്ഷതയിലും കഴിയാൻ എനിക്കറിയാം. എന്നല്ല എല്ലാ സാഹചര്യങ്ങളിലും, വിഭവസമൃദ്ധിയെയും വിശപ്പിനെയും, ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. എന്നെ ശക്തനാക്കുന്നവൻ മുഖേന എല്ലാം ചെയ്യുവാൻ എനിക്കു കഴിയും. എന്നിരുന്നാലും എന്റെ പ്രയാസത്തിൽ പങ്കുചേർന്ന് നിങ്ങൾ എന്നോട് ഔദാര്യം കാട്ടിയിരിക്കുന്നു. ഫിലിപ്പിയിലെ സഹോദരരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മാസിഡോണിയയിൽനിന്നു പുറപ്പെട്ടപ്പോൾ നിങ്ങളല്ലാതെ മറ്റൊരു സഭയും വരവുചെലവു കാര്യങ്ങളിൽ എന്നോടു സഹകരിച്ചില്ലെന്നുള്ളത് നിങ്ങൾക്ക് അറിയാമല്ലോ. ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾപോലും, എന്റെ ആവശ്യങ്ങളിൽ നിങ്ങൾ എനിക്കു പലവട്ടം സഹായം എത്തിച്ചുതന്നു. ദാനം ഞാൻ ആഗ്രഹിക്കുന്നു എന്നു വിചാരിക്കരുത്. പിന്നെയോ, നിങ്ങളുടെ കണക്കിൽ വർധിച്ചുവരുന്ന പ്രതിഫലമത്രേ ഞാൻ ആഗ്രഹിക്കുന്നത്. എനിക്കു വേണ്ടതും അതിലധികവും ലഭിച്ചിരിക്കുന്നു. നിങ്ങൾ എപ്പഫ്രൊദിത്തോസിന്റെ കൈയിൽ കൊടുത്തയച്ച സംഭാവന സ്വീകരിച്ച് ഞാൻ സംതൃപ്തനായിരിക്കുന്നു. അതു ദൈവത്തിനു പ്രസാദകരവും സ്വീകാര്യവുമായ യാഗവും, സുരഭിലമായ നിവേദ്യവും ആകുന്നു. എന്റെ ദൈവം ക്രിസ്തുയേശുവിലൂടെ അവിടുത്തെ മഹത്ത്വത്തിന്റെ സമൃദ്ധിക്കൊത്തവണ്ണം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും.
ഫിലിപ്പിയർ 4:10-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങൾ പിന്നെയും എനിക്ക് വേണ്ടി വിചാരിക്കുവാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നെ നിങ്ങൾക്ക് വിചാരമുണ്ടായിരുന്നു. എങ്കിലും സഹായിക്കുവാൻ അവസരം കിട്ടിയില്ല. ആവശ്യം നിമിത്തമല്ല ഞാൻ പറയുന്നത്; എന്തെന്നാൽ ഏത് സാഹചര്യത്തിലും സംതൃപ്തിയോടിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. താഴ്ചയിൽ എങ്ങനെ ഇരിക്കേണം എന്നും സമൃദ്ധിയിൽ എങ്ങനെ ജീവിക്കണമെന്നും എനിക്കറിയാം; തൃപ്തനായിരിക്കുന്നതിൻ്റെയും വിശന്നിരിക്കുന്നതിൻ്റെയും സമൃദ്ധിയിൽ ഇരിക്കുന്നതിൻ്റെയും ബുദ്ധിമുട്ട് അനുഭവിക്കുന്നതിൻ്റെയും രഹസ്യം എന്തെന്ന് എല്ലാ സാഹചര്യങ്ങളിലും ഞാൻ പഠിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് എല്ലാം ചെയ്യുവാൻ കഴിയും. എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചത് നന്നായി. ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിൻ്റെ ആരംഭത്തിൽ ഞാൻ മക്കെദോന്യയിൽനിന്ന് പുറപ്പെട്ടപ്പോൾ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോട് കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു. എന്തെന്നാൽ ഞാൻ തെസ്സലോനീക്യയിൽ ആയിരുന്നപ്പോൾ പോലും എന്‍റെ ആവശ്യങ്ങൾക്ക് നിങ്ങൾ ഒന്നിലധികം തവണ അയച്ചുതന്നുവല്ലോ. ഞാൻ ദാനം അന്വേഷിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന പ്രതിഫലം അത്രേ അന്വേഷിക്കുന്നത്. എന്നാൽ എനിക്ക് വേണ്ടുന്നത് എല്ലാം ഉണ്ട്; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നത് സൗരഭ്യവാസനയായി, ദൈവത്തിന് പ്രസാദമായ ഒരു സ്വീകാര്യയാഗമായി എപ്പഫ്രൊദിത്തൊസിൽനിന്ന് ഞാൻ സ്വീകരിച്ച് തൃപ്തനായിരിക്കുന്നു. എന്റെ ദൈവമോ നിങ്ങളുടെ ആവശ്യങ്ങളൊക്കെയും തന്‍റെ മഹത്വത്തിന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ നൽകിത്തരും.
ഫിലിപ്പിയർ 4:10-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങൾക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല. ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു. താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻമുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു. എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചതു നന്നായി. ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദൊന്യയിൽനിന്നു പുറപ്പെട്ടാറെ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു. തെസ്സലൊനീക്ക്യയിലും എന്റെ ബുദ്ധിമുട്ടു തീർപ്പാൻ നിങ്ങൾ ഒന്നു രണ്ടു വട്ടം അയച്ചുതന്നുവല്ലോ. ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു. ഇപ്പോൾ എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നതു സൗരഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തൊസിന്റെ കയ്യാൽ ഞാൻ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു. എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.
ഫിലിപ്പിയർ 4:10-19 സമകാലിക മലയാളവിവർത്തനം (MCV)
വളരെ നാളുകൾക്കുശേഷം ഇപ്പോഴെന്നെ വീണ്ടും സഹായിക്കാൻ നിങ്ങളിലുണ്ടായ സന്മനസ്സിനായി ഞാൻ കർത്താവിൽ ഏറ്റവും ആനന്ദിക്കുന്നു, എന്നെ സഹായിക്കാനുള്ള സന്മനസ്സ് ഉണ്ടായിരുന്നു എങ്കിലും അതിനുള്ള അവസരം നിങ്ങൾക്കു ലഭിച്ചിരുന്നില്ല. എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു. എന്നിട്ടും എന്റെ പ്രയാസങ്ങളിൽ നിങ്ങൾ എന്നെ സഹായിച്ചത് ശ്ലാഘനീയംതന്നെ. മാത്രമല്ല, ഫിലിപ്പിയരേ, ഞാൻ മക്കദോന്യയിൽനിന്ന് യാത്രതിരിച്ച് നിങ്ങൾക്കിടയിൽ സുവിശേഷം പ്രസംഗിച്ച ആദ്യനാളുകളിൽ, നിങ്ങളൊഴികെ മറ്റൊരു സഭയും സാമ്പത്തികകാര്യങ്ങളിൽ എന്നോടു പങ്കാളിത്തം കാണിച്ചില്ല എന്നു നിങ്ങൾക്കറിയാമല്ലോ. ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ നിങ്ങൾ എന്റെ ആവശ്യങ്ങൾക്കായി ഒന്നുരണ്ടുതവണ സഹായം അയച്ചുതന്നു. സാമ്പത്തികസഹായം ലഭിക്കാൻ ഞാൻ കാത്തിരിക്കുന്നു എന്നല്ല; പിന്നെയോ, നിങ്ങളുടെ കണക്കിൽ പ്രതിഫലം വർധിക്കാൻ ആഗ്രഹിക്കുകയാണ്. എനിക്ക് ആവശ്യമായതും അതിലധികവും ഇപ്പോഴുണ്ട്. എപ്പഫ്രൊദിത്തൊസിന്റെ കൈവശം നിങ്ങൾ കൊടുത്തയച്ച സമ്മാനങ്ങൾ സ്വീകരിച്ച് ഞാൻ ഇപ്പോൾ സംതൃപ്തനായിരിക്കുന്നു. അവ ദൈവത്തിനു പ്രസാദകരവും സൗരഭ്യമുള്ളതുമായ വഴിപാടും യാഗവുമായിത്തീർന്നിരിക്കുന്നു. എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും.