ഫിലി. 4:10-19

ഫിലി. 4:10-19 IRVMAL

നിങ്ങൾ പിന്നെയും എനിക്ക് വേണ്ടി വിചാരിക്കുവാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നെ നിങ്ങൾക്ക് വിചാരമുണ്ടായിരുന്നു. എങ്കിലും സഹായിക്കുവാൻ അവസരം കിട്ടിയില്ല. ആവശ്യം നിമിത്തമല്ല ഞാൻ പറയുന്നത്; എന്തെന്നാൽ ഏത് സാഹചര്യത്തിലും സംതൃപ്തിയോടിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. താഴ്ചയിൽ എങ്ങനെ ഇരിക്കേണം എന്നും സമൃദ്ധിയിൽ എങ്ങനെ ജീവിക്കണമെന്നും എനിക്കറിയാം; തൃപ്തനായിരിക്കുന്നതിൻ്റെയും വിശന്നിരിക്കുന്നതിൻ്റെയും സമൃദ്ധിയിൽ ഇരിക്കുന്നതിൻ്റെയും ബുദ്ധിമുട്ട് അനുഭവിക്കുന്നതിൻ്റെയും രഹസ്യം എന്തെന്ന് എല്ലാ സാഹചര്യങ്ങളിലും ഞാൻ പഠിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് എല്ലാം ചെയ്യുവാൻ കഴിയും. എങ്കിലും എന്‍റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചത് നന്നായി. ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിൻ്റെ ആരംഭത്തിൽ ഞാൻ മക്കെദോന്യയിൽനിന്ന് പുറപ്പെട്ടപ്പോൾ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോട് കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു. എന്തെന്നാൽ ഞാൻ തെസ്സലോനീക്യയിൽ ആയിരുന്നപ്പോൾ പോലും എന്‍റെ ആവശ്യങ്ങൾക്ക് നിങ്ങൾ ഒന്നിലധികം തവണ അയച്ചുതന്നുവല്ലോ. ഞാൻ ദാനം അന്വേഷിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന പ്രതിഫലം അത്രേ അന്വേഷിക്കുന്നത്. എന്നാൽ എനിക്ക് വേണ്ടുന്നത് എല്ലാം ഉണ്ട്; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നത് സൗരഭ്യവാസനയായി, ദൈവത്തിന് പ്രസാദമായ ഒരു സ്വീകാര്യയാഗമായി എപ്പഫ്രൊദിത്തൊസിൽനിന്ന് ഞാൻ സ്വീകരിച്ച് തൃപ്തനായിരിക്കുന്നു. എന്‍റെ ദൈവമോ നിങ്ങളുടെ ആവശ്യങ്ങളൊക്കെയും തന്‍റെ മഹത്വത്തിന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ നൽകിത്തരും.