ഫിലേമൊന് 1:4-12

ഫിലേമൊന് 1:4-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കർത്താവായ യേശുവിനോടും സകല വിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു നമ്മിലുള്ള എല്ലാ നന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിനായി സഫലമാകേണ്ടതിന് എന്റെ പ്രാർഥനയിൽ നിന്നെ ഓർത്ത് എപ്പോഴും എന്റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതു നിമിത്തം നിന്റെ സ്നേഹത്തിൽ എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി. ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നത്. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനുവേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുമ്പേ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻതന്നെ. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.

ഫിലേമൊന് 1:4-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കർത്താവായ യേശുവിനോടും സകല വിശുദ്ധന്മാരോടും താങ്കൾക്കുള്ള സ്നേഹത്തെയും താങ്കളുടെ വിശ്വാസത്തെയും സംബന്ധിച്ചു ഞാൻ കേൾക്കുന്നതുകൊണ്ട് എന്റെ പ്രാർഥനയിൽ താങ്കളെ ഓർക്കുമ്പോഴെല്ലാം ഞാൻ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നമുക്കു കൈവരുന്ന സർവ നന്മകളെയുംകുറിച്ചുള്ള പരിജ്ഞാനം വർധിക്കുന്നതിന് താങ്കളുടെ വിശ്വാസംമൂലം ഉണ്ടായ കൂട്ടായ്മ ഇടയാക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. പ്രിയപ്പെട്ട സഹോദരാ, താങ്കളുടെ സ്നേഹം എനിക്ക് അത്യധികമായ ആനന്ദവും ആശ്വാസവും ഉളവാക്കിയിരിക്കുന്നു. ദൈവജനത്തിന്റെ ഹൃദയങ്ങൾക്ക് താങ്കൾ ഉന്മേഷം പകർന്നുവല്ലോ. ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ, സഹോദരൻ എന്ന നിലയിൽ യുക്തമായതു ചെയ്യുവാൻ താങ്കളോട് ആജ്ഞാപിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. എങ്കിലും സ്നേഹത്തിന്റെ പേരിൽ ഞാൻ അഭ്യർഥിക്കുകയത്രേ ചെയ്യുന്നത്. വൃദ്ധനായ പൗലൊസ് എന്ന ഞാൻ ക്രിസ്തുയേശുവിനുവേണ്ടി ഇപ്പോൾ തടവുകാരനുമാണ്. എന്റെ പുത്രൻ ഒനേസിമോസിനുവേണ്ടി ഞാൻ താങ്കളോട് അപേക്ഷിക്കുന്നു. തടവിൽ കിടക്കുമ്പോഴാണ് ഞാൻ അവന്റെ ആത്മീയ പിതാവായിത്തീർന്നത്. മുമ്പ് അവൻ താങ്കൾക്കു പ്രയോജനമില്ലാത്തവനായിരുന്നു. എന്നാൽ ഇപ്പോൾ അവൻ നിശ്ചയമായും താങ്കൾക്കും എനിക്കും പ്രയോജനമുള്ളവൻതന്നെ. ഇപ്പോൾ ഞാൻ അവനെ താങ്കളുടെ അടുക്കലേക്കു തിരിച്ച് അയയ്‍ക്കുകയാണ്. അവനോടുകൂടി എന്റെ ഹൃദയവുമുണ്ട്.

ഫിലേമൊന് 1:4-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ച് ഞാൻ കേട്ടിട്ടു, ക്രിസ്തുയേശു നിമിത്തം നമ്മിലുള്ള എല്ലാ നന്മയുടെയും പരിജ്ഞാനത്താൽ നിന്‍റെ വിശ്വാസത്തിന്‍റെ കൂട്ടായ്മ സഫലമാകേണ്ടതിന്, എന്‍റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്‍റെ ദൈവത്തിന് സ്തോത്രം ചെയ്യുന്നു. സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയങ്ങൾക്ക് നീ ഉന്മേഷം പകർന്നതുകൊണ്ട് നിന്‍റെ സ്നേഹത്തിൽ എനിക്ക് വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി. ആകയാൽ ഉചിതമായത് നിന്നോട് കല്പിക്കുവാൻ ക്രിസ്തുവിൽ എനിക്ക് വളരെ ധൈര്യം ഉണ്ടെങ്കിലും, പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കുകയത്രേ ചെയ്യുന്നത്. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്‍റെ മകനായ ഒനേസിമൊസിനു വേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ തന്നെ. എനിക്ക് പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.

ഫിലേമൊന് 1:4-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതുനിമിത്തം നിന്റെ സ്നേഹത്തിൽ എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി. ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു. അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.

ഫിലേമൊന് 1:4-12 സമകാലിക മലയാളവിവർത്തനം (MCV)

കർത്താവായ യേശുവിൽ നിനക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള നിന്റെ സ്നേഹത്തെയുംകുറിച്ചു കേട്ടിട്ട് ഞാൻ എന്റെ ദൈവത്തിന് എപ്പോഴും സ്തോത്രംചെയ്യുന്നു. ക്രിസ്തുയേശുവിൽക്കൂടെ നമുക്കു ലഭിച്ചിട്ടുള്ള സകലനന്മകളെയുംപറ്റിയുള്ള പൂർണമായ അറിവിൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ അധികം ഫലപ്രദമാകേണ്ടതിന് ഞാൻ നിന്നെ ഓർത്തു പ്രാർഥിക്കുന്നു സഹോദരാ, നീ വിശ്വാസികളുടെ ഹൃദയത്തിന് നവോന്മേഷം പകർന്നതിനാൽ, നിനക്ക് അവരോടുള്ള സ്നേഹം എനിക്കു മഹാ ആനന്ദവും ആശ്വാസവും തന്നിരിക്കുന്നു. ആകയാൽ, നീ ചെയ്യേണ്ട കാര്യം നിന്നോടു കൽപ്പിക്കാൻ ക്രിസ്തുവിൽ എനിക്കു ധൈര്യമുണ്ടെങ്കിലും; വൃദ്ധനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ തടവുകാരനുമായ പൗലോസ് എന്ന ഞാൻ, കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ ജനിച്ച എന്റെ മകൻ ഒനേസിമൊസിനു വേണ്ടി സ്നേഹത്തോടെ നിന്നോട് അപേക്ഷിക്കുകയാണ്. മുമ്പ് അവൻ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; എന്നാൽ, ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ ആയിരിക്കുന്നു. എന്റെ പ്രാണനു തുല്യനായ ഒനേസിമൊസിനെ ഇപ്പോൾ നിന്റെ അടുക്കലേക്കു തിരിച്ചയയ്ക്കുന്നു.