ഫിലേ. 1:4-12

ഫിലേ. 1:4-12 IRVMAL

കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ച് ഞാൻ കേട്ടിട്ടു, ക്രിസ്തുയേശു നിമിത്തം നമ്മിലുള്ള എല്ലാ നന്മയുടെയും പരിജ്ഞാനത്താൽ നിന്‍റെ വിശ്വാസത്തിന്‍റെ കൂട്ടായ്മ സഫലമാകേണ്ടതിന്, എന്‍റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്‍റെ ദൈവത്തിന് സ്തോത്രം ചെയ്യുന്നു. സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയങ്ങൾക്ക് നീ ഉന്മേഷം പകർന്നതുകൊണ്ട് നിന്‍റെ സ്നേഹത്തിൽ എനിക്ക് വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി. ആകയാൽ ഉചിതമായത് നിന്നോട് കല്പിക്കുവാൻ ക്രിസ്തുവിൽ എനിക്ക് വളരെ ധൈര്യം ഉണ്ടെങ്കിലും, പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കുകയത്രേ ചെയ്യുന്നത്. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്‍റെ മകനായ ഒനേസിമൊസിനു വേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ തന്നെ. എനിക്ക് പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.