സംഖ്യാപുസ്തകം 20:2-22 - Compare All Versions

സംഖ്യാപുസ്തകം 20:2-22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ജനത്തിനു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി. ജനം മോശെയോട് കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിനു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്? ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാൻ വെള്ളവുമില്ല എന്നു പറഞ്ഞു. എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽനിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. യഹോവ മോശെയോട്: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോടു കല്പിക്ക. എന്നാൽ അതു വെള്ളം തരും; പാറയിൽനിന്ന് അവർക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്ന് അരുളിച്ചെയ്തു. തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു. മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു. മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാൺകെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്ന് അരുളിച്ചെയ്തു. ഇതു യിസ്രായേൽമക്കൾ യഹോവയോടു കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം. അനന്തരം മോശെ കാദേശിൽനിന്ന് എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചത്: നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു: ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയ കാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു. ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ ഞങ്ങളുടെ നിലവിളി കേട്ട് ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു. ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയിൽക്കൂടിതന്നെ നടക്കും; നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. എദോം അവനോട്: നീ എന്റെ നാട്ടിൽക്കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരേ പുറപ്പെടും എന്നു പറഞ്ഞു. അതിനു യിസ്രായേൽമക്കൾ അവനോട്: ഞങ്ങൾ പെരുവഴിയിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാൽ അതിന്റെ വില തരാം; കാൽനടയായി കടന്നുപോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു. അതിന് അവൻ നീ കടന്നുപോകരുത് എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടെ അവന്റെ നേരേ പുറപ്പെട്ടു. ഇങ്ങനെ എദോം തന്റെ അതിരിൽക്കൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവനെ വിട്ട് ഒഴിഞ്ഞുപോയി. പിന്നെ യിസ്രായേൽമക്കളുടെ സർവസഭയും കാദേശിൽനിന്നു യാത്ര പുറപ്പെട്ടു ഹോർപർവതത്തിൽ എത്തി.

പങ്ക് വെക്കു
സംഖ്യാപുസ്തകം 20 MALOVBSI

സംഖ്യാപുസ്തകം 20:2-22 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ജനത്തിനു കുടിക്കുന്നതിന് അവിടെ ജലമില്ലായിരുന്നു. അതുകൊണ്ട് അവർ മോശയ്‍ക്കും അഹരോനും വിരോധമായി ഒരുമിച്ചുകൂടി. ജനം മോശയോട് കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരർ സർവേശ്വരന്റെ മുമ്പിൽ മരിച്ചു വീണതുപോലെ ഞങ്ങളും മരിച്ചിരുന്നെങ്കിൽ! നിങ്ങൾ എന്തിന് ഈ മരുഭൂമിയിലേക്കു സർവേശ്വരന്റെ സമൂഹത്തെ കൂട്ടിക്കൊണ്ടു വന്നു? ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെവച്ചു ചത്തൊടുങ്ങണമോ? ഈജിപ്തിൽനിന്നു ഞങ്ങളെ എന്തിന് ഒന്നും വളരാത്ത ദുരിതപൂർണമായ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വന്നു? ഇവിടെ ധാന്യമോ, അത്തിപ്പഴമോ, മുന്തിരിപ്പഴമോ, മാതളപ്പഴമോ ഇല്ല; കുടിക്കാൻ വെള്ളവും ഇല്ല.” മോശയും അഹരോനും ജനസമൂഹത്തിന്റെ മുമ്പിൽനിന്നു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ ചെന്ന് അവിടെ കവിണ്ണുവീണു. സർവേശ്വരന്റെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ നിന്റെ വടിയെടുക്കുക, നീയും നിന്റെ സഹോദരനായ അഹരോനുംകൂടി ഇസ്രായേൽസമൂഹത്തെ മുഴുവനും ഒരുമിച്ചു കൂട്ടുക, അവർ കാൺകെ പാറയോടു ജലം തരാൻ കല്പിക്കുക. അപ്പോൾ പാറ ജലം പുറപ്പെടുവിക്കും. അങ്ങനെ നിങ്ങൾ പാറയിൽനിന്നു ജലം ഒഴുക്കി ജനത്തിനും മൃഗങ്ങൾക്കും കുടിക്കാൻ കൊടുക്കുക.” സർവേശ്വരൻ കല്പിച്ചതുപോലെ അവിടുത്തെ സന്നിധിയിൽനിന്നു മോശ വടിയെടുത്തു. മോശയും അഹരോനും സർവജനത്തെയും പാറയുടെ മുമ്പിൽ വിളിച്ചു കൂട്ടിയിട്ട് അവരോടു പറഞ്ഞു: “മത്സരികളേ, ശ്രദ്ധിക്കുക; ഈ പാറയിൽനിന്നു നിങ്ങൾക്കുവേണ്ടി ഞങ്ങൾ ജലം പുറപ്പെടുവിക്കണമോ?” മോശ കൈ ഉയർത്തി വടികൊണ്ടു പാറമേൽ രണ്ടു തവണ അടിച്ചു; വെള്ളം ധാരാളമായി പ്രവഹിച്ചു; ജനങ്ങളും അവരുടെ മൃഗങ്ങളും അതിൽനിന്നു കുടിച്ചു. പിന്നീടു സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇസ്രായേൽജനത്തിന്റെ മുമ്പിൽ എന്റെ വിശുദ്ധി വെളിവാക്കാൻ തക്കവിധം നിങ്ങൾ എന്നിൽ വിശ്വസിച്ചില്ല; അതുകൊണ്ട് ഇവർക്കു ഞാൻ നല്‌കിയിരിക്കുന്ന ദേശത്തേക്കു നിങ്ങൾ ഇവരെ കൊണ്ടുപോകുകയില്ല.” ഇതാണ് മെരീബാ ജലപ്രവാഹം. ഇവിടെവച്ചാണ് ഇസ്രായേൽജനം സർവേശ്വരനെതിരായി കലഹിക്കുകയും, തന്റെ വിശുദ്ധി അവിടുന്ന് അവർക്കു വെളിപ്പെടുത്തുകയും ചെയ്തത്. മോശ കാദേശിൽനിന്ന് എദോംരാജാവിന്റെ അടുക്കലേക്കു ദൂതന്മാരെ അയച്ചു പറഞ്ഞു: “നിങ്ങളുടെ ചാർച്ചക്കാരായ ഇസ്രായേല്യർ പറയുന്നു, ഞങ്ങൾക്ക് ഉണ്ടായ കഷ്ടതകളെല്ലാം അങ്ങേക്കറിയാമല്ലോ. ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്തിലേക്കു പോയതും അവർ ദീർഘകാലം അവിടെ വസിച്ചതും ഈജിപ്തുകാർ ഞങ്ങളുടെ പിതാക്കന്മാരോടും ഞങ്ങളോടും ക്രൂരമായി വർത്തിച്ചതും അങ്ങ് അറിയുന്നു. ഞങ്ങൾ സർവേശ്വരനോടു നിലവിളിച്ചു, അവിടുന്നു ഞങ്ങളുടെ നിലവിളി കേട്ടു; ദൂതനെ അയച്ച് ഈജിപ്തിൽനിന്നു ഞങ്ങളെ കൂട്ടിക്കൊണ്ടു വന്നു. ഇപ്പോൾ ഞങ്ങൾ അങ്ങയുടെ രാജ്യത്തിന്റെ അതിർത്തിയിലുള്ള കാദേശ്പട്ടണത്തിൽ എത്തിയിരിക്കുന്നു. അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിച്ചാലും. വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങൾ കടക്കുകയില്ല. കിണറുകളിൽനിന്നു വെള്ളം കുടിക്കുകയുമില്ല; അങ്ങയുടെ ദേശത്തിന്റെ അതിർത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ നോക്കാതെ രാജവീഥിയിൽകൂടി മാത്രമേ ഞങ്ങൾ സഞ്ചരിക്കുകയുള്ളൂ.” എന്നാൽ എദോംരാജാവ് പറഞ്ഞു: “എന്റെ രാജ്യത്തുകൂടി കടന്നുപോകാൻ നിങ്ങളെ അനുവദിക്കുകയില്ല; കടന്നാൽ വാളുമായി നിങ്ങളെ നേരിടും.” ഇസ്രായേൽജനം പറഞ്ഞു: “ഞങ്ങൾ പൊതുനിരത്തിൽക്കൂടി മാത്രമേ പോകുകയുള്ളൂ; ഞങ്ങളോ കന്നുകാലികളോ നിങ്ങളുടെ വെള്ളം കുടിച്ചാൽ ഞങ്ങൾ അതിനുള്ള വില തന്നുകൊള്ളാം; നടന്നു പോകാൻ മാത്രം ഞങ്ങളെ അനുവദിച്ചാലും. മറ്റൊന്നും ഞങ്ങൾക്ക് ആവശ്യമില്ല.” “നിങ്ങൾ കടന്നു പോകരുത്;” അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. എദോം രാജാവ് ശക്തമായ ഒരു സൈന്യത്തോടുകൂടി ഇസ്രായേലിന്റെ നേരേ പുറപ്പെട്ടു. എദോമിൽകൂടി കടന്നുപോകാൻ എദോംരാജാവ് അനുവദിക്കായ്കയാൽ ഇസ്രായേല്യർ അവിടെനിന്നു മറ്റൊരു വഴിയിലൂടെ തിരിഞ്ഞുപോയി. ഇസ്രായേൽസമൂഹം കാദേശിൽനിന്നു പുറപ്പെട്ടു ഹോർപർവതത്തിൽ എത്തി.

പങ്ക് വെക്കു
സംഖ്യാപുസ്തകം 20 MALCLBSI

സംഖ്യാപുസ്തകം 20:2-22 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

എന്നാൽ ജനത്തിന് കുടിക്കുവാൻ അവിടെ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി. ജനം മോശെയോട് കലഹിച്ചു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ അവരോടൊപ്പം ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്ന് ചാകേണ്ടതിന് നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്? ഈ ദുഷിച്ച സ്ഥലത്തേക്ക് കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽ നിന്ന് ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിക്കുവാൻ വെള്ളവുമില്ല” എന്നു പറഞ്ഞു. അനന്തരം മോശെയും അഹരോനും സഭയുടെമുമ്പിൽനിന്ന് സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ ചെന്നു കമിഴ്ന്നുവീണു; യഹോവയുടെ തേജസ്സ് അവർക്ക് പ്രത്യക്ഷമായി. യഹോവ മോശെയോട്: “നിന്‍റെ വടി എടുത്ത് നീയും നിന്‍റെ സഹോദരൻ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോട് കല്പിക്കുക. എന്നാൽ അത് വെള്ളം തരും; പാറയിൽനിന്ന് അവർക്ക് വെള്ളം പുറപ്പെടുവിച്ച് ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിക്കുവാൻ കൊടുക്കേണം” എന്നു അരുളിച്ചെയ്തു. തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്ന് വടി എടുത്തു. മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: “മത്സരികളേ, കേൾക്കുവിൻ; ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ” എന്നു പറഞ്ഞു. മോശെ കൈ ഉയർത്തി വടികൊണ്ട് പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. പിന്നെ യഹോവ മോശെയോടും അഹരോനോടും: “നിങ്ങൾ യിസ്രായേൽ മക്കൾ കാൺകെ എന്നെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നിങ്ങൾ ഈ സഭയെ ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് കൊണ്ടുപോകുകയില്ല” എന്നു അരുളിച്ചെയ്തു. ഇത് യിസ്രായേൽ മക്കൾ യഹോവയോട് കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം. അനന്തരം മോശെ കാദേശിൽനിന്ന് ഏദോം രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചത്: നിന്‍റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയിച്ചു: “ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയകാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു. ഞങ്ങൾ യഹോവയോട് നിലവിളിച്ചപ്പോൾ അവിടുന്ന് ഞങ്ങളുടെ നിലവിളികേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു; ഞങ്ങൾ നിന്‍റെ അതിർത്തി പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു. ഞങ്ങൾ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ, മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല. ഞങ്ങൾ രാജപാതയിൽ കൂടി തന്നെ നടക്കും; നിന്‍റെ അതിർത്തി കഴിയുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുകയുമില്ല.” ഏദോം അവനോട്: “നീ എന്‍റെ നാട്ടിൽ കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്‍റെനേരെ പുറപ്പെടും” എന്നു പറഞ്ഞു. അതിന് യിസ്രായേൽ മക്കൾ അവനോട്: “ഞങ്ങൾ പ്രധാനനിരത്തിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്‍റെ കന്നുകാലിയും നിന്‍റെ വെള്ളം കുടിച്ചാൽ അതിന്‍റെ വില തരാം; കാൽനടയായി കടന്ന് പോകണമെന്നല്ലാതെ മറ്റൊന്നും എനിക്ക് വേണ്ടാ” എന്നു പറഞ്ഞു. അതിന് അവൻ “നീ കടന്നുപോകരുത്” എന്നു പറഞ്ഞു. ഏദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടി അവന്‍റെനേരെ പുറപ്പെട്ടു. ഇങ്ങനെ ഏദോം തന്‍റെ അതിർത്തിയിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവിടെനിന്ന് പിന്തിരിഞ്ഞു. പിന്നെ യിസ്രായേൽ മക്കളുടെ സർവ്വസഭയും കാദേശിൽനിന്ന് യാത്ര പുറപ്പെട്ടു ഹോർപർവ്വതത്തിൽ എത്തി.

പങ്ക് വെക്കു
സംഖ്യാപുസ്തകം 20 IRVMAL

സംഖ്യാപുസ്തകം 20:2-22 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ജനത്തിന്നു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി. ജനം മോശെയോടു കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളായിരുന്നു. ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നതു എന്തു? ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാൻ വെള്ളവുമില്ല എന്നു പറഞ്ഞു. എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്നിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി. യഹോവ മോശെയോടു: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോടു കല്പിക്ക. എന്നാൽ അതു വെള്ളംതരും; പാറയിൽ നിന്നു അവർക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്നു അരുളിച്ചെയ്തു. തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു. മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോടു: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു. മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാണ്കെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു. ഇതു യിസ്രായേൽമക്കൾ യഹോവയോടു കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം. അനന്തരം മോശെ കാദേശിൽനിന്നു എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതു: “നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു: ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയ കാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു. ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു. ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയില്കൂടി തന്നേ നടക്കും; നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല.” എദോം അവനോടു: “നീ എന്റെ നാട്ടിൽകൂടി കടക്കരുതു: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും” എന്നു പറഞ്ഞു. അതിന്നു യിസ്രായേൽമക്കൾ അവനോടു: “ഞങ്ങൾ പെരുവഴിയിൽ കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാൽ അതിന്റെ വിലതരാം; കാൽനടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ” എന്നു പറഞ്ഞു. അതിന്നു അവൻ “നീ കടന്നുപോകരുതു” എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കയ്യോടും കൂടെ അവന്റെ നേരെ പുറപ്പെട്ടു. ഇങ്ങനെ എദോം തന്റെ അതിരിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവനെ വിട്ടു ഒഴിഞ്ഞുപോയി. പിന്നെ യിസ്രായേൽമക്കളുടെ സർവ്വസഭയും കാദേശിൽനിന്നു യാത്ര പുറപ്പെട്ടു ഹോർപർവ്വതത്തിൽ എത്തി.

സംഖ്യാപുസ്തകം 20:2-22 MCV (സമകാലിക മലയാളവിവർത്തനം)

എന്നാൽ ജനത്തിന് അവിടെ വെള്ളം ഉണ്ടായിരുന്നില്ല. അവർ മോശയ്ക്കും അഹരോനും വിരോധമായി സംഘംചേർന്നു. അവർ മോശയോടു കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെമുമ്പാകെ മരിച്ചുവീണപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നെങ്കിൽ! ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെ മരിക്കേണ്ടതിന് യഹോവയുടെ സഭയെ നീ എന്തിന് ഈ മരുഭൂമിയിൽ കൊണ്ടുവന്നു? ഈ നശിച്ച സ്ഥലത്തേക്കു നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നതെന്തിന്? ഇവിടെ ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ ഇല്ല; കുടിക്കാൻ വെള്ളവുമില്ല.” മോശയും അഹരോനും സഭാമധ്യത്തിൽനിന്ന് സമാഗമകൂടാരത്തിന്റെ കവാടത്തിൽചെന്നു കമിഴ്ന്നുവീണു. അപ്പോൾ യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. യഹോവ മോശയോട് അരുളിച്ചെയ്തു: “വടി എടുക്കുക, എന്നിട്ട് നീയും നിന്റെ സഹോദരൻ അഹരോനുംകൂടി സഭയെ വിളിച്ചുകൂട്ടുക. അവരുടെ കണ്മുമ്പിൽവെച്ച് പാറയോടു കൽപ്പിക്കുക, അപ്പോൾ അതിൽനിന്ന് വെള്ളം പുറപ്പെടും. ജനത്തിന് പാറയിൽനിന്ന് നീ വെള്ളം പുറപ്പെടുവിക്കും; അങ്ങനെ അവരും അവരുടെ കന്നുകാലികളും കുടിക്കും.” അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ അവിടത്തെ സന്നിധിയിൽനിന്ന് വടി എടുത്തു. തുടർന്ന് അദ്ദേഹവും അഹരോനുംകൂടി സഭയെ പാറയുടെമുമ്പിൽ വിളിച്ചുകൂട്ടി. മോശ അവരോടു പറഞ്ഞു: “മത്സരിക്കുന്നവരേ, ശ്രദ്ധിക്കുക, ഞങ്ങൾ ഈ പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം പുറപ്പെടുവിക്കട്ടെ?” ഇതിനുശേഷം മോശ കൈ ഉയർത്തി തന്റെ വടികൊണ്ട് പാറയെ രണ്ടുതവണ അടിച്ചു. വെള്ളം പ്രവഹിച്ചു. ജനവും അവരുടെ കന്നുകാലികളും മതിയാകുവോളം കുടിച്ചു. എന്നാൽ യഹോവ മോശയോടും അഹരോനോടും, “ഇസ്രായേൽജനത്തിന്റെ മുമ്പിൽ എന്നെ വിശുദ്ധീകരിക്കാൻ തക്കവണ്ണം നിങ്ങൾ എന്നിൽ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാൻ അവർക്കു കൊടുക്കുമെന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് ഈ സമൂഹത്തെ നിങ്ങൾ കൊണ്ടുപോകുകയില്ല” എന്നു പറഞ്ഞു. ഇസ്രായേൽമക്കൾ യഹോവയോടു കലഹിക്കുകയും അവരുടെമധ്യത്തിൽ അവിടന്ന് തന്റെ വിശുദ്ധി വെളിപ്പെടുത്തുകയുംചെയ്ത മെരീബാ ജലാശയം ഇതുതന്നെ. ഈ സംഭവത്തിനുശേഷം മോശ കാദേശിൽനിന്ന് ഏദോംരാജാവിന്റെ അടുക്കൽ ഈ സന്ദേശവുമായി ദൂതന്മാരെ അയച്ചു: “നിന്റെ സഹോദരനായ ഇസ്രായേൽ ബോധിപ്പിക്കുന്ന അപേക്ഷ: ഞങ്ങളുടെമേൽ വന്ന സകലദുരിതങ്ങളെക്കുറിച്ചും അങ്ങ് അറിയുന്നല്ലോ. ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിലേക്ക് ഇറങ്ങിപ്പോയി. ഞങ്ങൾ അവിടെ അനേകവർഷങ്ങൾ താമസിച്ചു. ഈജിപ്റ്റുകാർ ഞങ്ങളോടും ഞങ്ങളുടെ പൂർവികരോടും കഠിനമായി പെരുമാറി. എന്നാൽ ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ, അവിടന്ന് ഞങ്ങളുടെ പ്രാർഥനകേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു. “ഇപ്പോൾ ഞങ്ങൾ ഇവിടെ അങ്ങയുടെ അധീനതയിലുള്ള രാജ്യത്തിന്റെ അതിർത്തിനഗരമായ കാദേശിൽ എത്തിയിരിക്കുന്നു. നിങ്ങളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കുക. ഞങ്ങൾ വയലിലോ മുന്തിരിത്തോപ്പിലോ കടക്കുകയോ കിണറ്റിൽനിന്ന് വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. നിങ്ങളുടെ അതിർത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ രാജപാതയിലൂടെമാത്രമേ യാത്രചെയ്യുകയുള്ളൂ.” എന്നാൽ ഏദോംരാജാവിന്റെ ഉത്തരവ് ഇപ്രകാരമായിരുന്നു: “നിങ്ങൾ ഇതിലെ കടന്നുപോകരുത്. അതിനു തുനിഞ്ഞാൽ, ഞങ്ങൾ പുറപ്പെട്ടുവന്ന് വാൾകൊണ്ട് നിങ്ങളെ ആക്രമിക്കും.” അതിന് ഇസ്രായേല്യർ, “ഞങ്ങൾ പ്രധാനനിരത്തിലൂടെ പൊയ്ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ കന്നുകാലികളോ നിങ്ങളുടെ വെള്ളം കുടിച്ചാൽ അതിനു വിലതരാം. ഞങ്ങൾക്കു കാൽനടയായി കടന്നുപോയാൽമാത്രം മതി—മറ്റൊന്നും വേണ്ട” എന്ന മറുപടി അറിയിച്ചു. വീണ്ടും അവർ മറുപടികൊടുത്തു: “നിങ്ങൾ കടന്നുപോയിക്കൂടാ.” അപ്പോൾ ഏദോം വലിയതും ശക്തവുമായ ഒരു സൈന്യത്തോടുകൂടി അവർക്കെതിരേ പുറപ്പെട്ടു. തങ്ങളുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഏദോം അവർക്ക് അനുമതി നിഷേധിച്ചതിനാൽ, ഇസ്രായേൽ അവിടെനിന്നു പിന്തിരിഞ്ഞു. ഇസ്രായേൽസഭ മുഴുവനും കാദേശിൽനിന്ന് പുറപ്പെട്ട് ഹോർ പർവതത്തിൽ എത്തി.

പങ്ക് വെക്കു
സംഖ്യാപുസ്തകം 20 MCV