സംഖ്യ. 20:2-22
സംഖ്യ. 20:2-22 IRVMAL
എന്നാൽ ജനത്തിന് കുടിക്കുവാൻ അവിടെ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി. ജനം മോശെയോട് കലഹിച്ചു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ അവരോടൊപ്പം ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്ന് ചാകേണ്ടതിന് നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്? ഈ ദുഷിച്ച സ്ഥലത്തേക്ക് കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽ നിന്ന് ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിക്കുവാൻ വെള്ളവുമില്ല” എന്നു പറഞ്ഞു. അനന്തരം മോശെയും അഹരോനും സഭയുടെമുമ്പിൽനിന്ന് സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ ചെന്നു കമിഴ്ന്നുവീണു; യഹോവയുടെ തേജസ്സ് അവർക്ക് പ്രത്യക്ഷമായി. യഹോവ മോശെയോട്: “നിന്‍റെ വടി എടുത്ത് നീയും നിന്‍റെ സഹോദരൻ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോട് കല്പിക്കുക. എന്നാൽ അത് വെള്ളം തരും; പാറയിൽനിന്ന് അവർക്ക് വെള്ളം പുറപ്പെടുവിച്ച് ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിക്കുവാൻ കൊടുക്കേണം” എന്നു അരുളിച്ചെയ്തു. തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്ന് വടി എടുത്തു. മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: “മത്സരികളേ, കേൾക്കുവിൻ; ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ” എന്നു പറഞ്ഞു. മോശെ കൈ ഉയർത്തി വടികൊണ്ട് പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. പിന്നെ യഹോവ മോശെയോടും അഹരോനോടും: “നിങ്ങൾ യിസ്രായേൽ മക്കൾ കാൺകെ എന്നെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നിങ്ങൾ ഈ സഭയെ ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് കൊണ്ടുപോകുകയില്ല” എന്നു അരുളിച്ചെയ്തു. ഇത് യിസ്രായേൽ മക്കൾ യഹോവയോട് കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം. അനന്തരം മോശെ കാദേശിൽനിന്ന് ഏദോം രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചത്: നിന്‍റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയിച്ചു: “ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയകാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു. ഞങ്ങൾ യഹോവയോട് നിലവിളിച്ചപ്പോൾ അവിടുന്ന് ഞങ്ങളുടെ നിലവിളികേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു; ഞങ്ങൾ നിന്‍റെ അതിർത്തി പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു. ഞങ്ങൾ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ, മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല. ഞങ്ങൾ രാജപാതയിൽ കൂടി തന്നെ നടക്കും; നിന്‍റെ അതിർത്തി കഴിയുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുകയുമില്ല.” ഏദോം അവനോട്: “നീ എന്‍റെ നാട്ടിൽ കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്‍റെനേരെ പുറപ്പെടും” എന്നു പറഞ്ഞു. അതിന് യിസ്രായേൽ മക്കൾ അവനോട്: “ഞങ്ങൾ പ്രധാനനിരത്തിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്‍റെ കന്നുകാലിയും നിന്‍റെ വെള്ളം കുടിച്ചാൽ അതിന്‍റെ വില തരാം; കാൽനടയായി കടന്ന് പോകണമെന്നല്ലാതെ മറ്റൊന്നും എനിക്ക് വേണ്ടാ” എന്നു പറഞ്ഞു. അതിന് അവൻ “നീ കടന്നുപോകരുത്” എന്നു പറഞ്ഞു. ഏദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടി അവന്‍റെനേരെ പുറപ്പെട്ടു. ഇങ്ങനെ ഏദോം തന്‍റെ അതിർത്തിയിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവിടെനിന്ന് പിന്തിരിഞ്ഞു. പിന്നെ യിസ്രായേൽ മക്കളുടെ സർവ്വസഭയും കാദേശിൽനിന്ന് യാത്ര പുറപ്പെട്ടു ഹോർപർവ്വതത്തിൽ എത്തി.

