സംഖ്യാപുസ്തകം 14:1-25

സംഖ്യാപുസ്തകം 14:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു. യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭയൊക്കെയും അവരോട്: മിസ്രയീംദേശത്തുവച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. വാളാൽ വീഴേണ്ടതിനു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലത്? എന്നു പറഞ്ഞു. നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്ക് മടങ്ങിപ്പോക എന്നും അവർ തമ്മിൽ തമ്മിൽ പറഞ്ഞു. അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു. ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും വസ്ത്രം കീറി യിസ്രായേൽമക്കളുടെ സർവസഭയോടും പറഞ്ഞത് എന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്ക് അതു തരും. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്. എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമനകൂടാരത്തിൽ എല്ലാ യിസ്രായേൽമക്കളും കാൺകെ പ്രത്യക്ഷമായി. യഹോവ മോശെയോട്: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്ന് അരുളിച്ചെയ്തു. മോശെ യഹോവയോടു പറഞ്ഞത്: എന്നാൽ മിസ്രയീമ്യർ അതു കേൾക്കും; നീ ഈ ജനത്തെ അവരുടെ ഇടയിൽനിന്നു നിന്റെ ശക്തിയാൽ കൊണ്ടുപോന്നുവല്ലോ. അവർ അത് ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മധ്യേ ഉണ്ടെന്ന് അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവർക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ. നീ ഇപ്പോൾ ഈ ജനത്തെയൊക്കെയും ഒരു ഒറ്റ മനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ: ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകുവാൻ യഹോവയ്ക്കു കഴിയായ്കകൊണ്ട് അവൻ അവരെ മരുഭൂമിയിൽവച്ചു കൊന്നുകളഞ്ഞു എന്നു പറയും. യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതേ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെമേൽ സന്ദർശിക്കുന്നവൻ എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ നിന്റെ ശക്തി വലുതായിരിക്കേണമേ. നിന്റെ മഹാദയയ്ക്കു തക്കവണ്ണം മിസ്രയീംമുതൽ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ. അതിന് യഹോവ അരുളിച്ചെയ്തത്: നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു. എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും. എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്ക് കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ട് അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല. എന്റെ ദാസനായ കാലേബോ, അവനു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്കു ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും. എന്നാൽ അമാലേക്യരും കനാന്യരും താഴ്‌വരയിൽ പാർക്കുന്നതുകൊണ്ട് നിങ്ങൾ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിൻ.

സംഖ്യാപുസ്തകം 14:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനം രാത്രി മുഴുവൻ ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. അവർ മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തു. ഈജിപ്തിലോ ഈ മരുഭൂമിയിലോ വച്ചു ഞങ്ങൾ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. വാളിനിരയാകാനായി ഞങ്ങളെ ആ ദേശത്തേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും അവർക്ക് ഇരയായിത്തീരുമല്ലോ. ഈജിപ്തിലേക്കു മടങ്ങിപ്പോകുന്നതല്ലേ നല്ലത്?” അവർ അന്യോന്യം പറഞ്ഞു: “നമുക്ക് മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.” അപ്പോൾ മോശയും അഹരോനും അവിടെ കൂടിയിരുന്ന സകല ഇസ്രായേൽജനത്തിന്റെയും മുമ്പിൽ സാഷ്ടാംഗം വീണു. ദേശം ഒറ്റുനോക്കാൻ പോയവരിൽ നൂനിന്റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും അവരുടെ വസ്ത്രം കീറി, സർവ ഇസ്രായേൽജനത്തോടുമായി അവർ പറഞ്ഞു: “ഞങ്ങൾ രഹസ്യമായി നിരീക്ഷിച്ച ദേശം വളരെ വിശിഷ്ടമാണ്. സർവേശ്വരൻ നമ്മിൽ പ്രസാദിച്ചാൽ അവിടുന്നു നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നയിക്കുകയും അതു നമുക്കു നല്‌കുകയും ചെയ്യും. നിങ്ങൾ അവിടുത്തോടു മത്സരിക്കരുത്. ആ ദേശനിവാസികളെ ഭയപ്പെടേണ്ടാ. അവർ നമുക്ക് ഇരയാകും. അവർക്ക് ഇനി രക്ഷയില്ല; സർവേശ്വരൻ നമ്മുടെ കൂടെയുള്ളതുകൊണ്ടു നാം അവരെ ഭയപ്പെടേണ്ടതില്ല.” എന്നാൽ ജനം യോശുവയെയും കാലേബിനെയും കല്ലെറിഞ്ഞു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പെട്ടെന്നു തിരുസാന്നിധ്യകൂടാരത്തിന്റെ മുകളിൽ സർവേശ്വരന്റെ തേജസ്സ് സകല ജനത്തിനും കാണത്തക്കവിധം വെളിപ്പെട്ടു. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “എത്രകാലം ഈ ജനം എന്നെ നിന്ദിക്കും? അവരുടെ മധ്യേ ഞാൻ പ്രവർത്തിച്ച അടയാളങ്ങൾ കണ്ടിട്ടും അവർ എത്രകാലം എന്നെ അവിശ്വസിക്കും? ഞാൻ ഒരു മഹാമാരി അയച്ച് അവരെ നശിപ്പിക്കും; എന്നാൽ ഞാൻ നിന്നെ അവരെക്കാൾ വലുതും ശക്തവുമായ ഒരു ജനതയുടെ പിതാവാക്കും.” എന്നാൽ മോശ സർവേശ്വരനോട് ഇങ്ങനെ പറഞ്ഞു: “ഈജിപ്തുകാർ ഇതേക്കുറിച്ചു കേൾക്കും; അവിടുത്തെ ശക്തികൊണ്ടാണല്ലോ ഈ ജനത്തെ അവരുടെ നടുവിൽനിന്നു കൂട്ടിക്കൊണ്ടു വന്നത്? ഈ ദേശത്തു വസിക്കുന്നവരോടും അവർ ഇതു പറയും; സർവേശ്വരാ, അവിടുന്ന് ഈ ജനത്തിന്റെകൂടെ ഉണ്ടെന്നുള്ളത് ഈ ദേശനിവാസികൾ കേട്ടിട്ടുണ്ട്. ഈ ജനം അങ്ങയെയല്ലേ ദർശിക്കുന്നത്? അവിടുത്തെ മേഘം അവരുടെ മുകളിൽ നില്‌ക്കുന്നതും അവിടുന്നു പകൽ മേഘസ്തംഭത്തിലൂടെയും രാത്രിയിൽ അഗ്നിസ്തംഭത്തിലൂടെയും വഴി നടത്തുന്നതും അവർ കണ്ടിട്ടുണ്ട്. അവിടുന്ന് ഈ ജനത്തെയെല്ലാം കേവലം ഒറ്റ മനുഷ്യനെയെന്നപോലെ കൊന്നുകളഞ്ഞാൽ അവിടുത്തെ കീർത്തി കേട്ടിട്ടുള്ള ജനതകൾ, ഇസ്രായേൽജനത്തിന് അവിടുന്നു കൊടുക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള ദേശത്തേക്കു കൊണ്ടുപോകാൻ സർവേശ്വരനു കഴിവില്ലാത്തതുകൊണ്ടാണു മരുഭൂമിയിൽവച്ച് അവരെ കൊന്നുകളഞ്ഞത് എന്നു പറയും. സർവേശ്വരാ, അവിടുന്നു ക്ഷമാശീലനും അചഞ്ചലസ്നേഹമുള്ളവനും സകല അപരാധവും അതിക്രമവും പൊറുക്കുന്നവനുമാണല്ലോ. എന്നാൽ കുറ്റവാളികളെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കു മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അതിൻപ്രകാരം ഇപ്പോൾ അങ്ങയുടെ ശക്തി വെളിപ്പെടുത്തണമേ. അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്തവിധം, ഈജിപ്തിൽനിന്നു പുറപ്പെട്ടതുമുതൽ ഇവിടംവരെ ഈ ജനത്തോടു ക്ഷമിച്ചതുപോലെ ഇപ്പോഴും ഇവരുടെ അപരാധം ക്ഷമിക്കണമേ.” അപ്പോൾ സർവേശ്വരൻ അരുളിച്ചെയ്തു: നിന്റെ പ്രാർഥനപോലെ ഞാൻ അവരോടു ക്ഷമിച്ചിരിക്കുന്നു. എന്നാൽ എന്നെയും ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്ന എന്റെ തേജസ്സിനെയും സാക്ഷിയാക്കി ഞാൻ പറയുന്നു, എന്റെ മഹത്ത്വവും ഈജിപ്തിലും മരുഭൂമിയിലും ഞാൻ ചെയ്ത അദ്ഭുതപ്രവൃത്തികളും നേരിൽ കണ്ടിട്ടും ഇപ്പോൾത്തന്നെ നിരവധി പ്രാവശ്യം അവർ എന്നെ പരീക്ഷിക്കുകയും നിന്ദിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുകയാൽ ഞാൻ അവരുടെ പിതാക്കന്മാർക്കു വാഗ്ദാനം ചെയ്ത ഭൂമി കാണുകയോ അവകാശമാക്കുകയോ ചെയ്യുകയില്ല. എന്നാൽ എന്റെ ദാസനായ കാലേബിനു വ്യത്യസ്ത മനോഭാവമുള്ളതുകൊണ്ടും അവൻ എന്നെ പൂർണമായി അനുസരിച്ചതുകൊണ്ടും അവൻ നിരീക്ഷിക്കാൻ പോയ സ്ഥലത്തു ഞാൻ അവനെ കൊണ്ടുപോകും; അവന്റെ ഭാവിതലമുറക്കാർ അതു കൈവശമാക്കുകയും ചെയ്യും. അമാലേക്യരും കനാന്യരും താഴ്‌വരയിൽ പാർക്കുന്നതുകൊണ്ടു നിങ്ങൾ ചെങ്കടലിലേക്കുള്ള വഴിയേ തിരിഞ്ഞ് നാളെ മരുഭൂമിയിലേക്കു പുറപ്പെടുക.”

സംഖ്യാപുസ്തകം 14:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അപ്പോൾ സഭ ആസകലം തീവ്ര ദു:ഖത്താൽ ഉറക്കെ നിലവിളിച്ചു; ജനം ആ രാത്രിമുഴുവനും കരഞ്ഞു. യിസ്രായേൽ മക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭ ആസകലം അവരോട്: “മിസ്രയീമിൽ വച്ചോ ഈ മരുഭൂമിയിൽവച്ചോ ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. വാളാൽ വീഴേണ്ടതിന് യഹോവ ഞങ്ങളെ ആ ദേശത്തിലേക്ക് കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായിപ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകുകയല്ലയോ ഞങ്ങൾക്ക് നല്ലത്?” എന്നു പറഞ്ഞു. ”നാം ഒരു നായകനെ തിരഞ്ഞെടുത്ത് മിസ്രയീമിലേക്കു മടങ്ങിപ്പോകുക” എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു. അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിൻ്റെയും മുമ്പിൽ കവിണ്ണുവീണു. ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്‍റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും വസ്ത്രം കീറി, യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറഞ്ഞത് എന്തെന്നാൽ: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം എത്രയും നല്ലദേശം ആകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്ക് കൊണ്ടുചെന്ന് അത് നമുക്ക് തരും. യഹോവയോട് നിങ്ങൾ മത്സരിക്കുകമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്. എന്നാൽ ‘അവരെ കല്ലെറിയേണം’ എന്നു സഭയെല്ലാം പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമനകൂടാരത്തിൽ എല്ലാ യിസ്രായേൽമക്കളും കാൺകെ പ്രത്യക്ഷമായി. യഹോവ മോശെയോട്: “ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യത്തിൽ ചെയ്തിട്ടുള്ള സകല അടയാളങ്ങളും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ച് സംഹരിച്ചുകളയുകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു. മോശെ യഹോവയോട് പറഞ്ഞത്: “എന്നാൽ മിസ്രയീമ്യർ അത് കേൾക്കും; അങ്ങ് ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് അങ്ങേയുടെ ശക്തിയാൽ പുറപ്പെടുവിച്ച് കൊണ്ടുവന്നുവല്ലോ. അവർ അത് ഈ ദേശനിവാസികളോടും പറയും; യഹോവയായ അങ്ങ് ഈ ജനത്തിന്‍റെ മദ്ധ്യത്തിൽ ഉണ്ടെന്നും അവർ അങ്ങയെ അഭിമുഖമായി കണ്ടു എന്നും മിസ്രയീമ്യർ കേട്ടിരിക്കുന്നു; അവിടുത്തെ മേഘം ഇവർക്ക് മീതെ നില്‍ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അങ്ങ് ഇവർക്ക് മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ. അങ്ങ് ഇപ്പോൾ ഈ ജനത്തെ മുഴുവനും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ അവിടുത്തെ കീർത്തി കേട്ടിരിക്കുന്ന ജനതകൾ: ‘ഈ ജനത്തോട് സത്യംചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകുവാൻ യഹോവയ്ക്ക് കഴിയായ്കകൊണ്ട് അവൻ അവരെ മരുഭൂമിയിൽവച്ച് കൊന്നുകളഞ്ഞു’ എന്നു പറയും. ”യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെമേൽ സന്ദർശിക്കുന്നവൻ; എന്നിങ്ങനെ അങ്ങ് അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ അങ്ങേയുടെ ശക്തി വലുതായിരിക്കേണമേ. അങ്ങേയുടെ മഹാദയയ്ക്കു തക്കവണ്ണം മിസ്രയീം മുതൽ ഇവിടംവരെ ഈ ജനത്തോട് അങ്ങ് ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്‍റെ അകൃത്യം ക്ഷമിക്കേണമേ.” അതിന് യഹോവ അരുളിച്ചെയ്തത്: “നിന്‍റെ അപേക്ഷ പ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു. എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ട് നിറഞ്ഞിരിക്കും. എന്‍റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവച്ച് ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കുകയും എന്‍റെ വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് അവരുടെ പിതാക്കന്മാരോട് ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാണുകയില്ല; എന്നെ നിരസിച്ചവർ ആരും അത് കാണുകയില്ല. എന്‍റെ ദാസനായ കാലേബോ, അവനു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്ക് ഞാൻ അവനെ എത്തിക്കും; അവന്‍റെ സന്തതി അത് കൈവശമാക്കും. എന്നാൽ അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതുകൊണ്ട് നിങ്ങൾ നാളെ ചെങ്കടലിലേക്കുള്ള വഴിയായി മരുഭൂമിയിലേക്ക് മടങ്ങിപ്പോകുവിൻ.”

സംഖ്യാപുസ്തകം 14:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു. യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടു: മിസ്രയീംദേശത്തുവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലതു? എന്നു പറഞ്ഞു. നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു. അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു. ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും വസ്ത്രം കീറി, യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു എന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റു നോക്കിയ ദേശം എത്രയും നല്ലദേശം ആകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു. എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സു സമാഗമനകൂടാരത്തിൽ എല്ലായിസ്രായേൽമക്കളും കാൺകെ പ്രത്യക്ഷമായി. യഹോവ മോശെയോടു: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്നു അരുളിച്ചെയ്തു. മോശെ യഹോവയോടു പറഞ്ഞതു: എന്നാൽ മിസ്രയീമ്യർ അതു കേൾക്കും; നീ ഈ ജനത്തെ അവരുടെ ഇടയിൽനിന്നു നിന്റെ ശക്തിയാൽ കൊണ്ടുപോന്നുവല്ലോ. അവർ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവർക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ. നീ ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ: ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാൻ യഹോവെക്കു കഴിയായ്കകൊണ്ടു അവൻ അവരെ മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു എന്നു പറയും. യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേൽ സന്ദർശിക്കുന്നവൻ എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ നിന്റെ ശക്തി വലുതായിരിക്കേണമേ. നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതൽ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ. അതിന്നു യഹോവ അരുളിച്ചെയ്തതു: നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു. എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും. എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല. എന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്കു ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും. എന്നാൽ അമാലേക്യരും കനാന്യരും താഴ്‌വരയിൽ പാർക്കുന്നതുകൊണ്ടു നിങ്ങൾ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിൻ.

സംഖ്യാപുസ്തകം 14:1-25 സമകാലിക മലയാളവിവർത്തനം (MCV)

ആ രാത്രി ഇസ്രായേൽസഭ മുഴുവനും ശബ്ദം ഉയർത്തി ഉച്ചത്തിൽ കരഞ്ഞു; സകല ഇസ്രായേല്യരും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു; സർവസഭയും അവരോടു പറഞ്ഞു: “ഞങ്ങൾ ഈജിപ്റ്റിൽവെച്ചു മരിച്ചിരുന്നെങ്കിൽ! അല്ലെങ്കിൽ മരുഭൂമിയിൽത്തന്നെ ഞങ്ങൾ മരിച്ചിരുന്നെങ്കിൽ! ഞങ്ങൾ വാളിനാൽ വീഴാനായി യഹോവ ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുട്ടികളും കൊള്ളയായി പിടിക്കപ്പെടാൻ പോകുന്നു. ഈജിപ്റ്റിലേക്കു തിരികെപ്പോകുന്നതല്ലേ ഞങ്ങൾക്കു നല്ലത്?” “നമുക്ക് ഒരു നായകനെ തെരഞ്ഞെടുത്ത് ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകാം,” അവർ പരസ്പരം പറഞ്ഞു. അപ്പോൾ മോശയും അഹരോനും അവിടെ കൂടിയിരുന്ന ഇസ്രായേൽസഭയിലുണ്ടായിരുന്ന സർവരുടെയും മുമ്പിൽ കമിഴ്ന്നുവീണു. ദേശം പര്യവേക്ഷണംചെയ്യാൻ പോയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും തങ്ങളുടെ വസ്ത്രംകീറി സർവ ഇസ്രായേൽസഭയോടും പറഞ്ഞു: “ഞങ്ങൾ സഞ്ചരിച്ച് പര്യവേക്ഷണംചെയ്ത ദേശം ഏറ്റവും നല്ലത്. യഹോവ നമ്മിൽ പ്രസാദിക്കുന്നെങ്കിൽ, അവിടന്ന് പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നമ്മെ കൊണ്ടുചെന്ന് അതു നമുക്കു തരും. യഹോവയോടു മത്സരിക്കുകമാത്രം അരുത്. ആ ദേശത്തുള്ള ജനത്തെ ഭയപ്പെടരുത്, അവർ നമുക്കിരയാകും. അവരുടെ സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; എന്നാൽ യഹോവ നമ്മോടൊപ്പം ഉണ്ട്. അവരെ ഭയപ്പെടരുത്.” എന്നാൽ യോശുവയെയും കാലേബിനെയും കല്ലെറിയണമെന്നു സർവസഭയും പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമകൂടാരത്തിൽ സർവ ഇസ്രായേല്യർക്കും പ്രത്യക്ഷമായി. യഹോവ മോശയോട് അരുളിച്ചെയ്തു: “ഈ ജനം എത്രനാൾ എന്നെ നിന്ദിക്കും? ഞാൻ അവരുടെ ഇടയിൽ പ്രവർത്തിച്ച സകല അത്ഭുതചിഹ്നങ്ങളും കണ്ടിട്ടും അവർ എത്രനാൾ എന്നിൽ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ ഒരു ബാധയാൽ ദണ്ഡിപ്പിച്ച്, സംഹരിച്ചു നശിപ്പിക്കും. എന്നാൽ ഞാൻ നിന്നെ അവരിലും വലിയതും ശക്തവുമായ ഒരു ജനതയാക്കും.” മോശ യഹോവയോടു പറഞ്ഞു: “എന്നാൽ ഈജിപ്റ്റുകാർ അതിനെക്കുറിച്ചു കേൾക്കുമ്പോൾ എന്താണു ചിന്തിക്കുക! അവിടത്തെ ശക്തിയാൽ അങ്ങ് ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് കൊണ്ടുവന്നു. അവിടന്ന് ഇപ്പോൾ ഈ ജനത്തെ നശിപ്പിച്ചാൽ, ഈജിപ്റ്റുകാർ ഈ ദേശവാസികളോട് ഇക്കാര്യം പറയും. യഹോവയായ അങ്ങ് ഈ ജനത്തോടൊപ്പം ഉണ്ടെന്നും അവർ അങ്ങയെ അഭിമുഖമായിക്കണ്ടുവെന്നും അവർ കേട്ടിട്ടുണ്ട്; കാരണം, അങ്ങയുടെ മേഘം അവരുടെ മുകളിൽ വസിക്കുന്നു, പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അങ്ങ് അവർക്കുമുമ്പായി പോകുന്നു. അവിടന്ന് ഈ ജനത്തെ ഒന്നിച്ചു നശിപ്പിച്ചാൽ, അങ്ങയെക്കുറിച്ച് ഈ വർത്തമാനം കേട്ടിട്ടുള്ള ജനം പറയും: ‘യഹോവ ശപഥംചെയ്ത്, വാഗ്ദാനംകൊടുത്ത ദേശത്തേക്ക് ഈ ജനത്തെ കൊണ്ടുവരാൻ അവിടത്തേക്കു കഴിഞ്ഞില്ല; അതിനാൽ അവിടന്ന് അവരെ മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു.’ “അവിടന്ന് അരുളിച്ചെയ്തിട്ടുള്ളതുപോലെ അവിടത്തെ ശക്തി വലുതാണെന്നു വെളിപ്പെടുത്താൻ ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ‘യഹോവ ക്ഷമാശീലനും സ്നേഹസമ്പന്നനും അകൃത്യവും ലംഘനവും ക്ഷമിക്കുന്നവനും ആകുന്നു. എങ്കിലും അവിടന്ന് കുറ്റംചെയ്തവരെ വെറുതേവിടാതെ പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനും ആകുന്നു.’ അങ്ങയുടെ മഹാ ദയനിമിത്തം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട സമയംമുതൽ ഇപ്പോൾവരെ അവരോടു ക്ഷമിച്ചതുപോലെതന്നെ ഈ ജനത്തിന്റെ പാപം ക്ഷമിക്കണമേ.” അതിനു യഹോവ അരുളിച്ചെയ്തു: “നീ അപേക്ഷിച്ചതുപോലെ ഞാൻ അവരോടു ക്ഷമിച്ചിരിക്കുന്നു. എങ്കിലും, ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഭൂമി മുഴുവൻ യഹോവയുടെ തേജസ്സ് നിറഞ്ഞിരിക്കുന്നു, എന്റെ തേജസ്സും ഞാൻ ഈജിപ്റ്റിലും മരുഭൂമിയിലും പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങളും ദർശിച്ചിട്ട് എന്നെ പത്തുപ്രാവശ്യം പരീക്ഷിക്കുകയും എന്റെ വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്തവരിൽ ആരും അവരുടെ പിതാക്കന്മാർക്കു ഞാൻ നൽകുമെന്നു ശപഥംചെയ്ത ദേശം കാണുകയില്ല. എന്നെ നിന്ദിച്ചവരിൽ ആരും ഒരിക്കലും അതു കാണുകയില്ല. എന്നാൽ എന്റെ ദാസനായ കാലേബിനു വ്യത്യസ്തമായ ഒരു ആത്മാവുള്ളതിനാലും എന്നെ പൂർണഹൃദയത്തോടെ പിൻപറ്റുന്നതിനാലും അവൻ പോയ ദേശത്തേക്കു ഞാൻ അവനെ കൊണ്ടുപോകും; അവന്റെ സന്തതികൾ അത് അവകാശമാക്കും. അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതിനാൽ, നാളെ നിങ്ങൾ പിന്തിരിഞ്ഞ് ചെങ്കടലിലേക്കുള്ള മാർഗത്തിലൂടെ മരുഭൂമിയിലേക്ക് യാത്രപുറപ്പെടുക.”