ഇസ്രായേൽജനം രാത്രി മുഴുവൻ ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. അവർ മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തു. ഈജിപ്തിലോ ഈ മരുഭൂമിയിലോ വച്ചു ഞങ്ങൾ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. വാളിനിരയാകാനായി ഞങ്ങളെ ആ ദേശത്തേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും അവർക്ക് ഇരയായിത്തീരുമല്ലോ. ഈജിപ്തിലേക്കു മടങ്ങിപ്പോകുന്നതല്ലേ നല്ലത്?” അവർ അന്യോന്യം പറഞ്ഞു: “നമുക്ക് മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.” അപ്പോൾ മോശയും അഹരോനും അവിടെ കൂടിയിരുന്ന സകല ഇസ്രായേൽജനത്തിന്റെയും മുമ്പിൽ സാഷ്ടാംഗം വീണു. ദേശം ഒറ്റുനോക്കാൻ പോയവരിൽ നൂനിന്റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും അവരുടെ വസ്ത്രം കീറി, സർവ ഇസ്രായേൽജനത്തോടുമായി അവർ പറഞ്ഞു: “ഞങ്ങൾ രഹസ്യമായി നിരീക്ഷിച്ച ദേശം വളരെ വിശിഷ്ടമാണ്. സർവേശ്വരൻ നമ്മിൽ പ്രസാദിച്ചാൽ അവിടുന്നു നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നയിക്കുകയും അതു നമുക്കു നല്‌കുകയും ചെയ്യും. നിങ്ങൾ അവിടുത്തോടു മത്സരിക്കരുത്. ആ ദേശനിവാസികളെ ഭയപ്പെടേണ്ടാ. അവർ നമുക്ക് ഇരയാകും. അവർക്ക് ഇനി രക്ഷയില്ല; സർവേശ്വരൻ നമ്മുടെ കൂടെയുള്ളതുകൊണ്ടു നാം അവരെ ഭയപ്പെടേണ്ടതില്ല.” എന്നാൽ ജനം യോശുവയെയും കാലേബിനെയും കല്ലെറിഞ്ഞു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പെട്ടെന്നു തിരുസാന്നിധ്യകൂടാരത്തിന്റെ മുകളിൽ സർവേശ്വരന്റെ തേജസ്സ് സകല ജനത്തിനും കാണത്തക്കവിധം വെളിപ്പെട്ടു. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “എത്രകാലം ഈ ജനം എന്നെ നിന്ദിക്കും? അവരുടെ മധ്യേ ഞാൻ പ്രവർത്തിച്ച അടയാളങ്ങൾ കണ്ടിട്ടും അവർ എത്രകാലം എന്നെ അവിശ്വസിക്കും? ഞാൻ ഒരു മഹാമാരി അയച്ച് അവരെ നശിപ്പിക്കും; എന്നാൽ ഞാൻ നിന്നെ അവരെക്കാൾ വലുതും ശക്തവുമായ ഒരു ജനതയുടെ പിതാവാക്കും.” എന്നാൽ മോശ സർവേശ്വരനോട് ഇങ്ങനെ പറഞ്ഞു: “ഈജിപ്തുകാർ ഇതേക്കുറിച്ചു കേൾക്കും; അവിടുത്തെ ശക്തികൊണ്ടാണല്ലോ ഈ ജനത്തെ അവരുടെ നടുവിൽനിന്നു കൂട്ടിക്കൊണ്ടു വന്നത്? ഈ ദേശത്തു വസിക്കുന്നവരോടും അവർ ഇതു പറയും; സർവേശ്വരാ, അവിടുന്ന് ഈ ജനത്തിന്റെകൂടെ ഉണ്ടെന്നുള്ളത് ഈ ദേശനിവാസികൾ കേട്ടിട്ടുണ്ട്. ഈ ജനം അങ്ങയെയല്ലേ ദർശിക്കുന്നത്? അവിടുത്തെ മേഘം അവരുടെ മുകളിൽ നില്‌ക്കുന്നതും അവിടുന്നു പകൽ മേഘസ്തംഭത്തിലൂടെയും രാത്രിയിൽ അഗ്നിസ്തംഭത്തിലൂടെയും വഴി നടത്തുന്നതും അവർ കണ്ടിട്ടുണ്ട്. അവിടുന്ന് ഈ ജനത്തെയെല്ലാം കേവലം ഒറ്റ മനുഷ്യനെയെന്നപോലെ കൊന്നുകളഞ്ഞാൽ അവിടുത്തെ കീർത്തി കേട്ടിട്ടുള്ള ജനതകൾ, ഇസ്രായേൽജനത്തിന് അവിടുന്നു കൊടുക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള ദേശത്തേക്കു കൊണ്ടുപോകാൻ സർവേശ്വരനു കഴിവില്ലാത്തതുകൊണ്ടാണു മരുഭൂമിയിൽവച്ച് അവരെ കൊന്നുകളഞ്ഞത് എന്നു പറയും. സർവേശ്വരാ, അവിടുന്നു ക്ഷമാശീലനും അചഞ്ചലസ്നേഹമുള്ളവനും സകല അപരാധവും അതിക്രമവും പൊറുക്കുന്നവനുമാണല്ലോ. എന്നാൽ കുറ്റവാളികളെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കു മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അതിൻപ്രകാരം ഇപ്പോൾ അങ്ങയുടെ ശക്തി വെളിപ്പെടുത്തണമേ. അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്തവിധം, ഈജിപ്തിൽനിന്നു പുറപ്പെട്ടതുമുതൽ ഇവിടംവരെ ഈ ജനത്തോടു ക്ഷമിച്ചതുപോലെ ഇപ്പോഴും ഇവരുടെ അപരാധം ക്ഷമിക്കണമേ.” അപ്പോൾ സർവേശ്വരൻ അരുളിച്ചെയ്തു: നിന്റെ പ്രാർഥനപോലെ ഞാൻ അവരോടു ക്ഷമിച്ചിരിക്കുന്നു. എന്നാൽ എന്നെയും ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്ന എന്റെ തേജസ്സിനെയും സാക്ഷിയാക്കി ഞാൻ പറയുന്നു, എന്റെ മഹത്ത്വവും ഈജിപ്തിലും മരുഭൂമിയിലും ഞാൻ ചെയ്ത അദ്ഭുതപ്രവൃത്തികളും നേരിൽ കണ്ടിട്ടും ഇപ്പോൾത്തന്നെ നിരവധി പ്രാവശ്യം അവർ എന്നെ പരീക്ഷിക്കുകയും നിന്ദിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുകയാൽ ഞാൻ അവരുടെ പിതാക്കന്മാർക്കു വാഗ്ദാനം ചെയ്ത ഭൂമി കാണുകയോ അവകാശമാക്കുകയോ ചെയ്യുകയില്ല. എന്നാൽ എന്റെ ദാസനായ കാലേബിനു വ്യത്യസ്ത മനോഭാവമുള്ളതുകൊണ്ടും അവൻ എന്നെ പൂർണമായി അനുസരിച്ചതുകൊണ്ടും അവൻ നിരീക്ഷിക്കാൻ പോയ സ്ഥലത്തു ഞാൻ അവനെ കൊണ്ടുപോകും; അവന്റെ ഭാവിതലമുറക്കാർ അതു കൈവശമാക്കുകയും ചെയ്യും. അമാലേക്യരും കനാന്യരും താഴ്‌വരയിൽ പാർക്കുന്നതുകൊണ്ടു നിങ്ങൾ ചെങ്കടലിലേക്കുള്ള വഴിയേ തിരിഞ്ഞ് നാളെ മരുഭൂമിയിലേക്കു പുറപ്പെടുക.”
NUMBERS 14 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 14:1-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ