നെഹെമ്യാവ് 9:32-37
നെഹെമ്യാവ് 9:32-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും നിന്റെ സർവജനത്തിനും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ. എന്നാൽ ഞങ്ങൾക്കു ഭവിച്ചതിലൊക്കെയും നീ നീതിമാൻ തന്നെ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു. ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്റെ സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല. അവർ തങ്ങളുടെ രാജത്വത്തിലും നീ അവർക്ക് കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവർക്ക് അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല. ഇതാ, ഞങ്ങൾ ഇന്നു ദാസന്മാർ; നീ ഞങ്ങളുടെ പിതാക്കന്മാർക്കു ഫലവും ഗുണവും അനുഭവിപ്പാൻ കൊടുത്ത ഈ ദേശത്തുതന്നെ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു. ഞങ്ങളുടെ പാപങ്ങൾ നിമിത്തം നീ ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർക്ക് അതു വളരെ അനുഭവം കൊടുക്കുന്നു; അവർ തങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലുമായിരിക്കുന്നു.
നെഹെമ്യാവ് 9:32-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മഹോന്നതനും ബലവാനും ഭീതിദനും ഉടമ്പടി പാലിക്കുന്നവനും കരുണാനിധിയുമായ ഞങ്ങളുടെ ദൈവമേ, അസ്സീറിയൻരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ഞങ്ങളുടെ പിതാക്കന്മാരും സർവജനങ്ങളും സഹിക്കേണ്ടിവന്ന കഷ്ടതകൾ അവിടുന്നു നിസ്സാരമായി ഗണിക്കരുതേ. ഞങ്ങൾ അർഹിക്കുന്ന ശിക്ഷയാണ് അവിടുന്നു ഞങ്ങൾക്കു നല്‌കിയത്. അവിടുന്നു വിശ്വസ്തനായിരുന്നു. ഞങ്ങളാകട്ടെ ദുഷ്ടത പ്രവർത്തിച്ചു. ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരും അവിടുത്തെ നിയമം അനുസരിച്ചില്ല; അവിടുത്തെ കല്പനകളും അവിടുന്നു നല്‌കിയ മുന്നറിയിപ്പും അവഗണിച്ചു. അവിടുന്ന് അവർക്ക് അധീനമാക്കിക്കൊടുത്ത വിസ്തൃതവും ഫലപുഷ്‍ടിയുള്ളതുമായ സ്വന്തം ദേശത്ത് അവിടുന്നു നല്‌കിയ നന്മകൾ അനുഭവിക്കുമ്പോഴും അവർ അങ്ങയെ സേവിച്ചില്ല. അവർ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ഉപേക്ഷിച്ചുമില്ല. ഞങ്ങൾ ഇന്ന് അടിമകളാണ്; സൽഫലങ്ങളും നന്മകളും അനുഭവിക്കാൻ ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു ഞങ്ങൾ ഇന്ന് അടിമകളാണ്. ഞങ്ങളുടെ പാപങ്ങൾ നിമിത്തം അവിടുന്നു ഞങ്ങളുടെമേൽ അധീശരാക്കിയിരിക്കുന്ന രാജാക്കന്മാർ ഈ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കുന്നു. ഞങ്ങളുടെയും ഞങ്ങളുടെ കന്നുകാലികളുടെയുംമേൽ എന്തും പ്രവർത്തിക്കാനുള്ള അധികാരം അവർക്കുണ്ട്. ഞങ്ങൾ വലിയ കഷ്ടതയിൽ ആയിരിക്കുന്നു.
നെഹെമ്യാവ് 9:32-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർ രാജാക്കന്മാരുടെ കാലം മുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും അങ്ങേയുടെ സർവ്വജനത്തിനും നേരിട്ട കഷ്ടങ്ങളൊക്കെയും അങ്ങേക്ക് ലഘുവായി തോന്നരുതേ. എന്നാൽ ഞങ്ങൾക്ക് ഭവിച്ചതിൽ ഒക്കെയും അങ്ങ് നീതിമാൻ തന്നെ; അങ്ങ് വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു. ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും അങ്ങേയുടെ ന്യായപ്രമാണം അനുസരിച്ച് നടന്നിട്ടില്ല; അങ്ങേയുടെ കല്പനകളും അങ്ങ് അവരോട് സാക്ഷീകരിച്ച സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല. അവർ തങ്ങളുടെ രാജത്വത്തിലും അങ്ങ് അവർക്ക് കൊടുത്ത വലിയ നന്മകളിലും അങ്ങ് അവർക്ക് അധീനമാക്കിക്കൊടുത്ത വിശാലതയും ഫലപുഷ്ടിയുമുള്ള ദേശത്തിലും അങ്ങയെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികൾ വിട്ട് തിരിഞ്ഞിട്ടുമില്ല. “ഇതാ, ഞങ്ങൾ ഇന്ന് ദാസന്മാർ; അങ്ങ് ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് ഫലവും ഗുണവും അനുഭവിക്കുവാൻ കൊടുത്ത ഈ ദേശത്ത് തന്നെ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു. ഞങ്ങളുടെ പാപങ്ങൾ നിമിത്തം അങ്ങ് ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർ അതിലെ വിളവുകൾ എടുക്കുന്നു; അവർ തങ്ങൾക്ക് ബോധിച്ചതുപോലെ ഞങ്ങളിലും ഞങ്ങളുടെ കന്നുകാലികളിലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.”
നെഹെമ്യാവ് 9:32-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും നിന്റെ സർവ്വജനത്തിന്നും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ. എന്നാൽ ഞങ്ങൾക്കു ഭവിച്ചതിൽ ഒക്കെയും നീ നീതിമാൻ തന്നേ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു. ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്റെ സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല. അവർ തങ്ങളുടെ രാജത്വത്തിലും നീ അവർക്കു കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവർക്കു അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല. ഇതാ, ഞങ്ങൾ ഇന്നു ദാസന്മാർ; നീ ഞങ്ങളുടെ പിതാക്കന്മാർക്കു ഫലവും ഗുണവും അനുഭവിപ്പാൻ കൊടുത്ത ഈ ദേശത്തു തന്നേ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു. ഞങ്ങളുടെ പാപങ്ങൾനിമിത്തം നീ ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർക്കു അതു വളരെ അനുഭവം കൊടുക്കുന്നു; അവർ തങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.
നെഹെമ്യാവ് 9:32-37 സമകാലിക മലയാളവിവർത്തനം (MCV)
“അതുകൊണ്ട് ഞങ്ങളുടെ ദൈവമേ, സ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന വലിയവനും ശക്തനും ഭയങ്കരനുമായ ദൈവമേ, ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാർ, അധിപതിമാർ, പുരോഹിതന്മാർ, പ്രവാചകന്മാർ, പിതാക്കന്മാർ എന്നിവരും ചേർന്ന അങ്ങയുടെ ജനം, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇപ്പോൾവരെ സഹിക്കുന്ന കഷ്ടതകളൊന്നും ലഘുവായി കാണരുതേ. ഞങ്ങൾക്കു സംഭവിച്ച സകലത്തിലും അങ്ങ് നീതിമാനായിരുന്നു; ഞങ്ങൾ തെറ്റു ചെയ്തപ്പോഴും അങ്ങ് വിശ്വസ്തനായിരുന്നു; ഞങ്ങളുടെ രാജാക്കന്മാരും അധിപതികളും പുരോഹിതന്മാരും പിതാക്കന്മാരും അങ്ങയുടെ ന്യായപ്രമാണം പാലിക്കുകയോ അങ്ങ് നൽകിയ കൽപ്പനകളും നിയമവ്യവസ്ഥകളും ചെവിക്കൊള്ളുകയോ ചെയ്തില്ല. അങ്ങ് നൽകിയ വലിയ നന്മകളും അവരുടെമുമ്പാകെവെച്ച വിശാലവും സമൃദ്ധവുമായ ദേശവും അനുഭവിച്ചുകൊണ്ട് അവർ തങ്ങളുടെ രാജ്യത്തിലായിരുന്നപ്പോൾ പോലും അങ്ങയെ സേവിക്കുകയോ തങ്ങളുടെ ദുഷ്‌പ്രവൃത്തി വിട്ടുതിരിയുകയോ ചെയ്തില്ല. “എന്നാൽ ഇതാ, ഇന്നു ഞങ്ങൾ അടിമകളാണ്. ഇതിലെ ഫലവും മറ്റു നന്മകളും അനുഭവിക്കേണ്ടതിന് ഞങ്ങളുടെ പിതാക്കന്മാർക്ക് അങ്ങ് നൽകിയ ഈ ദേശത്ത് ഞങ്ങൾ അടിമകളായിക്കഴിയുന്നു. ഞങ്ങളുടെ പാപങ്ങൾനിമിത്തം, ഞങ്ങളുടെ മേൽവിചാരകരായി അങ്ങ് നിയോഗിച്ച രാജാക്കന്മാർ ഇതിലെ സമൃദ്ധമായ വിളവുകൾ എടുക്കുന്നു; ഞങ്ങളുടെ ദേഹത്തിന്മേലും കന്നുകാലികളുടെമേലും അവരുടെ ഇഷ്ടംപോലെ അധികാരം നടത്തുന്നു; ഞങ്ങളോ, വലിയ ദുരിതത്തിലായിരിക്കുന്നു.